Connect with us

National

ലൗ ജിഹാദ് ആരോപിച്ച് നവ വധു-വരന്‍മാര്‍ക്കെതിരെ യു പി പോലീസിന്റെ ക്രൂരത

Published

|

Last Updated

ലഖ്നൗ | ലൗ ജിഹാദിന്റെ പേര് പറഞ്ഞ് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷ വേട്ട തുടരുന്നു. യു പി യിലെ കുശ്‌നഗറില്‍ നിന്നാണ് പുതിയ റിപ്പോര്‍ട്ട്. വിവാഹ വേദിയില്‍വെച്ച് കഴിഞ്ഞ ദിവസം നവ വധു- വരന്മാരെ ലൗ ജിഹാദ് ആരോപിച്ച് പോലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചതാണ് പരാതി. മുസ്ലിമാണെന്ന് അറിയിച്ചിട്ടും ഒരു ദിവസത്തോളം സ്‌റ്റേഷനില്‍ നിര്‍ത്തി മര്‍ദിക്കുകയായിരുന്നു.

വിവാഹം നടക്കുന്ന സ്ഥലത്ത് എത്തി ആദ്യം ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരെത്തി ഭീഷണിപ്പെടുത്തി. പിന്നാലെ പോലീസ് എത്തി പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്ന് വരാനായ ഹൈദര്‍ അലി പ്രതികരിച്ചു. തന്റേത് ഒരു പ്രണയ വിവാഹമായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ പലരും എത്തിയിരുന്നില്ല. എന്നാല്‍ വിവാഹം നടക്കുന്നതിന് മുമ്പായി പോലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ തുകല്‍ ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും മണിക്കൂറുകളോളം പീഡിപ്പിക്കുകയും ചെയ്തുവെന്നും ഹൈദര്‍ അലി പറഞ്ഞു.

മുസ്ലിങ്ങളാണെന്ന് തെളിയിക്കാന്‍ യുവതിയുടെ ബന്ധുക്കള്‍ സ്റ്റേഷനിലേക്ക് ആധാര്‍ കാര്‍ഡ് അയച്ച് നല്‍കുകയും വീഡിയോ കോള്‍ ചെയ്യുകയും ചെയത് ശേഷമാണ് വിട്ടയച്ചത്.

Latest