Ongoing News
കടുത്ത പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ് സിയെ തോല്‍പ്പിച്ച് മുംബൈ

ബാംബോലിം | ഐ എസ് എല്ലില്‍ ഇന്ന് നടന്ന ആവേശപ്പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ് സിക്കു ജയം. ചെന്നൈയിന്‍ എഫ് സിക്കെതിരെ 2-1നാണ് മുംബൈ വിജയം സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് മുംബൈ രണ്ടു ഗോള്‍ തിരിച്ചടിച്ചത്. 40 ാം മിനുട്ടിലായിരുന്നു ചെന്നൈയിന്റെ ഗോള്‍. ജാക്കൂബ് സില്‍വസ്റ്ററാണ് ഗോള്‍ നേടിയത്. മുംബൈ പ്രതിരോധത്തെ കീറിമുറിച്ച് കടന്ന ലാലിയന്‍സുല ചാംഗ്‌തെ നല്‍കിയ പാസ് സില്‍വസ്റ്റര്‍ വലയിലാക്കുകയായിരുന്നു.
ആദ്യ പകുതിയുടെ അധിക സമയത്ത് മുംബൈ ഗോള്‍ മടക്കി. ഹ്യൂഗോ ബോമസ് എടുത്ത കോര്‍ണര്‍ കിക്ക് മികച്ച ഹെഡറിലൂടെ ഹെര്‍നന്‍ സന്റാനെ ഗോളാക്കി മാറ്റി.
75 ാം മിനുട്ടില്‍ ആദം ലേ ഫോന്‍ഡ്രെ മുംബൈയുടെ വിജയ ഗോള്‍ നേടി. അഹമ്മദ് ജാഹു എടുത്ത ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ബോക്സിലെത്തിയ പന്ത് ബോര്‍ഗസ് ഹെഡറിലൂടെ ഹ്യൂഗോ ബോമസിന് കൈമാറി. ബോമസ് ഹെഡറിലൂടെ തന്നെ ഫോന്‍ഡ്രെക്ക് നല്‍കി. ഫോന്‍ഡ്രെയുടെ വിദഗ്ധമായ ഷോട്ട് ഗോളിയെ നിസ്സഹായനാക്കി വലയില്‍ തറച്ചു.