Connect with us

Kollam

കൊല്ലം പിടിക്കാൻ മുന്നണികൾ ഒപ്പത്തിനൊപ്പം

Published

|

Last Updated

കൊല്ലം | പ്രചാരണം അവസാന ദിവസത്തിലെത്തിയപ്പോൾ കൊല്ലം പിടിക്കാൻ മുന്നണികൾ ഒപ്പത്തിനൊപ്പം കരുത്ത് കാട്ടുന്ന നിലയാണ്. സ്ഥാനാർഥികൾ പര്യടനവും റോഡ് ഷോയുമെല്ലാം നടത്തി പ്രചാരണത്തിന് കൊഴുപ്പേകി. സംസ്ഥാന നേതാക്കളും ജില്ലയിലെത്തിയതോടെ ആരോപണ പ്രത്യാരോപണങ്ങളുടെ ദിനങ്ങളായിരുന്നു കഴിഞ്ഞുപോയത്.
കേന്ദ്രമന്ത്രി വി മുരളീധരൻ, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. മന്ത്രി തോമസ് ഐസക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി ജെ പി സംസ്ഥാന പ്രസിഡന്റ്് കെ സുരേന്ദ്രൻ എന്നിവരും ജില്ലയിൽ പ്രചാരണത്തിന് എത്തിയിരുന്നു.

അതേസമയം, മുമ്പുണ്ടായിരുന്ന അവസ്ഥക്ക് മാറ്റം ഉണ്ടാക്കാനുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊന്നും യു ഡി എഫിന് പുറത്തിറക്കാനായിട്ടില്ലെന്നാണ് ഇടതുപക്ഷം കരുതുന്നത്. കോർപറേഷനിലും ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മേധാവിത്വം അരക്കിട്ടുറപ്പിക്കാനും അട്ടിമറിക്ക് വഴിയൊരുക്കാനുമുള്ള ദൃഢനിശ്ചയത്തിലാണ് മുന്നണികൾ. അതേസമയം, നിലവിലുള്ള ഡിവിഷനുകൾ സുരക്ഷിത കരുതൽ നിക്ഷേപമാക്കി മാറ്റി വെച്ച ശേഷം ശേഷിക്കുന്നവ കൂടി കൈപ്പിടിയിലൊതുക്കാനുള്ള അവസാന ശ്രമത്തിലാണ് എൽ ഡി എഫ്. ഇതിനായി കരുതലോടെ തന്നെ പ്രചാരണ പരിപാടികളുമായി ജില്ലയിൽ ഇളക്കം സൃഷ്ടിക്കാൻ എൽ ഡി എഫിന് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ സമ്പൂർണ ആധിപത്യമായിരിക്കും എൽ ഡി എഫ് നേടുകയെന്ന് സി പി എം നേതൃത്വം അഭിപ്രായപ്പെട്ട് കഴിഞ്ഞു. മുഖ്യമന്ത്രി പ്രചാരണ പരിപാടികളിൽ സജീവമാകുന്നില്ലായെന്നും അഴിമതിയുടെ കറ പുരണ്ടതാണെന്നുമുള്ള ആരോപണം അവസാന ദിവസങ്ങളിൽ യു ഡി എഫും ബി ജെ പിയും ഒരു പോലെ മുന്നോട്ട് വെക്കുന്നുണ്ട്. എന്നാൽ അത് എത്രത്തോളം ജനങ്ങളിലേക്കെത്തിക്കാൻ കഴിഞ്ഞെന്ന ചോദ്യം ബാക്കിയാവുന്നു.

സ്വർണക്കടത്തും, മയക്ക് മരുന്ന് കേസുകളുമെല്ലാം കുടുംബ യോഗങ്ങളിലടക്കം യു ഡി എഫ് പ്രധാന വിഷയമാക്കുന്നുണ്ട്. ശബരിമല, പ്രധാനമന്ത്രിയുടെ ജന സേവന പദ്ധതികൾ എന്നിവയാണ് ബി ജെ പി ജില്ലയിൽ പ്രചാരണത്തിന് വിഷയമാക്കുന്നത്. ബി ജെ പിയുടെ വോട്ട് നിലയിൽ മുൻകാലത്തേക്കാൾ കാര്യമായ വർധനവുണ്ടാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഏത് മുന്നണിക്കാണ് വോട്ട് ചോർച്ചയുണ്ടാക്കി ബി ജെ പി കൂടുതൽ ഭീഷണിയാവുമെന്നുള്ളതറിയാൻ ഫല പ്രഖ്യാപന ദിവസം വരെ കാത്തിരിക്കേണ്ടി വരും.

Latest