Ongoing News
രണ്ടാം ഏകദിനവും ഇന്ത്യ തോറ്റു; പരമ്പര ഓസീസിന്

സിഡ്നി | ആസ്‌ത്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും തോല്‍വി വഴങ്ങി ഇന്ത്യ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസീസ് സ്വന്തമാക്കി. 52 റണ്‍സിനാണ് ടീം ഇന്ത്യ പരാജയം രുചിച്ചത്. ടി ട്വന്റിയെ അനുസ്മരിപ്പിക്കും വിധം തകര്‍ത്താടിയ സ്റ്റീവ് സ്മിത്തിന്റെ ശതകത്തിന്റെ ബലത്തില്‍ ഓസീസ് 389 റണ്‍സാണ് അടിച്ചുകൂട്ടിയത്. 390 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് അമ്പതോവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നായകന്‍ വിരാട് കോലിയും (89) കെ എല്‍ രാഹുലും (76) വീരോചിതം പോരാടിയെങ്കിലും വിജയം സ്വന്തമാക്കാനായില്ല.
കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്നതിന്റെ ആശങ്കയൊന്നും കാണിക്കാതെ ബാറ്റു വീശിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. മായങ്ക് അഗര്‍വാള്‍ (28)- ശിഖര്‍ ധവാന്‍ (30) ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 58 റണ്‍സാണ് പിറന്നത്. പിന്നീട് ഒത്തുചേര്‍ന്ന വിരാട് കോലി-ശ്രേയസ് അയ്യര്‍ സഖ്യവും മികച്ച പ്രകടനം പുറത്തെടുത്തു. ശ്രേയസ് 38 റണ്‍സ് നേടി. നാലാം വിക്കറ്റില്‍ കെ എല്‍ രാഹുലിനൊത്ത് കോലി 72 റണ്‍സ് കൂടി സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. 66 പന്തില്‍ 76 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. ഹാര്‍ദിക് പാണ്ഡ്യ 28ഉം, രവീന്ദ്ര ജഡേജ 24 ഉം റണ്‍സ് നേടി. പാറ്റ് കമ്മിന്‍സ് മൂന്നും, ജോഷ് ഹേസല്‍വുഡ്, അദം സാംപ എന്നിവര്‍ രണ്ടു വീതവും മോയ്‌സസ് ഹെന്‍ റിക്വസ്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ കൊയ്തു.
നേരത്തേ, 64 പന്തിലാണ് സ്റ്റീവ് 104 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചത്. ഡേവിഡ് വാര്‍ണര്‍ (77ല്‍ 83), ആരോണ്‍ ഫിഞ്ച് (69ല്‍ 60), മാമസ് ലബുഷാനെ (61ല്‍ 70), ഗ്ലെന്‍ മാക്‌സ്വെല്‍ (29ല്‍ 63) എന്നിവരും കിടിലന്‍ പ്രകടനം കാഴ്ചവച്ചു. ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി, ജസ്പ്രിത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.