Connect with us

Editorial

ചൈനയും പാക്കിസ്ഥാനും മാത്രമോ ശത്രുക്കൾ?

Published

|

Last Updated

ചൈനയുടെ അപകടകരമായ കരുനീക്കങ്ങളെക്കുറിച്ച് ഇന്ത്യക്കു മുന്നറിപ്പ് നൽകുന്നതാണ് യു എസ് വിദേശകാര്യ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. ഇന്ത്യയുടെ വളർച്ചയെ ചൈന ശത്രുതയോടെയാണ് കാണുന്നതെന്നും യു എസ് അടക്കമുള്ള ജനാധിപത്യ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിത്തത്തിന് തടയിടാൻ ചൈന ശ്രമിക്കുന്നതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. അമേരിക്കക്ക് പകരം ലോകത്തെ ഒന്നാമത്തെ ശക്തിയാകുക എന്നതാണ് ചൈനയുടെ ലക്ഷ്യമെന്ന് പറയുന്ന റിപ്പോർട്ടിൽ, മേഖലയിലെ പല രാജ്യങ്ങളുടെയും സാമ്പത്തിക, സുരക്ഷാ, സ്വയംഭരണ താത്പര്യങ്ങൾക്ക് ചൈന തുരങ്കം വെക്കുന്നതായി ആരോപിക്കുന്നു. ലോക വൻശക്തിയാകാനുള്ള മത്സരത്തിന് തുടക്കമിട്ട ചൈന യു എസ്, ജപ്പാൻ, ആസ്‌ത്രേലിയ തുടങ്ങി ജനാധിപത്യ രാജ്യങ്ങളുമായി ഇന്ത്യക്കുള്ള തന്ത്രപ്രധാന ബന്ധങ്ങൾ ശിഥിലമാക്കാൻ ലക്ഷ്യമിടുന്നതായും ഇക്കാര്യങ്ങൾ യു എസ് അടക്കമുള്ള രാജ്യങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതൊരു പുതിയ വിവരമല്ല, മുമ്പ് വാജ്പയി മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായിരിക്കെ ജോർജ് ഫെർണാണ്ടസ് ചൈന ഇന്ത്യക്ക് സൃഷ്ടിക്കുന്ന ഭീഷണി ചൂണ്ടിക്കാണിച്ചിരുന്നു. “പാക്കിസ്ഥാനേക്കാൾ ഇന്ത്യക്ക് ഭീഷണി ചൈനയാണ്. ഇന്ത്യയുടെ ഒന്നാമത്തെ ശത്രു ചൈനയാണ്”എന്നായിരുന്നു ജോർജ് ഫെർണാണ്ടസ് പ്രസ്താവിച്ചത്. പലർക്കും അന്ന് അത് ദഹിച്ചില്ല. അവർ ഈ പ്രസ്താവനക്കെതിരെ കോലാഹലങ്ങൾ സൃഷ്ടിച്ചു. പക്ഷേ കാലം അദ്ദേഹത്തിന്റെ പ്രസ്താവനയെ ശരിവെച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ മുഖ്യശത്രു ആരെന്ന ചോദ്യമുയരുമ്പോൾ, സംഘ്പരിവാറുകാരുടെയും അവരെ തുണക്കുന്ന അർണബ് ഗോസ്വാമി പോലുള്ള മാധ്യമ പ്രവർത്തകരുടെയും വിരലുകൾ നീളുന്നത് പാക്കിസ്ഥാന് നേർക്കാണ്. പാക്കിസ്ഥാനെ കരുവാക്കി ഇന്ത്യൻ മുസ്‌ലിംകളെയും ഇവർ ശത്രുവിന്റെ പട്ടികയിൽപ്പെടുത്തുന്നു. എന്നാൽ പാക്കിസ്ഥാനേക്കാൾ ഇന്ത്യക്കു കടുത്ത ഭീഷണി ചൈനയാണ്. ഇന്ത്യൻ പ്രദേശങ്ങൾ കൈയടക്കി വെച്ചിരിക്കുന്ന ഏക അയൽ രാജ്യമാണ് ചൈന. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്ക് ചൈനയുടെ നിർലോഭമായ സഹായം ലഭിക്കുന്നതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയതാണ്. വടക്കുകിഴക്കൻ മേഖലയെ അസ്ഥിരപ്പെടുത്തി ഇന്ത്യയിൽ നിന്ന് ഈ പ്രദേശങ്ങളെ തട്ടിയെടുക്കുകയെന്ന ഒളിയജൻഡയുടെ ഭാഗമാണിതെന്നാണ് കരുതപ്പെടുന്നത്.

എന്നാൽ ചൈനയും പാക്കിസ്ഥാനും മാത്രമല്ല ഇന്ത്യയുടെ ശത്രുക്കൾ. പ്രത്യക്ഷത്തിൽ സൗഹൃദം നടിക്കുകയും അകമേ ശത്രുത വെച്ചു പുലർത്തുകയും ഇന്ത്യയുടെ വളർച്ചക്ക് ഇടങ്കോലിടുകയും ചെയ്യുന്ന രാജ്യങ്ങൾ വേറെയുമുണ്ട്. ഇക്കാര്യത്തിൽ മുൻപന്തിയിലാണ് അമേരിക്ക. സാമ്പത്തികമായും യഥേഷ്ടം ആയുധങ്ങൾ നൽകിയും അമേരിക്ക പാക്കിസ്ഥാനെ സഹായിച്ചിട്ടുണ്ടെന്നത് വെളിപ്പെട്ട സത്യമാണ്. ഇന്ത്യക്ക് ഭീഷണിയായി പാക്കിസ്ഥാനെ വളർത്തുകയും അതിർത്തി എന്നും സംഘർഷ ഭരിതമാക്കി അസ്ഥിരത സൃഷ്ടിച്ചു ഇന്ത്യയുടെ വളർച്ച മുരടിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. പാക് ചാര സംഘടനയായ ഐ എസ് ഐക്ക് പലപ്പോഴും അമേരിക്കൻ ചാരസംഘടനയായ സി ഐ എയുടെ പരിശീലനം ലഭിച്ചിട്ടുണ്ട്.

അതിർത്തി പ്രദേശങ്ങളിലും പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിലും തീവ്രവാദികളെ വളർത്തിയെടുത്തു ഇന്ത്യയിൽ അസ്ഥിരത സൃഷടിക്കുന്നതിനു അമേരിക്ക നടത്തിയ ശ്രമങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ “റോ”യിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ബി രാമൻ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ “കൗ ബോയ്‌സ് ഓഫ് റോ, ഡൗൺ ദ മെമ്മറി ലൈൻ” എന്ന പുസ്തകത്തിലാണ് പഞ്ചാബിൽ തീവ്രവാദം വളർത്താൻ അമേരിക്കയും പാക്കിസ്ഥാനും ചേർന്ന് ഗൂഢ പദ്ധതി നടപ്പാക്കിയ കാര്യ തുറന്നു പറയുന്നത്. അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്‌സന്റെ കാലത്ത് തുടങ്ങിയ ഈ അമേരിക്കൻ- പാക്കിസ്ഥാൻ ഗൂഢ പദ്ധതി 1984ൽ ഇന്ദിരാ ഗാന്ധിയുടെ മരണം വരെ തുടർന്നതായും ഖാലിസ്ഥാൻ വാദത്തിലൂടെ ഇന്ത്യയുടെ സ്ഥിരത നശിപ്പിക്കുകയായിരുന്നു അമേരിക്കയുടെയും പാക്കിസ്ഥാന്റെയും ഉദ്ദേശ്യമെന്നും രാമൻ പറയുന്നു. സിഖ് കലാപത്തെ നയിച്ചിരുന്ന ജഗദ്ജിത് സിംഗ് ചൗഹാനെ പാക്കിസ്ഥാൻ സൈനിക ഭരണാധികാരി യഹ്‌യാ ഖാൻ സ്വദേശത്ത് ക്ഷണിച്ചു ആദരിച്ചിരുന്നതായും അവിടെ വെച്ചു യഹ്‌യാഖാൻ നൽകിയ സിഖ് മതവുമായി ബന്ധപ്പെട്ട പുരാതന വസ്തുക്കൾ ചൗഹാൻ ബ്രിട്ടനിലേക്ക് കൊണ്ടു പോയെന്നും രാമൻ പുസ്തകത്തിൽ വിവരിക്കുന്നു.
അതിർത്തിയിലെ സംഘർഷത്തിന്റെ ഗുണഭോക്താക്കൾ പാക്കിസ്ഥാൻ മത്രമല്ല, അമേരിക്കയിലേതുൾപ്പെടെയുള്ള വൻകിട ആയുധ കച്ചവടക്കാർ കൂടിയാണെന്ന കാര്യവും ഇതോട് ചേർത്തു മനസ്സിലാക്കേണ്ടതുണ്ട്. അതിർത്തി ഭീഷണി നേരിടാൻ വൻതോതിലാണ് ഇന്ത്യ അമേരിക്കയിൽ നിന്ന് ആയുധങ്ങൾ വാങ്ങിക്കൂട്ടിയത്.

മിസൈൽ ഉൾപ്പെടെയുള്ള 1,200 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ അമേരിക്കയുമായി ഇന്ത്യ പുതുതായി ഒപ്പിട്ടത് ആറ് മാസം മുമ്പാണ്. അമേരിക്കയുമായുള്ള ഇന്ത്യയുടെ ഇതര വാണിജ്യ കരാറുകൾ വിശകലനം ചെയ്താലും അതിന്റെ യഥാർഥ ഗുണഭോക്താക്കൾ അമേരിക്കയാണെന്ന് മനസ്സിലാകും. ഇന്ത്യക്കു കാര്യമായ നേട്ടമുണ്ടാകാറില്ല. മോദിയെ ട്രംപ് വാനോളം പുകഴ്ത്തുകയും ഇന്ത്യയും അമേരിക്കയും സ്വാഭാവിക വ്യാപാര പങ്കാളികളാണെന്ന് ട്രംപ് ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്യുന്നതിനിടെയായിരുന്നുവല്ലോ യു എസിലേക്കുള്ള കയറ്റമതിക്ക് അനുവദിച്ചിരുന്ന നികുതി ഇളവും വികസ്വര രാഷ്ട്ര പദവിയും അമേരിക്ക എടുത്തു കളഞ്ഞത്. ഈ സാഹചര്യത്തിൽ ചൈനക്കെതിരെ മാത്രമല്ല ഇന്ത്യ ജാഗ്രത കൈക്കൊള്ളേണ്ടത് അമേരിക്കക്കെതിരെയും കൂടിയാണ്.