Connect with us

Kerala

കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ച് മേഴ്‌സിക്കുട്ടന്‍

Published

|

Last Updated

തിരുവനന്തപുരം | സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചെന്നും കൗണ്‍സില്‍ പ്രസിഡന്റിന്റെ പി എക്ക് സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്നും ആരോപണം ഉന്നയിച്ച ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടനാണ് നോട്ടീസ് അയച്ചത്. 15 ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പു പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 31ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുരേന്ദ്രന്‍ വിവാദ പരാമര്‍ശം നടത്തിയത്. മേഴ്‌സിക്കുട്ടന്റെ പി എ സിപി എം നോമിനിയാണ്. നിരവധി തവണ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കാര്‍ വിമാനത്താവളത്തിലേക്കും അവിടെനിന്ന് ശിവശങ്കറിന്റെ ഓഫീസിലേക്കും വീട്ടിലേക്കും പോയിട്ടുണ്ട്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ദിവസം സ്വര്‍ണവുമായി തിരുവനന്തപുരത്തുനിന്ന് ഈ കാര്‍ ബെംഗളൂരുവിലേക്ക് പോയി തുടങ്ങിയ ആരോപണങ്ങളായിരുന്നു സുരേന്ദ്രന്‍ നടത്തിയത്.