സുശീല്‍ കുമാര്‍ മോദിയെ മാറ്റി; തര്‍കിഷോര്‍ പ്രസാദ് ബീഹാര്‍ ഉപമുഖ്യമന്ത്രിയാകും

Posted on: November 15, 2020 6:34 pm | Last updated: November 15, 2020 at 6:34 pm

പറ്റ്‌ന | ബീഹാറില്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് പുതിയെ ആളെ കൊണ്ടുവരാന്‍ ബിജെപി തീരുമാനം. നിലവിലെ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയെ മാറ്റി തര്‍കിഷോര്‍ പ്രസാദിനെ ഉപമുഖ്യമന്ത്രയായി നിയമിക്കും. തര്‍കിഷോറിനെ ബിജെപിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. സുശീല്‍കുമാറിന് കേന്ദ്ര മന്ത്രി സ്ഥാനം നല്‍കുവാനാണ് പാര്‍ട്ടി തീരുമാനം.

കൈതാര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് തര്‍കിഷോര്‍. ബിജെപി പാര്‍ലിമെന്‌ററി പാര്‍ട്ടി യോഗം ഏകകണ്ഠമായാണ് അദ്ദേഹത്തെ നേതാവായി തിരഞ്ഞെടുത്തത്. തന്നിലര്‍പ്പിതമായ ഉത്തരവാദിത്വം പരമാവധി നിറവേറ്റുമെന്ന് തര്‍കിഷോര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടക്ക് ബിജെപിയും സംഘ് പരിവാറും ഒരു പാട് കാര്യങ്ങള്‍ തനിക്ക് ചെയ്തുതന്നിട്ടുണ്ടെന്നും തന്നെ ഏല്‍പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ ഇനിയും നിറവേറ്റുമെന്നും സുശീല്‍കുമാര്‍ മോദി ട്വീറ്റ് ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന പദവി എടുത്തുമാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.