Connect with us

National

2024ലെ പൊതുതിരഞ്ഞെടുപ്പിന് ഒരു മുഴം നീട്ടിയെറിഞ്ഞ് ബിജെപി; 'ഭാരത യാത്ര'യുമായി ജെ പി നദ്ദ

Published

|

Last Updated

ന്യൂഡല്‍ഹി | 2024ലെ പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇപ്പോഴെ നിലമൊരുക്കല്‍ തുടങ്ങി ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ നൂറ് ദിവസത്തെ “ഭാരത യാത്ര” നടത്തും. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് സ്ഥിതി വിലയിരുത്തി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് ബിജെപി കേന്ദ്രങ്ങള്‍ പറയുന്നു. രാഷ്ട്രീയ വിസ്തൃത് പ്രവാസ് എന്ന പേരിലാകും പര്യടനം.

2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയിക്കാന്‍ സാധിക്കാതെപോയ സീറ്റുകളില്‍ 2024ല്‍ എങ്ങനെ വിജയിക്കാമെന്ന് പഠിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ഇതിനായി ഇത്തരം മണ്ഡലങ്ങളുടെ ലിസ്റ്റ് പാര്‍ട്ടി തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്ത് എല്ലായിടത്തും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ബിജെപി ഉന്നമിടുന്നത്.

കൊവിഡ് സാഹചര്യവും നിയന്ത്രണങ്ങളും കണക്കിലെടുത്ത് ജെപി നദ്ദ പങ്കെടുക്കുന്ന പരിപാടിയില്‍ 200ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് വിവിധ സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യോഗം നടക്കുന്ന ഹാളില്‍ താപപരിശോധന, സാനിറ്റൈസര്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയവ നിര്‍ബന്ധമാണ്.

വിവിധ സംസ്ഥാനങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ കാറ്റഗറികളാക്കി തിരിച്ചാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ബിജെപി മുഖ്യ ഘടകക്ഷിയായ നാഗാലാന്‍ഡ്, ബീഹാര്‍, കര്‍ണാടക, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളാണ് കാറ്റഗറി എയില്‍ വരുന്നത്. ബിജെപി അധികാരത്തില്‍ ഇല്ലാത്ത രാജസ്ഥാന്‍, ചത്തിസ്ഗഢ്, മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളാണ് കാറ്റഗറി ബി. ലക്ഷദ്വീപ്, മേഘാലയ, മിസ്സോറാം തുടങ്ങിയ ചെറു സംസ്ഥാനങ്ങള്‍ സി കാറ്റഗറിയിലും ഉടന്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ഡി കാറ്റഗറിയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഉത്തര്‍പ്രദേശ് ഒഴികെ സി കാറ്റഗറില്‍ പെട്ട സംസ്ഥാനങ്ങളില്‍ രണ്ട് ദിവസവും എ, ബി കാറ്റഗറിയില്‍ വരുന്ന സംസ്ഥാനങ്ങളില്‍ മൂന്ന് ദിവസവും ജെപി നദ്ദ തങ്ങും. ഉത്തര്‍പ്രദേശില്‍ എട്ട് ദിവസത്തെ പര്യടനമാണ് ലക്ഷ്യമിടുന്നത്.

Latest