Pathanamthitta
ആശുപത്രിയുടെ ഉദ്ഘാടന വേദിയില്‍ സംഘര്‍ഷം.; പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ കുഴഞ്ഞുവീണു

പത്തനംതിട്ട | പത്തനംതിട്ട നഗരസഭ എന്‍യുഎച്ച്എം ആശുപത്രിയുടെ ഉദ്ഘാടന വേദിയില്‍ സംഘര്‍ഷം.
രാവിലെ കുമ്പഴയില്‍ ആശുപത്രി ഉദ്ഘാടനത്തിനെതിരെ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. പണി പൂര്‍ത്തിയാക്കാത്ത ആശുപത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെയായിരുന്നു പ്രതിഷേധം. കൗണ്‍സിലര്‍മാര്‍ക്കൊപ്പം ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ കൂടി അണിചേര്‍ന്നതോടെ സംഘര്‍ഷം ഉടലെടുത്തു.
നഗരസഭ മുന്‍ അധ്യക്ഷര്‍ കൂടിയായ അമൃതം ഗോകുലം, ടി സക്കീര്‍ ഹുസൈന്‍, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി കെ അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്ഘാടന വേദിയിലേക്ക് മാര്‍ച്ച് നടത്തി.
ഇതിനിടെ വേദിയിലേക്ക് ഇവര്‍ മാര്‍ച്ച് നടത്തി. ഇത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഉന്തിനും തള്ളിനും കാരണമായി. സ്ഥലത്തുണ്ടായിരുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ സംരക്ഷകരായി രംഗത്തെത്തി. ഇതിനിടെ ഉദ്ഘാടനത്തിനെത്തിച്ച നിലവിളക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ എടുത്തുകൊണ്ടുപോയി. പോലീസ് ഇടപെട്ട് വിളക്ക് തിരികെയെത്തിച്ചെങ്കിലും ചെയര്‍പേഴ്സണ്‍ മെഴുകുതിരി തെളിച്ച് ഉദ്ഘാടനം നടന്നതായി പ്രഖ്യാപിച്ചു.
ഇതിനിടെയില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. വേദിയിലുണ്ടായിരുന്ന കൗണ്‍സിലര്‍മാരില്‍ പലര്‍ക്കും കമ്പു കൊണ്ട് അടിയേറ്റു. ഇതിനിടെ ചെയര്‍പേഴ്സണ്‍ റോസ്് ലിന്‍ സന്തോഷ് കുഴഞ്ഞുവീണു. ചെയര്‍പേഴ്സണെ ഉടന്‍ തന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.
റോസ്് ലിന്‍ സന്തോഷിന്റെ തലയ്ക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. വൈസ് ചെയര്‍മാന്‍ എ സഗീര്‍, കൗണ്‍സിലര്‍മാരായ സിന്ധു അനില്‍, രജനി പ്രദീപ്, സജിനി മോഹന്‍, ബീന ഷെരിഫ്, കെ ജാസിംകുട്ടി, മുന്‍ കൗണ്‍സിലര്‍ കെ ആര്‍ അരവിന്ദാക്ഷന്‍ നായര്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവരും ആശുപത്രിയില്‍ ചികിത്സയിലാണ്. മറുപക്ഷത്ത് കൗണ്‍സിലര്‍മാരായ ശോഭ കെ മാത്യു, ശുഭകുമാര്‍, പി കെ അനീഷ്, എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ പി ആര്‍ പ്രകാശ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.