രാജ്യത്തെ കൊവിഡ് കേസ് മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

Posted on: October 27, 2020 10:14 am | Last updated: October 27, 2020 at 12:22 pm

ന്യൂഡല്‍ഹി | കൊവിഡിന്റെ അതിതീവ്ര വ്യാപനത്തില്‍ നിന്നും രാജ്യം മുക്തമാകുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏറ്റവും കുറഞ്ഞ കൊവിഡ് കേസാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടയില്‍ 36,370 കേസും 488 മരണവും മാത്രമാണ് രാജ്യത്തുണ്ടായത്. കഴിഞ്ഞ ജൂലൈ 18ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. കൊവിഡ് വലിയ തോതില്‍ വ്യാപിച്ച മഹാരാഷ്ട്രയിലും ആന്ധ്രയിലുമെല്ലാം രോഗവ്യാപനം ഗണ്യമായി കുറഞ്ഞതാണ് ഇതിന് കാരണം.

രാജ്യത്ത് ഇതിനകം 79.46 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. കൃത്യമായി പറഞ്ഞാല്‍ 79,46,429 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 72,01,070 പേര്‍ രോഗമുക്തി കൈവരിച്ചു. 6,25,857 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കൊവിഡിന്റെ പിടിയില്‍പ്പെട്ട് 1,19,502 പേര്‍ക്കാണ് രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. 4287 പേര്‍ക്കാണ് കേരളത്തില്‍ രോഗമുണ്ടായത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3645 കേസും 84 മരണവുമാണുണ്ടായത്. ആന്ധ്രയില്‍ 1901 കേസും 19 മരണവും കര്‍ണാടകയില്‍ 3130 കേസും 42 മരണവും തമിഴ്‌നാട്ടില്‍ 2708 കേസും 32 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്രയില്‍ 43,348, ആന്ധ്രയില്‍ 6606, കര്‍ണാടകയില്‍ 10,947, തമിഴ്‌നാട്ടില്‍ 10,956, ഉത്തര്‍പ്രദേശില്‍ 6904, ഡല്‍ഹിയില്‍ 6312, ബംഗാളില്‍ 6546, കേരളത്തില്‍ 1352 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.