അവസാന പന്തില്‍ സിക്‌സര്‍; ബെംഗളൂരുവിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ്

Posted on: October 15, 2020 11:40 pm | Last updated: October 16, 2020 at 11:45 am

ഷാര്‍ജ |  ഐ പി എല്ലില്‍ കരുത്തരായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് മിന്നും ജയം. ബെംഗളൂരു ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് പഞ്ചാബ് മറികടന്നത്. എട്ട് വിക്കറ്റിനാണ് പഞ്ചാബിന്റെ ജയം. ക്യാപ്റ്റന്‍ കെ എൽ രാഹുലും മായങ്ക് അഗര്‍വാളും സീസണില്‍ ആദ്യമായി കളത്തിലിറങ്ങിയ ക്രിസ് ഗെയ്ലിന്റെയും തട്ടുപൊളിപ്പന്‍ ഇന്നിംഗ്‌സുകളാണ് പഞ്ചാബിന് ജയം ഒരുക്കിയത്. അവസാന പന്തില്‍ പഞ്ചാബിന് ജയിക്കാന്‍ ഒരു റണ്‍സ് മതിയെന്നിരിക്കെ പന്ത് ഗ്യാലറയിലേക്ക് പറത്തി നിക്കോളാസ് പുരാന്‍ ലക്ഷ്യം കാണുകയായിരുന്നു. 49 രാഹുല്‍ 61 റണ്‍സും 45 പന്തുകളില്‍ ഗെയില്‍ 53 റണ്‍സും കുറിച്ചു.

ടോസ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത ബെംഗളൂര്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 171 റണ്‍സ് കുറിച്ചത്. 39 പന്തുകളില്‍ നിന്നും 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോലിയും അവസാന ഓവറുകളില്‍ അടിച്ചു തകര്‍ച്ച മോറിസുമാണ് ബെംഗളൂരിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് മികച്ച തുടക്കമാണ് ബെംഗളൂരുവിന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 38 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ പതിയെ പഞ്ചാബ് ബൗളര്‍മാര്‍ കളിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഡിവില്ലിയേഴ്സിനെ ആറാമനായി ഇറക്കാനുള്ള കോലിയുടെ ശ്രമം പാളി. അഞ്ച് പന്ത് മാത്രം നേരിട്ട സൂപ്പര്‍ താരത്തിന് രണ്ട് റണ്‍സേ നേടാനായുള്ളു. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത് ഓള്‍റൗണ്ടര്‍ ക്രിസ് മോറിസും ഉദാനയുമാണ് സ്‌കോര്‍ 170 കടത്തിയത്. ഇരുവരും ചേര്‍ന്ന് ഷമിയെറിഞ്ഞ അവസാന ഓവറില്‍ 24 റണ്‍സാണ വാരിയത്. പഞ്ചാബിന് വേണ്ടി ഷമിയും എം അശ്വിനും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് വേണ്ടിമികച്ച കൂട്ടുകെട്ടാണ് ആദ്യവിക്കറ്റില്‍ ക്യാപ്റ്റന്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് നേടിയത്. ഇരുവരും അനായാസം സ്‌കോര്‍ ചലിപ്പിച്ചു. ഇരുവരും ചേര്‍ന്ന് പവര്‍പ്ലേയില്‍ 56 റണ്‍സ് അടിച്ചെടുത്തു. 25 പന്തുകളില്‍ നിന്നും 45 റണ്‍സെടുത്ത മായങ്കിനെ ചാഹലാണ് പുറത്താക്കിയത്. രാഹുലിനൊപ്പം ഒന്നാം വിക്കറ്റില്‍ 78 റണ്‍സാണ് താരം നേടിയത്. പിന്നാലെ ക്രിസ് ഗെയ്ല്‍ ക്രീസിലെത്തി. വളരെ സൂക്ഷിച്ച് ഗെയ്ല്‍ കളിച്ചപ്പോള്‍ വമ്പന്‍ അടികളുമായി രാഹുല്‍ സ്‌കോര്‍ ബോര്‍ഡ് 100 കടത്തി. തൊട്ടുപിന്നാലെ രാഹുല്‍ 37 പന്തുകളില്‍ നിന്നും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. ഈ സീസണില്‍ രാഹുല്‍ നേടുന്ന നാലാം അര്‍ധസെഞ്ചുറിയാണിത്.

ഗെയ്ല്‍ 36 പന്തുകളില്‍ നിന്നും അര്‍ധസഞ്ചുറി സ്വന്തമാക്കി. ഇതിനിടയില്‍ ഗെയ്ല്‍ ഐ പി എല്ലില്‍ 4500 റണ്‍സും പിന്നിട്ടു.എന്നാല്‍ അവസാന ഓവറില്‍ ഗെയില്‍ പുറത്തായത് പഞ്ചാബിന് ചെറിയ സമ്മര്‍ദം ഉണ്ടാക്കിയെങ്കിലും അവസാന പന്ത് സ്ിക്‌സറിന് പറത്തി പുരാന്‍ ഭംഗിയായി ഇന്നിംഗ് അവസാനിപ്പിക്കുകയായിരുന്നു.