Covid19
രാജ്യത്ത് രണ്ട് മാസത്തിനിടെ ഏറ്റവും കുറഞ്ഞ കൊവിഡ് കേസ്

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്നത് വലിയ പ്രതീക്ഷയും ആശ്വാസവുമേകുന്ന വാര്‍ത്തകള്‍. രാജ്യത്തെ കൊവിഡ് കേസുകള്‍ വലിയ രീതിയില്‍ കുറയുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 55,342 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് മാസത്തിനിടയിലുള്ള ഏറ്റവും കുറവ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ദിവസമായിരുന്നു ഇന്നലെ. മരണ നിരക്കിലും കുറവ് കാണപ്പെടുന്നു. ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 706 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത.ദിനേനയുള്ള കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിന് മുകളിലും മരണം ആയിരത്തിന് മുകളിലും പോയതിന് ശേഷമാണ് ഇപ്പോള്‍ കുറഞ്ഞുവരുന്നത്. മഹാരാഷ്ട്രയിലും ആന്ധ്രയിലുമെല്ലാം വലിയ തോതില്‍ കേസുകള്‍ കുറഞ്ഞതാണ് ആശ്വാസത്തിന് ഇടയാക്കുന്നത്.
രാജ്യത്ത് ഇതിനകം 71.75 ലക്ഷം പേര്‍ക്ക് മുകളില്‍ കൊവിഡ് ബാധിച്ചിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ 71,75,880 പേര്‍ വൈറസിന്റെ പിടിയില്‍പ്പെട്ടു. 1,09,856 പേര്‍ വൈറസ് മൂലം മരണപ്പെട്ടു. 62,27,295 പേര്‍ രോഗമുക്തി കൈവരിച്ചു. 8,38,729 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്. കൊവിഡ് വലിയ തോതില്‍ വ്യാപിച്ചിരുന്ന വലിയ നഗരങ്ങളിലെല്ലാം രോഗ നിരക്ക് കുറഞ്ഞുവരുന്നുണ്ട്.
രാജ്യത്ത് കൊവിഡ് കേസുകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7089 കേസുകളും 165 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രയില്‍ 3224 കേസും 32 മരണവും കര്‍ണാടകയില്‍ 7606 കേസും 70 മരണവും തമിഴ്‌നാട്ടില്‍ 4879 കേസും 62 മരണവും കേരളത്തില്‍ 5930 കേസും 22 മരണവും റിപ്പോര്‍ട്ട് ചെയ്തു.