Connect with us

Kerala

സനൂപ് വധം: അന്വേഷണത്തിന് പ്രത്യേക സംഘം

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ കുന്നംകുളത്തെ ചിറ്റിലങ്ങാടില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കുന്നംകുളം എ സി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുക. അതിനിടെ, കൊലക്കു പിന്നില്‍ ആര്‍ എസ് എസ്-ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് കുന്നംകുളം നിയോജക മണ്ഡലത്തിലെ എം എല്‍ എ കൂടിയായ മന്ത്രി എ സി മൊയ്തീന്‍ ആരോപിച്ചു. സി പി എമ്മിന് വലിയ സ്വാധീനമുള്ള പ്രദേശമാണ് ചിറ്റിലങ്ങാട് പുതുശ്ശേരി പ്രദേശം. എന്നാല്‍ സമീപകാലത്തൊന്നും ഇവിടെ രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായിട്ടില്ല.

പുതുശ്ശേരി പ്രദേശത്ത് കക്ഷിരാഷ്ട്രീയത്തിനതീതമായി എപ്പോഴും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന സഖാവാണ് സനൂപെന്ന് മന്ത്രി പറഞ്ഞു. ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്ന പ്രവര്‍ത്തനത്തിലായിരുന്നു സനൂപ്. സി പി എമ്മിനെ കൊലക്കത്തി കൊണ്ട് ഇല്ലാതാക്കാമെന്ന ചിന്തയാണ് ആര്‍ എസ് എസ്, ബി ജെ പി, കോണ്‍ഗ്രസ് പാര്‍ട്ടികളെ നയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇവര്‍ കൊലക്കത്തി താഴെവെക്കാന്‍ തയാറാകണമെന്നും എ സി മൊയ്തീന്‍ ആവശ്യപ്പെട്ടു.

സി പി എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയാണ് സംഭവം. നന്ദന്‍ എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് സൂചന. ഒരുമാസം മുമ്പാണ് ഇയാള്‍ ഗള്‍ഫില്‍ നിന്നെത്തിയത്. നന്ദനുള്‍പ്പെടെ പ്രതികളായ ആറുപേര്‍ ഒളിവിലാണ്. പ്രതികളുടെതെന്ന് സംശയിക്കുന്ന കാര്‍ കുന്നംകുളത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

---- facebook comment plugin here -----

Latest