National
രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേസെടുത്ത് യു പി പോലീസ്

ന്യൂഡല്‍ഹി | യു പിയിലെ ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോലീസ് കേസെടുത്തു. പകര്‍ച്ച വ്യാധി നിയമപ്രകാരമാണ് കേസ്. 153 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും ഗൗതം ബുദ്ധ നഗര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട ഇരുവരേയും ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. യമുന എക്‌സപ്രസ് വേയില്‍ വച്ചാണ് ഇരു നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തത്. വിട്ടയച്ച ശേഷം ഇരു നേതാക്കളും ഡല്‍ഹിക്ക് മടങ്ങിയതിന് പിന്നാലെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
അതെ സമയം പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന പോലീസിന്റെ വാദത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ് യു പി പോലീസ് എ ഡി ജി പി പ്രശാന്ത് കുമാര്‍ ഈക്കാര്യം അറിയിച്ചത്. എന്നാല്‍ ഇത് തെളിവ് നശിപ്പിക്കാനുള്ള പോലീസിന്റെ ശ്രമമാണെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. വരും ദിവസങ്ങളിലും പ്രതിഷേധം രാജ്യവ്യാപകമായി തുടരുന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം.