പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

Posted on: September 26, 2020 12:33 pm | Last updated: September 26, 2020 at 5:03 pm

പത്തനംതിട്ട  |പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. ഇത് സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി. കേന്ദ്ര നിയമപ്രകാരമാണ് നടപടി. സ്വത്തുക്കള്‍ വില്‍പന നടത്തി നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കുമെന്നാണ് സൂചന.
അതേ സമയം തട്ടിപ്പുകേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ ജനറല്‍ മാനേജര്‍ അടക്കമുള്ളവര്‍ ശ്രമിക്കുകയാണെന്ന് നിക്ഷേപകര്‍ ആരോപിച്ചു.

കോടികളുടെ തട്ടിപ്പു നടത്തിയ പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും, നിക്ഷേപിച്ച തുക തിരികെ കിട്ടണം എന്നതുമാണ് നിക്ഷേപകരുടെ ആവശ്യം. കേരളത്തിന് പുറത്ത് ഇപ്പോഴും പോപ്പുലര്‍ ബേങ്കിന്റെ ശാഖകള്‍ പ്രവര്‍ത്തിച്ചിട്ടും കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് നിക്ഷേപക കൂട്ടായ്മാ ഭാരവാഹികള്‍ ആരോപിച്ചു.
നിക്ഷേപക കൂട്ടായ്മയുടെ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും.കേസിലെ അഞ്ചാം പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ എല്ലാ പ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല.