Connect with us

National

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഇന്ന് ദേശീയ പ്രക്ഷോഭം; ബന്ദായി മാറുമെന്ന് കര്‍ഷക സംഘടനകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ സംയുക്തമായി ഇന്ന് ദേശീയ പ്രക്ഷോഭം നടത്തും. ഇതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണയും പ്രകടനവും നടത്തും.
പഞ്ചാബ് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും പ്രക്ഷോഭം ബന്ദായി മാറുമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. ഡല്‍ഹിയിലെ ജന്തര്‍മന്ദിറിലും പ്രതിഷേധ റാലി നടത്തും. പഞ്ചാബില്‍ കര്‍ഷകര്‍ ഇന്നലെ മുതല്‍ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ഈമാസം 28ന് കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിന് കര്‍ഷക തൊഴിലാളി രക്ഷാദിനമായി ആചരിക്കും. സെപ്തംബര്‍ 28ന് കര്‍ണാടകത്തില്‍ ബന്ദ് നടത്തുമെന്ന് കര്‍ണാടക ഫാര്‍മേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭാരതീയ കിസാന്‍ യൂണിയന്‍ (ബി കെ യു), ഓള്‍ ഇന്ത്യ ഫാര്‍മേഴ്സ് യൂണിയന്‍ (എ ഐ എഫ് യു), ഓള്‍ ഇന്ത്യ കിസാന്‍ മഹാസംഘ് (എ ഐ കെ എം) എന്നീ സംഘടനകള്‍ സംയുക്തമായാണ് പ്രക്ഷോഭത്തിന് ആഹ്വാനം നടത്തിയിട്ടുള്ളത്. കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനകള്‍ ഇന്നത്തെ ദേശീയ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓല കാബ് ഡ്രൈവേഴ്സ് അസോസിയേഷനും ലോറി ഡ്രൈവേഴ്സ് അസോസിയേഷനും സര്‍വീസ് നിര്‍ത്തിവെക്കും. നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്, ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്, ഹിന്ദ് മസ്ദൂര്‍ സഭ, സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ്, ഓള്‍ ഇന്ത്യ യുനൈറ്റഡ് ട്രേഡ് യൂണിയന്‍ സെന്റര്‍, ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ സെന്റര്‍ എന്നിവയും പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തുണ്ട്. സമരത്തില്‍ നൂറിലധികം കര്‍ഷക യൂണിയനുകള്‍ പങ്കെടുക്കുമെന്ന് ബി കെ യു അധ്യക്ഷന്‍ രാകേഷ് തികായിത് പറഞ്ഞു.