കോര്‍പറേറ്റുകള്‍ വിതക്കും, വിളവെടുക്കും

ഉത്പന്നങ്ങളുടെ വില നിര്‍ണയിക്കാനുള്ള അധികാരം സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതുക മാത്രമല്ല, കൃഷി ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ നിന്ന് കര്‍ഷകരെ പുറംതള്ളുക കൂടിയാണ് ഈ നിയമ നിര്‍മാണങ്ങളിലൂടെ മോദി സര്‍ക്കാര്‍ ചെയ്യുന്നത്‌. അതി ഗുരുതരമായ അവസ്ഥയിലേക്ക് കര്‍ഷകരെ തള്ളിവിടാനിടയുള്ള നിയമ നിര്‍മാണം ജനാധിപത്യത്തിലെ കീഴ് വഴക്കങ്ങളെയൊക്കെ ലംഘിച്ച് നടത്തുമ്പോള്‍ കാര്‍ഷിക മേഖലയെക്കൂടി കുത്തകവത്കരിക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവും സര്‍ക്കാറിനുണ്ടെന്ന് കരുതാനാകില്ല.
Posted on: September 22, 2020 4:01 am | Last updated: September 22, 2020 at 12:39 am

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതിന് ഏറ്റവുമൊടുവില്‍ വെച്ചിരിക്കുന്ന സമയ പരിധി 2022 ആണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാകണമെങ്കില്‍ അവരുടെ ഉത്പന്നങ്ങള്‍ക്ക് ഉത്പാദനച്ചെലവിന്റെ രണ്ടിരട്ടി വില കിട്ടണം. ആ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കാന്‍ പാകത്തിലാണോ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്ന ചോദ്യമാണ് കാര്‍ഷിക ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് മുഖേന പ്രാബല്യത്തിലാക്കിയ മൂന്ന് നിയമങ്ങള്‍ ഉയര്‍ത്തുന്നത്. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകള്‍ പാര്‍ലിമെന്റിനെക്കൊണ്ട് അംഗീകരിപ്പിക്കുമ്പോള്‍, നിയമം കര്‍ഷകര്‍ക്ക് ഗുണമാണോ ദോഷമാണോ ഉണ്ടാക്കുക എന്ന പരിശോധനക്കുള്ള അവസരം പോലും നിഷേധിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പിന്തുടര്‍ന്നു വരുന്ന സംവിധാനത്തെയാകെ പൊളിച്ചെഴുതുന്ന നിയമ നിര്‍മാണങ്ങളുടെ കാര്യത്തില്‍, പാര്‍ലിമെന്റിന്റെ സെലക്ട് കമ്മിറ്റി വഴി പൊതുജനങ്ങളുടെ അഭിപ്രായം അറിയുക എന്ന ജനാധിപത്യ മര്യാദ ഇവിടെ പാലിക്കപ്പെടുന്നില്ല. ഇവ്വിധം ഏകപക്ഷീയമായ നിയമ നിര്‍മാണം പതിവ് രീതിയുമാക്കിയിട്ടുണ്ട്. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ചേര്‍ന്ന ആദ്യത്തെ പാര്‍ലിമെന്റില്‍ ഇരുപതിലധികം ബില്ലുകളാണ് ഇതുപോലെ പാസ്സാക്കിയത്.

കാര്‍ഷികോത്പന്നങ്ങളുടെ വ്യാപാരത്തിനും വാണിജ്യത്തിനും അവസരമൊരുക്കാനും പ്രോത്സാഹിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് ഒരു നിയമം. ഉത്പന്നങ്ങളുടെ വില കര്‍ഷകന് ഉറപ്പാക്കുകയും കര്‍ഷകരുടെ ശാക്തീകരണവും സംരക്ഷണവും നടപ്പാക്കുകയും ചെയ്യുന്നതാണ് രണ്ടാമത്തെ നിയമം. അവശ്യവസ്തു നിയമം ഭേദഗതി ചെയ്യുന്നതാണ് മൂന്നാമത്തേത്. ആദ്യത്തെ രണ്ട് നിയമങ്ങളും പേരില്‍ കര്‍ഷകര്‍ക്ക് വലിയ സംരക്ഷണം വാഗ്ദാനം ചെയ്യുന്നതാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ കര്‍ഷകരെ അരക്ഷിതരാക്കുകയാണ് ചെയ്യുക. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഏറ്റവും ചുരുങ്ങിയ ന്യായവില ഉറപ്പാക്കുന്നതിനാണ് താങ്ങുവില എന്ന സമ്പ്രദായം നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ തീരുമാനിക്കുന്ന താങ്ങുവിലക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ ഉത്പന്നങ്ങള്‍ സംഭരിക്കും. അങ്ങനെ സംഭരണം നടക്കുമ്പോള്‍ കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാനെത്തുന്ന സ്വകാര്യ കമ്പനികളില്‍ നിന്ന് താങ്ങുവിലയേക്കാള്‍ ഉയര്‍ന്ന വില കര്‍ഷകന് ലഭിക്കുമെന്നാണ് സങ്കല്‍പ്പം. സംഭരണം യഥാസമയം നടത്താതെയും സംഭരിച്ച ഉത്പന്നങ്ങളുടെ വില കൃത്യസമയത്ത് കര്‍ഷകന് കൊടുക്കാതെയും ഈ സമ്പ്രദായത്തെ സര്‍ക്കാര്‍ തന്നെ അട്ടിമറിക്കാറുണ്ട് എന്ന യാഥാര്‍ഥ്യം നമ്മുടെ മുന്നിലുണ്ട്. എങ്കിലും സ്വന്തം ഉത്പന്നം വലിയ നഷ്ടം കൂടാതെ വില്‍ക്കാന്‍ കര്‍ഷകന് സാധിക്കുമായിരുന്നു.

പുതിയ നിയമപ്രകാരം കര്‍ഷകന് സ്വന്തം ഉത്പന്നം എവിടെയും വില്‍ക്കാം. ഉത്പാദനം നടത്തുന്ന സംസ്ഥാനത്തിന് അകത്തോ പുറത്തോ എവിടെയും. മുന്‍കൂറായി വില തീരുമാനിക്കുകയും ആകാം. വിത്തിറക്കുമ്പോള്‍ തന്നെ, വില സംബന്ധിച്ച് കര്‍ഷകനുമായി സ്വകാര്യ കമ്പനികള്‍ക്ക് ധാരണയുണ്ടാക്കാനാകുമെന്ന് ചുരുക്കം. ഉത്പന്നത്തെ എവിടെയും വില്‍ക്കാമെന്നതും അങ്ങനെ വില്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറുകള്‍ നികുതിയൊന്നും ചുമത്തരുത് എന്നതുകൊണ്ടും ഉയര്‍ന്ന വില കര്‍ഷകന് കിട്ടുമെന്നാണ് സങ്കല്‍പ്പം. എന്നാല്‍ രാജ്യത്തെവിടെ നിന്നും ഉത്പന്നങ്ങള്‍ വാങ്ങാന്‍ സംവിധാനമുള്ള വന്‍കിട കമ്പനികള്‍ നേരിട്ട് വാങ്ങാനെത്തുമ്പോള്‍ കര്‍ഷകന് ലാഭമുണ്ടാകും വിധത്തില്‍ കച്ചവടം നടക്കുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ അബദ്ധമാണ്. മുന്‍കൂട്ടി വില നിശ്ചയിക്കുമ്പോള്‍ ഉത്പന്നത്തിന്റെ നിലവാരം സംബന്ധിച്ച വ്യവസ്ഥകള്‍ കമ്പനികള്‍ മുന്നോട്ടുവെക്കും. വിളവെടുപ്പിന് ശേഷം ഉത്പന്നം നിലവാരമില്ലാത്തതാണെന്ന് പറഞ്ഞ് ഏറ്റെടുക്കാതിരിക്കാനുള്ള സാധ്യത കൂടുതലാണ്. ആ അവസ്ഥയില്‍ ഉത്പന്നം കെട്ടിക്കിടന്ന് നശിക്കുന്ന സ്ഥിതി ഒഴിവാക്കാന്‍, കിട്ടുന്ന വിലക്ക് വിറ്റഴിക്കാന്‍ കര്‍ഷകന്‍ നിര്‍ബന്ധിതനുമാകും. വില സംബന്ധിച്ചും വാഗ്ദാനം ചെയ്ത വിലക്ക് ഏറ്റെടുക്കുന്നത് സംബന്ധിച്ചും തര്‍ക്കങ്ങളുണ്ടായാല്‍ പരിഹരിക്കാന്‍ സംവിധാനം നിയമം ഉറപ്പാക്കിയിട്ടുണ്ട്. വന്‍കിട കമ്പനികളുമായി രാജ്യത്തെ സാധാരണ കര്‍ഷകന്‍ നിയമയുദ്ധത്തില്‍ ഏര്‍പ്പെടുന്ന സ്ഥിതി ഒന്നാലോചിച്ച് നോക്കുക. ആ വ്യവഹാരത്തില്‍ കര്‍ഷകന് നീതി ലഭിക്കാനുള്ള സാധ്യത തുലോം വിരളമാണ്. അതിന് കൂടി പണം ചെലവാക്കേണ്ട അവസ്ഥയുണ്ടായാല്‍, ഇന്നത്തേതിനേക്കാള്‍ വലിയ കടക്കെണിയിലേക്ക് കര്‍ഷകര്‍ എത്തിപ്പെടുകയാകും സംഭവിക്കുക.

ഉത്പന്ന വില സംബന്ധിച്ച മുന്‍കൂര്‍ കരാറുണ്ടാക്കാനുള്ള അനുവാദം, നിലവിലുള്ള കൃഷി രീതിയില്‍ തന്നെ മാറ്റമുണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. കമ്പനിയും ഒരോ കര്‍ഷകനും തമ്മില്‍ കരാറുണ്ടാക്കുക എന്നത് ഏതാണ്ട് അപ്രായോഗികമാണ്. അതുകൊണ്ടുതന്നെ കര്‍ഷകരുടെ കൂട്ടായ്മയുമായി കരാറുണ്ടാക്കാനാകും കമ്പനികള്‍ ശ്രമിക്കുക. കര്‍ഷകരുടെ കൂട്ടായ്മ വൈകാതെ ഇല്ലാതാകുകയും കരാര്‍ കൃഷിക്കുള്ള കമ്പനികള്‍ നിലവില്‍ വരികയും ചെയ്യും. അതോടെ ഇത്തരം കമ്പനികള്‍ കൃഷിഭൂമി പാട്ടത്തിനെടുത്ത്, കൃഷിയിറക്കുന്ന സ്ഥിതിയാകും ഉണ്ടാകുക. ഭൂമി വിട്ടുകൊടുക്കുന്നതിന് ലഭിക്കുന്ന പാട്ടത്തുക മാത്രമായിരിക്കും കര്‍ഷകന് ലഭിക്കുക. ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷം ന്യായമായ പാട്ടത്തുക കര്‍ഷകന് ലഭിച്ചേക്കും. അപ്പോഴേക്കും കൃഷി ഭൂമിയില്‍ നിന്നും കാര്‍ഷികവൃത്തിയില്‍ നിന്നും കര്‍ഷകന്‍ അകന്നു പോകും. കൃഷിക്ക് വേണ്ട ഉപകരണങ്ങള്‍ പോലും സ്വന്തമില്ലാത്ത അവസ്ഥയിലാകും ഭൂരിഭാഗം കര്‍ഷകരും എത്തിപ്പെടുക. അങ്ങനെ വരുന്നതോടെ ഭൂമി പാട്ടത്തിന് കൊടുക്കുകയോ വിറ്റൊഴിയുകയോ ചെയ്യുക എന്നതല്ലാതെ മറ്റ് മാര്‍ഗമൊന്നും അവര്‍ക്ക് മുന്നിലുണ്ടാകില്ല. ഉത്പന്നങ്ങളുടെ വില നിര്‍ണയിക്കാനുള്ള അധികാരം സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതുക മാത്രമല്ല, കൃഷി ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ നിന്ന് കര്‍ഷകരെ പുറംതള്ളുക കൂടിയാണ് ഈ നിയമ നിര്‍മാണങ്ങളിലൂടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ചുരുക്കം. അതി ഗുരുതരമായ അവസ്ഥയിലേക്ക് രാജ്യത്തെ കര്‍ഷകരെ തള്ളിവിടാനിടയുള്ള ഈ നിയമ നിര്‍മാണം ജനാധിപത്യത്തിലെ കീഴ് വഴക്കങ്ങളെയൊക്കെ ലംഘിച്ച് നടത്തുമ്പോള്‍ കാര്‍ഷിക മേഖലയെക്കൂടി കുത്തകവത്കരിക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവും സര്‍ക്കാറിനുണ്ടെന്ന് കരുതാനാകില്ല.
അവശ്യവസ്തു നിയമത്തില്‍ വരുത്തുന്ന മാറ്റവും ഈ ലക്ഷ്യത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. പയറു വര്‍ഗങ്ങളും ധാന്യങ്ങളും ഭക്ഷ്യ എണ്ണയുമുള്‍പ്പെടെയുള്ളവയെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്ന് തന്ത്രപരമായി ഒഴിവാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. യുദ്ധം, പ്രകൃതിക്ഷോഭം, അസാധാരണമായ വിധത്തിലുള്ള വിലക്കയറ്റം എന്നിങ്ങനെ അസാധാരണമായ സാഹചര്യത്തില്‍ മാത്രമേ ഉത്പന്നങ്ങളെ അവശ്യവസ്തു നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടതുള്ളൂവെന്നതാണ് നിയമ ഭേദഗതിയില്‍ പറയുന്നത്. ധാന്യങ്ങളും പയറു വര്‍ഗങ്ങളുമുള്‍പ്പെടെയുള്ളവ അവശ്യവസ്തു പട്ടികയില്‍ നിലനിര്‍ത്തിയിരുന്നത്, പൂഴ്ത്തിവെപ്പ് തടഞ്ഞ് ഉത്പന്നങ്ങള്‍ ന്യായവിലക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ്. അതൊഴിവാക്കുമ്പോള്‍ ഉത്പന്നങ്ങള്‍ വന്‍തോതില്‍ വാങ്ങി സൂക്ഷിക്കാന്‍ വന്‍കിട കമ്പനികള്‍ക്ക് സാധിക്കും. രാജ്യത്താകെ ചില്ലറ വില്‍പ്പന ശാലകള്‍ തുടങ്ങിയിരിക്കുന്ന വന്‍കിട കമ്പനികള്‍, അവശ്യവസ്തു നിയമം ശക്തമായിരിക്കെത്തന്നെ ഉത്പന്നങ്ങള്‍ സംഭരിക്കുകയും പൂഴ്ത്തിവെക്കുകയും ചെയ്ത്, വിപണിയില്‍ കൃത്രിമ ക്ഷാമവും വിലക്കയറ്റവും സൃഷ്ടിക്കുന്നുണ്ട്. നിയമത്തില്‍ ഇളവ് വരുന്നതോടെ വലിയ തോതിലുള്ള പൂഴ്ത്തിവെപ്പിനാകും അരങ്ങൊരുങ്ങുക. ഉത്പന്നങ്ങള്‍ പൂഴ്ത്തിവെക്കുകയും വില വര്‍ധിപ്പിക്കുകയും ചെയ്യുന്ന കമ്പനികള്‍ തന്നെ, കാര്‍ഷികോത്പന്നങ്ങളുടെ വിളവെടുപ്പ് കാലത്ത് ഉത്പന്നങ്ങള്‍ വന്‍തോതില്‍ വിപണിയിലേക്കിറക്കി, വില ഇടിക്കാനുള്ള സാധ്യതയുമുണ്ട്. വിപണിയില്‍ വില കുറഞ്ഞാല്‍, അതിലും കുറഞ്ഞ വില മാത്രമേ കര്‍ഷകന്റെ ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ ലഭിക്കൂ. ഉദാഹരണം പറഞ്ഞാല്‍, ഉരുളക്കിഴങ്ങിന് വിപണിയില്‍ പത്ത് രൂപയേ വിലയുള്ളൂവെന്ന് കരുതുക. ആ സമയത്ത് വിളവെടുക്കുന്ന ഉരുളക്കിഴങ്ങിന് കര്‍ഷകന് ലഭിക്കുക കിലോക്ക് പത്ത് രൂപയില്‍ താഴെ മാത്രമായിരിക്കും.

ചിലപ്പോള്‍ വിപണി വിലയുടെ പകുതി പോലും കര്‍ഷകന് കിട്ടിയെന്ന് വരില്ല. കുറഞ്ഞ വിലക്ക് സംഭരിക്കുന്ന ഉരുളക്കിഴങ്ങ് ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാന്‍ (പൂഴ്ത്തിവെക്കാന്‍) എല്ലാ സൗകര്യവുമുള്ള വന്‍കിട കമ്പനിക്കാര്‍, വിപണിയില്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വലിയ തോതില്‍ ഉയര്‍ത്തിയ ശേഷമേ അവ വിപണിയിലേക്ക് എത്തിക്കൂ. അപ്പോഴും നമ്മുടെ നാട്ടിലൊക്കെയുള്ള ചെറിയ ചില്ലറ വില്‍പ്പന ശാലകള്‍ ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലക്ക് തങ്ങളുടെ ചില്ലറ വില്‍പ്പന ശൃംഖല വഴി ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കുത്തക കമ്പനികള്‍ക്ക് സാധിക്കും. അതായത് കര്‍ഷകരെ മാത്രമല്ല, രാജ്യത്തെ ചെറിയ ചില്ലറ വില്‍പ്പന ശാലകളെയും അതുകൊണ്ട് ഉപജീവനം കഴിക്കുന്ന ലക്ഷക്കണക്കിനാളുകളെയും കൂടിയാണ് ഈ നിയമ ഭേദഗതികള്‍ പ്രതിസന്ധിയിലാക്കാന്‍ പോകുന്നത്.
കൃഷി, ഉത്പന്നങ്ങളുടെ വ്യാപാരം എന്നിവയില്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായിരുന്ന പരിമിതമായ അധികാരങ്ങള്‍ കൂടി ഇല്ലാതാകുന്നുവെന്ന അപകടവും ഈ നിയമ ഭേദഗതികളിലുണ്ട്. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ഇല്ലാതാക്കി, ഫെഡറല്‍ ഭരണക്രമത്തെ അസാധുവാക്കുക എന്ന ലക്ഷ്യത്തിലേക്ക് സംഘ്പരിവാരവും നരേന്ദ്ര മോദി സര്‍ക്കാറും ഒരു ചുവടുകൂടി വെച്ചിരിക്കുന്നു. ചോദ്യംചെയ്യാന്‍ ആരുമില്ലെന്ന ധാര്‍ഷ്ട്യത്തോടെ. ആ ധാര്‍ഷ്ട്യത്തിന്റെ പ്രകടനം കൂടിയാണ് ഈ നിയമ ഭേദഗതികളില്‍ പ്രതിഷേധിച്ച എം പിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി.

രാജീവ് ശങ്കരന്‍