ഡോ. കപില വാത്സ്യായനൻ അന്തരിച്ചു

Posted on: September 16, 2020 6:43 pm | Last updated: September 16, 2020 at 6:43 pm

ന്യൂഡൽഹി | പ്രമുഖ കലാ പണ്ഡിത ഡോ. കപില വാത്സ്യായൻ (92) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഗുൽമോഹൽ എൻക്ലേവിലെ വീട്ടിലായിരുന്നു അന്ത്യം. ഭാരതീയ കല, വാസ്തുവിദ്യ, നൃത്തം തുടങ്ങിയ മേഖലകളിൽ പാണ്ഡിത്യം തെളിയിച്ച വ്യക്തിയാണ്. സംഗീത നാടക അക്കാദമി, ഭാരത സർക്കാറിന്റെ വിദ്യാഭ്യാസ മന്ത്രാലയം, കലാസാംസ്‌കാരിക വകുപ്പ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലെ പദവികൾ വഹിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.ഇന്ത്യ ഇന്റർനാഷനൽ സെൻ്റർ ആജീവനാന്ത അംഗമാണ്.

ചെറുപ്പത്തിൽ കഥക്, മണിപ്പുരി നൃത്തകലകൾ അഭ്യസിച്ച അവർ പിന്നീട് കലാ ചരിത്രപഠത്തിലേക്ക് തിരിയുകയായിരുന്നു. മിഷിഗൺ സർവകലാശാലയിൽ നിന്ന് ബിരുദാനന്തരം ബിരുദം നേടിയ കപില ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നാണ് ഗവേഷണ ബിരുദമെടുത്തത്.

1970ൽ സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, സംഗീതം, നൃത്തം, നാടകം എന്നിവക്ക് കേന്ദ്ര സംഗീത നാടക അക്കാദമി നൽകി വരുന്ന പരമോന്നത ബഹുമതി, 1995ൽ ലളിത് കല അക്കാദമി ഫെലോഷിപ്പ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള കപിലയെ 2011ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു.2006ൽ രാജ്യസഭയിലെ അപ്പർ ഹൗസ് ഓഫ് പാർലിമെന്റ് അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.

കവിയും കലാ നിരൂപകനുമായ കേശവ് മാലിക്കിന്റെ അനുജത്തിയാണ് കപില. പ്രശസ്ത ഹിന്ദി എഴുത്തുകാരൻ എസ് എച്ച് വാത്സ്യായൻ ആണ് ഭർത്താവ്. സ്വയർ ആൻഡ് സർക്കിൾ ഓഫ് ഇന്ത്യൻ ആർട്‌സ്, ഭരത: ദി നാട്യശാസ്ത്ര, മാത്രാലക്ഷണം തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്.