Connect with us

Kerala

ലീഗ് ബി ജെ പിയുടെ ഒക്കച്ചങ്ങാതി: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ബി ജെ പി തനിക്കെതിരെ ഉന്നയിച്ച വ്യാജ ഒപ്പ് ആരോപണം അവര്‍ക്ക് കാര്യങ്ങളെ കുറിച്ച് വലിയ അറിവില്ലാത്തതു കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് ഫയല്‍ പരിശോധന നടത്തുന്നതെന്നും ഫയലുകളിലെ ഒപ്പ് തന്റെതു തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2018 സെപ്തംബര്‍ ആറിന് മലയാള ഭാഷാ ദിനാചരണത്തിന്റെതു മാത്രമല്ല, മറ്റു 39 ഫയലുകളില്‍ കൂടി താന്‍ ഒപ്പിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിടുന്നുവരുണ്ടെന്ന ബി ജെ പി നേതാവ് സന്ദീപ് വാര്യരുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി അമേരിക്കയില്‍ പോയ സമയത്ത് അദ്ദേഹം ഒപ്പിടേണ്ട ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്ന കെ സി ജോസഫിന്റെ ആരോപണത്തിന് നല്‍കിയിരുന്ന വിശദീകരണം പിണറായി വാര്‍ത്താ സമ്മേളനത്തില്‍ വായിച്ചു.ഈ ദിവസങ്ങളില്‍ ഫയലുകള്‍ ഇലക്ട്രോണിക് സംവിധാനം വഴി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്ത് തീരുമാനമെടുക്കുകയാണ് ചെയ്യുന്നത്. ഇ-ഫയലുകളില്‍ മാത്രമല്ല ഫിസിക്കല്‍ ഫയലുകളിലും തീരുമാനമെടുക്കുന്നുണ്ടെന്നും ഫിസിക്കല്‍ ഫയലുകള്‍ ഇലക്ട്രോണിക് ഫയലുകളാക്കി മാറ്റി അയച്ചുകൊടുത്താണ് തീരുമാനമെടുക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തന്റെ കൈയിലും ഐപാഡുണ്ടെന്നും യാത്രകളില്‍ താന്‍ അത് കൈവശം സൂക്ഷിക്കാറുണ്ടെന്നും കൈയിലെ ഐപാഡ് ഉയര്‍ത്തിക്കാണിച്ച് അദ്ദേഹം പറഞ്ഞു.

വ്യാജ ഒപ്പ് സംബന്ധിച്ച ബി ജെ പി ആരോപണത്തെ പിന്തുണച്ച മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തെ ചിരിയോടെയാണ് മുഖ്യമന്ത്രി നേരിട്ടത്. ലീഗിന്റെ ഒക്കച്ചങ്ങാതിമാരാണ് ബി ജെ പിക്കാരെന്നും ഒക്കച്ചങ്ങാതിമാര്‍ പറയുമ്പോള്‍ എങ്ങനെയാണ് ഏറ്റെടുക്കാതിരിക്കുക എന്ന് തോന്നിയിട്ടാണ് ബി ജെ പി പറഞ്ഞ കാര്യങ്ങള്‍ ലീഗ് ഏറ്റുപിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി പറയുന്ന വാദഗതികള്‍ അതേപടി ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് യു ഡി എഫും ഇപ്പോള്‍ സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.