Connect with us

Covid19

LIVE: സംസ്ഥാനത്ത് ഇന്ന് 1,553 പേര്‍ക്ക് കൊവിഡ്; 1,391 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 1,553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 1,391 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകള്‍ 156 ആണ്. 1,950 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10 കൊവിഡ് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം- 317, എറണാകുളം- 164, കോട്ടയം- 160, കാസര്‍കോട്- 133, കോഴിക്കോട്- 131, പത്തനംതിട്ട- 118, തൃശൂര്‍- 93, മലപ്പുറം- 91, ആലപ്പുഴ- 87, കണ്ണൂര്‍- 74, കൊല്ലം- 65, പാലക്കാട്- 58, ഇടുക്കി- 44, വയനാട്- 18 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ആഗസ്റ്റ് 29 ന് മരണമടഞ്ഞ തിരുവനന്തപുരം കോവളം സ്വദേശി ലോചനന്‍ (93), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി യശോദ (84), തിരുവനന്തപുരം പുല്ലുവിള സ്വദേശി കൃഷ്ണന്‍ ആശാരി (86), ആഗസറ്റ് 26ന് മരിച്ച തിരുവനന്തപുരം മണലില്‍ സ്വദേശിനി നിര്‍മല (60), പാലക്കാട് പട്ടിത്തറ സ്വദേശി മുഹമ്മദ് ഹാജി (71), എറണാകുളം പാലാരിവട്ടം സ്വദേശി തങ്കം മേനോന്‍ (81), ആഗസ്റ്റ് 28ന് മരണപ്പെട്ട തിരുവനന്തപുരം പൂവാര്‍ സ്വദേശി രാജേന്ദ്രന്‍ (52), തിരുവനന്തപുരം പൂജപ്പുര സ്വദേശി ബിജുകുമാര്‍ (45), തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സിബി (29), ആഗസ്റ്റ് 27ന് മരിച്ച തിരുവനന്തപുരം ചെന്നിലോട് സ്വദേശിനി ശാന്ത (75) എന്നിവരെയാണ് കൊവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിത മരണം 315 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ ഐ വി ആലപ്പുഴയിലെ പരിശോധനക്കു ശേഷം സ്ഥിരീകരിക്കുന്നതാണ്.

തിരുവനന്തപുരം- 299, എറണാകുളം- 135, കോട്ടയം- 158, കാസര്‍കോട്- 118, കോഴിക്കോട്- 122, പത്തനംതിട്ട- 97, തൃശൂര്‍- 90, മലപ്പുറം- 85, ആലപ്പുഴ- 83, കണ്ണൂര്‍- 64, കൊല്ലം- 55, പാലക്കാട്- 50, ഇടുക്കി- 20, വയനാട്- 15 എന്നിങ്ങനെയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 40 ആരോഗ്യ പ്രവര്‍ത്തകരും ഇന്ന് രോഗബാധിതരായവരില്‍ ഉള്‍പ്പെടും. തിരുവനന്തപുരം- 15, എറണാകുളം- 10, കോഴിക്കോട്- 4, കണ്ണൂര്‍- 3, കൊല്ലം, കാസര്‍കോട്- 2, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്- ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ നാല് ഐ എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

തിരുവനന്തപുരം- 343, കൊല്ലം- 81, പത്തനംതിട്ട- 36, ആലപ്പുഴ- 212, കോട്ടയം- 117, ഇടുക്കി- 22, എറണാകുളം- 209, തൃശൂര്‍- 145, പാലക്കാട്- 68, മലപ്പുറം- 210, കോഴിക്കോട്- 186, വയനാട്- 17, കണ്ണൂര്‍- 137, കാസര്‍കോട്- 167 പരിശോധനാ ഫലം ഇന്ന് നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 21,516 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 57,732 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 1,92,168 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,74,135 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,033 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1,703 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 30,342 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സി എല്‍ ഐ എ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 17,55,568 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,80,540 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.