ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ്

Posted on: September 2, 2020 2:59 pm | Last updated: September 2, 2020 at 6:01 pm

പനാജി | ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ് സ്ഥിരീകരിച്ചു. പ്രമോദ് സാവന്ത് തന്നെയാണ് ട്വീറ്റിലൂടെ രോഗം ബാധിച്ചതായി അറിയിച്ചത്. കൊവിഡ് പോസിറ്റീവാണെങ്കിലും ലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ലെന്നും അതിനാല്‍ ഹോം ഐസൊലേഷനില്‍ തുടരാന്‍ തീരുമാനിച്ചതായും മന്ത്രി ട്വീറ്റില്‍ പറയുന്നു. താനുമായി ബന്ധപ്പെട്ട എല്ലാവരോടും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് പ്രമോദ് സാവന്ത്. കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍, ഹരിയാന മുഖ്യമന്ത്രി എംഎല്‍ ഖട്ടര്‍ എന്നിവരാണ് കൊവിഡ് ബാധിച്ച മറ്റ് മുഖ്യമന്ത്രിമാര്‍. ഗോവയില്‍ ഇതുവരെ 18006 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.