Connect with us

Health

കുട്ടികളിലെ ദന്തസംരക്ഷണം

Published

|

Last Updated

ഏത് കഠിനഹൃദയനേയും മുട്ടുകുത്തിക്കാൻ ഒരു കുഞ്ഞിന്റെ പുഞ്ചിരി മതിയെന്നത് നമ്മളെപ്പോഴും കേൾക്കുന്ന പഴമൊഴിയാണ്. പക്ഷേ, ആ പാൽപുഞ്ചിരി അതുപോലെ നിലനിർത്തുന്നതിൽ ദന്ത സംരക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. ശരിയായ രീതിയിലുള്ള ദന്തസംരക്ഷണം ഉചിതമായ സമയത്ത് സ്വീകരിച്ചാൽ മാത്രമേ ആരോഗ്യമുള്ള പല്ലുകൾ നിലനിർത്താൻ സാധിക്കുകയുള്ളൂ.
കുഞ്ഞുങ്ങളിൽ ആദ്യ പല്ല്, അതായത് പാൽപല്ല് വന്ന് തുടങ്ങുന്നത് മുതൽ ദന്ത സംരക്ഷണം ആരംഭിക്കേണ്ടതാണ്. ശരിയായ രീതിയിൽ ബ്രഷ് ചെയ്യാതിരുന്നാൽ ഭക്ഷണ പദാർഥങ്ങളുടെ അവശിഷ്ടങ്ങളും രോഗകാരികളായ സൂക്ഷ്മ ജീവികളും അടങ്ങിയ വെള്ള നിറത്തിലുള്ള നേരിയ ഒരു പാട പല്ലുകളുടെ പ്രതലത്തിൽ നമുക്ക് കാണാൻ സാധിക്കും. ഇതിനെ “പ്ലാക്ക് ” എന്ന് വിളിക്കുന്നു. നിത്യേനയുള്ള പല്ല് തേപ്പിലൂടെ ഇത് കളയാനും പല്ലുകളെ വൃത്തിയായി സുക്ഷിക്കാനും സാധിക്കുന്നതാണ്. അല്ലാത്ത പക്ഷം പ്ലാക്ക് അടിഞ്ഞുകൂടി മോണ രോഗത്തിനും കാരണമാകുന്നു. പിന്നീട് പ്ലാക്ക് കട്ടി കൂടി ഇത്തിൾ അഥവാ കാൽക്കുലസ് രൂപത്തിലേക്ക് മാറുന്നു. അനന്തരം മോണയിൽ പഴുപ്പ്, മോണ വീക്കം, രക്തം വരൽ , ദുർഗന്ധം എന്നിവക്ക് കാരണമാകുന്നു.

പുതിയതായി വരുന്ന പല്ലുകളിലെ ആഴമേറിയ പിറ്റ് ആൻഡ് ഫിഷർ ശരിയായി വൃത്തിയാക്കാത്ത പക്ഷം ദന്തക്ഷയത്തിനും കാരണമാകുന്നു. ഇവ പിന്നീട് താടിയെല്ലിന്റെ വളർച്ചയെയും ബാധിക്കുന്നു. പിന്നീട് നിര തെറ്റിയ പല്ലുകൾക്കും കാരണമാകുന്നു.

ദന്ത സംരക്ഷണം എങ്ങനെ?

. പല്ല് വരുന്നതിന് മുന്പു തന്നെ കുഞ്ഞുങ്ങളുടെ മോണ തുണി ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കുക.
. ആദ്യത്തെ പല്ല് വരുന്പോൾ തന്നെ ബ്രഷ് ചെയ്ത് തുടങ്ങുക.
. നിത്യേന രണ്ട് നേരം ബ്രഷ് ചെയ്യുക
. ചോക്ലേറ്റ് പോലുള്ള പല്ലിൽ ഒട്ടിപ്പിടിക്കുന്ന ഭക്ഷണങ്ങളുടെ ഉപയോഗം കുറക്കുക.
. ഭക്ഷണത്തിനു ശേഷം വായ കഴുകണമെന്നും ദന്ത സംരക്ഷണത്തെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുക.
. ദന്തക്ഷയമോ മറ്റോ വന്നാൽ ആദ്യ ഘട്ടത്തിൽ തന്നെ ദന്ത ഡോക്ടറുടെ സഹായം തേടുക.
. ദന്തക്ഷയം തടയാനുള്ള പ്രതിരോധ മാർഗങ്ങളായ ” ഫ്ലൂറൈഡ് ” ( Fluorides ), പിറ്റ് ആൻഡ് ഫിഷർ സീലന്റ്സ് ( Pit and Fissure Sealants ) എന്നിവ ദന്ത ഡോക്ടറുടെ സഹായത്തോടെ ചെയ്യുക.
നമ്മുടെ കുട്ടികളുടെ നല്ല പുഞ്ചിരിക്കായി നിത്യേന അൽപ്പ സമയം നമുക്ക് മാറ്റിവെക്കാം.

Latest