National
കോടതിയലക്ഷ്യ കേസ്: ദയക്ക് വേണ്ടി കോടതിക്ക് മുമ്പാകെ യാചിക്കില്ലെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി| കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണിന്റെ പ്രസ്താവന പുനപരിശോധിക്കാന്‍ സുപ്രീം കോടതി രണ്ട് ദിവസത്തെ സമയം അനുവദിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡയെും മറ്റ് ജസ്റ്റിസുമാരെയും അധിക്ഷേപിച്ച് ട്വീറ്റ് ചെയ്ത പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിട്ടത്.
ഒരു തെറ്റും ചെയ്യാത്ത ഒരു വ്ക്യതി പോലും ഭൂമിയില്‍ ഇല്ല. നിങ്ങള്‍ നൂറ്കണക്കിന് നല്ലകാര്യങ്ങള്‍ ചെയ്തുവെങ്കില്‍ അത് തെറ്റ് ചെയ്യാനുള്ള ലൈസന്‍സ് അല്ല. എന്നാല്‍ ഈ വിഷയത്തില്‍ പ്രശാന്ത് ഭൂഷണ്‍ പശ്ചാത്താപം നടത്തണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കേസില്‍ തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും.
അതേസമയം, കോടതിയലക്ഷ്യ കേസില്‍ ദയയുണ്ടാകണമെന്ന് കോടതിക്ക് മുമ്പാകെ അഭ്യര്‍ഥിക്കില്ലെന്നും മാപ്പ് പറയില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. താന്‍ ഉറച്ച ബോധ്യത്തിന്റ അടിസ്ഥാനത്തിാലണ് കോടതിയെ വിമര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കോടതിയലക്ഷ്യത്തിന് താന്‍ കുറ്റക്കാരനാണെന്ന് കേട്ടതില്‍ എനിക്ക് വേദനയുണ്ട്. ശിക്ഷിക്കപ്പെടുന്നതിനാല്ല, മറിച്ച് എന്നെ തെറ്റിദ്ധരിച്ചതിനാലാണ് ഞാന്‍ വേദനിക്കുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് തുറന്ന വിമര്‍ശനം ആവശ്യമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഭൂഷണ്‍ കൂട്ടിചേര്‍ത്തു. കോടതിക്ക് നേരെ മനപ്പൂര്‍വമായ ആക്രമണമാണ് താന്‍ നടത്തിയതെന്ന നിഗമനത്തിലേക്ക് കോടതി എത്തിചേര്‍ന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, എല്ലാ വ്യക്തികള്‍ക്കും കോടതിയെ വിമര്‍ശിക്കുന്നതിനുള്ള അധികാരമുണ്ട്. എന്നാല്‍ അതിന് ഒരു നിയന്ത്രണം ഉണ്ട്. പ്രശാന്ത് ഭൂഷണ്‍ അത് ലംഘിച്ചു. അതിനാലാണ് ഇത്തരമൊരു നടപടിയെന്ന് വാദം കേള്‍ക്കലിനിടെ ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ശിക്ഷാവാദം മറ്റൊരു ബഞ്ചില്‍ കേള്‍ക്കണമെന്ന പ്രസാന്ത് ഭൂഷണിന്റെ ആവശ്യവും മാറ്റിവെക്കണമെന്ന ആവശ്യവും കോടതി തള്ളി. ആറുമാസം വരെ തടവോ രണ്ടായിരം രൂപ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.