Connect with us

International

ബെയ്‌റൂത്ത് സ്‌ഫോടനം: 16 തുറമുഖ ജീവനക്കാർ കസ്റ്റഡിയിൽ

Published

|

Last Updated

ബെയ്‌റൂത്ത്| 150 ലധികം പേർ കൊല്ലപ്പെടാനിടയാക്കിയ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തുറമുഖത്തിന്റെ ജനറൽ മാനോജരുൾപ്പെടെ 16 പേരെ കസ്റ്റഡിയിലെടുത്തതായി സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ എൻ എ എ അറിയിച്ചു. ഭരണ, മെയിന്റനൻസ് വിഭാഗത്തിലെ 18 ജീവനക്കാരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതായി സൈനിക കോടതിയിലെ സർക്കാർ പ്രതിനിധി ഫാദി അകികി പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ച തുറമുഖത്തെ വെയർഹൗസിൽ ഉണ്ടായ സ്‌ഫോടനത്തിൽ 157 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് സ്‌ഫോടനത്തിന് കാരണമെന്നായിരുന്നു അന്വേഷണംഘത്തിന്റെ പ്രാഥമിക നിഗമനം. രാസവളങ്ങളിലും ബോംബുകളിലും ഉപയോഗിക്കുന്ന 2,750 ടൺ അമോണിയം നൈട്രേറ്റ് ആറു വർഷമായി യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ തുറമുഖത്തെ വെയർഹൗസിൽ സൂക്ഷിച്ചിരുന്നതായാണ് അനുമാനം.

അതേസമയം,അശ്രദ്ധയാണ് സ്‌ഫോടനത്തിന് ഇടയാക്കിയതെന്നും സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ടും പാർലിമെന്റ് മന്ദിരത്തിന് സമീപം നടന്ന സർക്കാർ വിരുദ്ധ പ്രകടനത്തിനിടെ പ്രതിഷേധക്കാരും ലെബനൻ സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. പ്രക്ഷോഭകരെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർവാതകം പ്രയോഗിച്ചു. പ്രതിഷേധക്കാർ കടകൾ തീയിട്ടു നശിപ്പിക്കുകയും സേനക്ക് നേരേ കല്ലറെരിയുകയും ചെയ്തതാണ് കണ്ണീർ വാതകം പ്രയോഗിക്കാൻ സുരക്ഷാസേനയെ പ്രേരിപ്പിച്ചതെന്ന് വാർത്താ ഏജൻസി അറിയിച്ചു. ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്കേറ്റു.