National
പച്ചക്കറി വില വർധനവിൽ നടപടിയുമായി പഞ്ചിമ ബംഗാൾ സർക്കാർ

കൊൽക്കത്ത| പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ നടപടിയുമായി പഞ്ചിമ ബംഗാളിൽ സർക്കാർ. സംസ്ഥാനത്ത് സാധ്യമായ എല്ലാ ഇടങ്ങളിലും പച്ചക്കറി സ്റ്റാളുകൾ സ്ഥാപിച്ച് കുറഞ്ഞ വിലക്ക് വിതരണം ചെയ്യാനാണ് പദ്ധതി. പഞ്ചിമ ബംഗാളിൽ ഒരു കിലോ ഉരുളക്കിഴങ്ങിന് 35 രൂപയാണ് വില. അടുത്ത ഞായറാഴ്ച ആരംഭിക്കുന്ന സുഫാൻ ബംഗ്ലാ സ്റ്റാളിൽ ഉരുളക്കിഴങ്ങിന് കിലോക്ക് 25 രൂപ നിരക്കിൽ വിൽക്കും. ഇതിലൂടെ അതിവേഗം വർധിക്കുന്ന വില തടയാൻ സാധിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
പഞ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉരുളക്കിഴങ്ങിന്റെ വില വർധനവിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇവടെ ജ്യോതി ഉരുളക്കിഴങ്ങിന് കിലോക്ക് 30 രൂപയും ചന്ദ്രമുഖി ഉരുളക്കിഴങ്ങിന് കിലോക്ക് 35 രൂപയുമാണ് വില. ഇന്നലെ നബന്നയിൽ ടാസ്‌ക് ഫോഴ്‌സുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉരുളക്കിഴങ്ങിന്റെ വില വർധനവ് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഇതോടെയാണ് സുഫാൻ ബംഗ്ലാ സ്റ്റാളിൽ ഉരുളക്കിഴങ്ങ് കിലോക്ക് 25 രൂപ തോതിൽ വിൽക്കാൻ തീരുമാനിച്ചത്.
ഉരുളക്കിഴങ്ങിന്റെ ആവശ്യകതയിലുണ്ടായ വർധനയാണ് വില കുതിച്ചുയരാൻ കാരണമെന്ന് ഉരുളക്കിഴങ്ങ് വ്യാപാരികൾ അവകാശപ്പെട്ടു. സംസ്ഥാനത്ത് ഉയർന്ന രീതിയിൽ ഉരുളക്കിഴങ്ങ് ഉൽപാദനമുണ്ടായിട്ടും ഉരുളക്കിഴങ്ങ് വില ഇപ്പോഴും ഉയരുകയാണ്. വിപണിയിൽ ഉരുളക്കിഴങ്ങിന്റെ വില കുറയ്ക്കുന്നതിന് വ്യാപാരികൾക്ക് അഞ്ച് ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്.