Connect with us

Covid19

ഹജ്ജ് 2020: കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ റിപ്പോര്‍ട്ട് മക്ക ഗവര്‍ണര്‍ ഏറ്റുവാങ്ങി

Published

|

Last Updated

മക്ക | ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി പുണ്യ ഭൂമികളില്‍ ഒരുക്കിയ കൊവിഡ് മുന്‍കരുതല്‍ നടപടികളെ കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് ഇരു ഹറം കാര്യ മേധാവിയും ഹറം ഇമാമുമായ ഡോ: ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസില്‍ നിന്നും മക്ക ഗവര്‍ണറും സല്‍മാന്‍ രാജാവിന്റെ ഉപദേശകനുമായ ഫൈസല്‍ രാജകുമാരന്‍ ഏറ്റുവാങ്ങി. കൊവിഡ് വൈറസ് ആഗോള തലത്തില്‍ വ്യാപിച്ചതോടെ ഈ വര്‍ഷത്തെ ഹജ്ജ് നിയന്ത്രണങ്ങളോടെയാണ് നടത്തുന്നത്.

പതിനായിരം ആഭ്യന്തര തീര്‍ഥാടകരെ മാത്രമാണ് ഹജ്ജ് കര്‍മ്മത്തിനായി തീരുമാനിച്ചിട്ടുള്ളത്. ഇവരില്‍ 3000 പേര്‍ സ്വദേശികളും 7000 പേര്‍ ആഭ്യന്തര വിദേശികളുമാണ്. ഹാജിമാര്‍ക്ക് കൂടുതല്‍ സുരക്ഷയോടെ ഹജ്ജ് കര്‍മ്മങ്ങള്‍ ചെയ്യുന്നതിനായി ഒരുക്കിയ സൗകര്യങ്ങള്‍, പ്രതിരോധ നടപടിക്രമങ്ങള്‍ എന്നിവ് ഡോ: അല്‍സുദൈസ്, ഫൈസല്‍ രാജകുമാരനോട് വിശദീകരിച്ചു.

ആരോഗ്യ മേഖലയില്‍ ലഭിക്കുന്ന പരിമിതികളില്ലാത്ത പിന്തുണയിലൂടെ മഹാമാരിയെ അഭിമുഖീകരിക്കുന്നതില്‍ സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച നടപടികളെ ഫൈസല്‍ രാജകുമാരന്‍ പ്രത്യേകം എടുത്തുപറഞ്ഞു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലേക്ക് ജുമുഅ, ജമാഅത്ത് നിസ്‌കാരത്തിനായി തുറന്നു കൊടുത്തെങ്കിലും റൗളാ ശരീഫിലേക്ക് പ്രവേശന വിലക്കും ഉംറ തീര്‍ഥാടനത്തിനുള്ള വിലക്കും തുടരുകയാണ്.