Connect with us

Covid19

സംസ്ഥാനത്ത് 1,078 പേര്‍ക്കു കൂടി കൊവിഡ്; സമ്പര്‍ക്കം വഴി 798 പേര്‍ക്ക്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 1,078 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചു പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി , മൂവാറ്റുപുഴയിലെ ലക്ഷ്മി കുഞ്ഞന്‍പിള്ള, പാറശ്ശാലയിലെ രവീന്ദ്രന്‍, കൊല്ലം എ എസ് പുരത്തെ റഹിയാനത്ത്, കണ്ണൂര്‍ വിളക്കോട്ടൂരെ സദാനന്ദന്‍ എന്നിവരാണ് മരിച്ചത്. ഇതില്‍ റഹിയാനത്ത് ഒഴികെയുള്ളവര്‍ കൊവിഡിതര രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഇന്ന് 432 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി.

തിരുവനന്തപുരം- 222, കൊല്ലം- 106, എറണാകുളം- 100, മലപ്പുറം- 89, തൃശൂര്‍- 83, ആലപ്പുഴ- 82, കോട്ടയം- 80, കോഴിക്കോട്- 67, ഇടുക്കി- 63, കണ്ണൂര്‍- 51, പാലക്കാട്- 51 കാസര്‍കോട്- 47, പത്തനംതിട്ട- 27, വയനാട്- 10 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം- 60, കൊല്ലം- 31, ആലപ്പുഴ- 39, കോട്ടയം- 25, ഇടുക്കി- 22, എറണാകുളം- 95, തൃശൂര്‍- 21, പാലക്കാട്- 45, മലപ്പുറം- 30, കോഴിക്കോട്- 16, വയനാട്- 5, കണ്ണൂര്‍- 7, കാസര്‍കോട്- 36 എന്നിങ്ങനെയാണ് നെഗറ്റീവായത്. കഴിഞ്ഞ 24 മണിക്കൂറിനകം 22,430 സാമ്പിള്‍ പരിശോധിച്ചു. 1,58,117 പേര്‍ നിരീക്ഷണത്തിലുണ്ട്. 9,354 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇന്ന് മാത്രം 1,070 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9458 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,28,940 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. ഇതില്‍ 9159 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 1,07,066 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ 1,02,687 സാമ്പിളുകള്‍ നെഗറ്റീവാണ്. സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 428 ആയിട്ടുണ്ട്. കൂടുതലായി രോഗ വ്യാപനമുള്ള തിരുവനന്തപുരം ജില്ലയില്‍ 222 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 100ഉം സമ്പര്‍ക്കം വഴിയാണ്.