Gulf
യു എ ഇയിൽ ശക്തമായ പൊടിക്കാറ്റ്

ദുബൈ | യു എ ഇയിൽ ശക്തമായ പൊടിക്കാറ്റ്. ചില സ്ഥലങ്ങളിൽ മഴ പെയ്തു. ആകാശം പൊതുവെ മേഘാവൃതമായിരുന്നു. ഇന്നലെ ഉച്ച മുതലാണ് പൊടിക്കാറ്റ് വീശിത്തുടങ്ങിയത്. കടുത്ത വെയിൽ ഇതോടെ ഇല്ലാതായി. ദൂരക്കാഴ്ച കുറഞ്ഞതിനാൽ വാഹന ഗതാഗതം ദുഷ്‌കരമായി. അൽഐനിൽ നിന്ന് സംവഹന മേഘങ്ങൾ വടക്കൻ എമിറേറ്റുകളിലേക്ക് നീങ്ങിയതും കാറ്റ് ശക്തമായതുമാണ് കാലാവസ്ഥ മാറ്റത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. മുഹമ്മദ് ബിൻ സായിദ് റോഡിൽ മണൽ കൊടുങ്കാറ്റ് തന്നെ രൂപപ്പെട്ടു.
ദുബൈയിൽ ഖിസൈസ്, മുഹൈസിന, മിർദിഫ്, അൽഖൂസ് ഭാഗങ്ങളിലും ഷാർജ അൽ നഹ്ദ ഏരിയയിലുമാണ് ഏറ്റവും ശക്തമായ കാറ്റനുഭവപ്പെട്ടത്.
ഷാർജ മലീഹ, സുയുഹ് എന്നിവിടങ്ങളിൽ നേരിയ തോതിൽ മഴയും പെയ്തു. എവിടെയും അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
പൊടിക്കാറ്റ് റോഡുകളിൽ മണൽകൂനകൾ രൂപപ്പെടാനിടയാക്കും. വാഹനങ്ങൾ ജാഗ്രതയോടെ വേഗത കുറച്ച് സഞ്ചരിക്കണം. പൊതുജനങ്ങൾ പൊടിക്കാറ്റിൽനിന്നും അടിസ്ഥാന ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കണം. പൊടിക്കാറ്റുള്ളപ്പോൾ, പ്രത്യേകിച്ച് ദൂരക്കാഴ്ച കുറയുമ്പോൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം.