National
കൊവിഡ്: ബീഹാര്‍ സര്‍ക്കാര്‍ പുറത്ത് വിടുന്നത് തെറ്റായ കണക്കുകള്‍- തേജസ്വി യാദവ്

പാട്‌ന| കൊറോണ വൈറസ് കേസിനെകുറിച്ചുള്ള കൃത്രിമ കണക്കുകളാണ് ബീഹാര്‍ സര്‍ക്കാര്‍ പുറത്ത് വിടുന്നതെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. പുതിയ കേസുമായി ബന്ധപ്പെട്ട കണക്കുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
12.6 കോടി ബീഹാറി ജനങ്ങളുടെ ജീവതം മുഖ്യമന്ത്രി നിതീഷ് കുമാര്‍ നശിപ്പിക്കുയാണെന്ന് അദ്ദേഹത്തിനെതിരേ ആഞ്ഞടിച്ച് യാദവ് പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ ജീവനെക്കാള്‍ തന്റെ പ്രതിച്ഛായക്കാണ് നിതീഷ് പ്രാധാന്യം നല്‍കുന്നതെന്നും തേജസ്വി പറഞ്ഞു.
ഒറ്റദിവസം 2,226 പുതിയ കേസുകളാണ് ബീഹാറില്‍ റിപ്പോര്‍ട്ട് ചെയ്തത്. 21.7 ശതമാനം നിരക്കിലാണ് കേസുകള്‍ വര്‍ധിക്കുന്നത്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റെക്കോര്‍ഡാണ്. യഥാര്‍ഥ കണക്കുകള്‍ മറച്ചുവെച്ചാണ് മുഖ്യമന്ത്രി ഒരോ ദിവസവും കണക്കുകള്‍ പുറത്ത് വിടുന്നത്. പരിശോധന നിലവാരം കുറയുകയാണെങ്കില്‍ മരണനിരക്ക് കൂടുമെന്നും തേജസ്വി മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച സംസ്ഥാനത്ത് 1,742 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്ക് പുറത്ത് വിട്ടത്.