Covid19
കൊവിഡ് കുതിക്കുന്നു; ഇന്ന് 791 പേർക്ക്; തിരുവനന്തപുരത്ത് സമൂഹ വ്യാപനം

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. ഇന്ന് 791 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 532 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. സമ്പര്‍ക്ക ബാധിതരില്‍ 42 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ തീരമേഘലയില്‍ അതിവേഗത്തില്‍ രോഗം പടരുന്നതായും ഇത് ഗുരുതര സ്ഥിതിവിശേഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പൂന്തുറ, പുല്ലുവിള പ്രദേശങ്ങളില്‍ സമൂഹ വ്യാപനം സംഭവിച്ചതായാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തീരമേഖലയില്‍ ഉള്‍പ്പെട്ട കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 97 പരിശോധിച്ചതില്‍ 51 പേര്‍ പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 പേര്‍ക്ക് നടത്തിയ പരിശോദനയില്‍ 26 എണ്ണം പോസിറ്റീവ്. പുതുക്കുറിശ്ശിയില്‍ 75ല്‍ 20 എണ്ണമാണ് പോസിറ്റീവ്. അഞ്ചുതെങ്ങില്‍ 83 സാംപിളുകള്‍ പരിശോധിച്ചതില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണ് ഇതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഈ ഗുരുതര സ്ഥിതി വിശേഷം നേരിടുന്നതിന് എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരില്‍ 198 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 98. 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഓരോ ഐടിബിപി, ബിഎസ്എഫ് ജവാന്മാര്‍ക്കും ഏഴ് കെ എസ് ഇക്കാര്‍ക്കും രോഗബാധയുണ്ടായി. കൊവിഡ് മൂലം തൃശൂര്‍ ജില്ലയിലെ പുല്ലൂര്‍ സ്വദേശി ശൈജു ഇന്ന് മരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. ജൂലൈ 14ന് ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശി മുരളയുടെ സ്രവ പരിശോധനാ റിപ്പോര്‍ട്ട് കോവിഡ് പോസിറ്റീവാണെങ്കിലും ആത്മഹത്യയായതിനാല്‍ ഇത് കൊവിഡ് മരണ പട്ടികയില്‍ ഉള്‍പ്പെടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇന്ന് 133 പേര്‍ രോഗമുക്തി നേടി.
ഇന്ന് പോസിറ്റീവ് ആയവര്‍ ജില്ല തിരിച്ച്
തിരുവനന്തപുരം – 246
കൊല്ലം – 47
പത്തനംതിട്ട – 87
കോട്ടയം – 39
ആലപ്പുഴ – 57
ഇടുക്കി – 11
എറണാകുളം – 115
തൃശൂര്‍ – 32
പാലക്കാട് – 31
മലപ്പുറം – 25
കോഴിക്കോട് – 32
വയനാട് – 28
കണ്ണൂര്‍ – 9
കാസര്‍കോട് – 32
നെഗറ്റീവ് ആയവര്‍
തിരുവനന്തപുരം- 8
കൊല്ലം – 7
കോട്ടയം – 8
ആലപ്പുഴ – 6
ഇടുക്കി – 5
എറണാകുളം – 5
തൃശൂര്‍ – 32
മലപ്പുറം – 32
കോഴിക്കോട് – 9
വയനാട് – 4
കണ്ണൂര്‍ – 8
കാസര്‍കോട് – 9
കഴിഞ്ഞ 24 മണിക്കൂറിനകം 16,642 സാംപിളുകള്‍ പരിശോധനക്കയച്ചു. 1,78,481 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 6124 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. 6029 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്ന് 1152 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 2,75,900 സാംപിളുകള്‍ ഇതുവരെ പരിശോധനക്ക് അയച്ചതിൽ 7610 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വീലിയന്‍സിന്റെ ഭാഗമായി പരിശോധിച്ച 88,903 സാംപിളുകളില്‍ 84454 സാംപിളുകള്‍ നെഗറ്റീവാണ്. സംസ്ഥാനത്തെ ഹോട് സ്‌പോട്ടുകളുടെ എണ്ണം 285 ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.