കൊവിഡ് പരീക്ഷണം മനുഷ്യരിൽ പൂർത്തിയാക്കിയെന്ന് റഷ്യ

Posted on: July 13, 2020 1:08 pm | Last updated: July 13, 2020 at 1:08 pm

മോസ്‌കോ | കൊവിഡ് 19 നെതിരായ വാക്‌സിൻ പരീക്ഷണം മനുഷ്യരിൽ പൂർത്തിയാക്കിയെന്ന അവകാശവാദവുമായി റഷ്യ. മോസ്‌കോയിലെ സെചെനോവ് യൂനിവേഴ്‌സിറ്റിയിൽ നടന്ന ക്ലിനിക്കൽ പരീക്ഷണം വിജയകരമാണെന്നാണ് അധികൃതർ പറയുന്നത്. മനുഷ്യനിൽ പരീക്ഷിച്ച് വിജയിക്കുന്ന ലോകത്തെ ആദ്യത്തെ കൊറോണ വാക്‌സിനാണ് ഇത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്‌നാഷണൽ മെഡിസിൻ ആന്റ് ബയോടെക്‌നോളജി ഡയറക്ടർ വഡിം തരാസോവ് ആണ് വാക്‌സിൻ മനുഷ്യരിൽ പരീക്ഷിച്ച് വിജയിച്ച വാർത്ത പുറത്തുവിട്ടത്. ഗാമലെയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജി ആണ് വാക്‌സിൻ നിർമിച്ചത്.

കഴിഞ്ഞ മാസം 16നാണ് റഷ്യൻ ആരോഗ്യമന്ത്രാലയം പരീക്ഷണത്തിനുള്ള അനുമതി നൽകിയത്. ഗവേഷണത്തിന്റെ ആദ്യ ഘട്ടമായ 18ന് 18 വളണ്ടിയർമാരിലാണ് പരീക്ഷണം നടത്തിയത്. രണ്ടാം ഘട്ടത്തിൽ 20 വളണ്ടിയർമാരിൽ വാക്‌സിൻ പരീക്ഷിച്ചു. വാക്‌സിനേഷന് ശേഷം 28 ദിവസത്തോളം വളണ്ടിയർമാർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
സ്വയം സന്നദ്ധരായി എത്തിയവരിലാണ് പരീക്ഷണം നടത്തിയതെന്നും വാക്‌സിൻ സുരക്ഷിതമാണെന്നും മുഖ്യ ഗവേഷക അഭിപ്രായപ്പെട്ടു. ഈ മാസം 15, 20 തീയതികളിലായി ഇവരെ ഡിസ്ചാർജ് ചെയ്യും.

കൊവിഡ് 19 കേസുകളുടെ എണ്ണത്തിൽ നിലവിൽ നാലാം സ്ഥാനത്താണ് റഷ്യ .