Connect with us

Kerala

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം: നാളെ പഞ്ചായത്ത് തലത്തില്‍ യു ഡി ഫ് ധര്‍ണ

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യന്ത്രി പിണറായി വിജയന്‍ ഇത്രയും നാള്‍ കണ്ണടച്ച് പാല് കുടിക്കുകയായിരുന്നു. സ്വപ്‌നസുരേഷുമായി സര്‍ക്കാറിന് അടുത്ത ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് പ്രക്ഷോഭം നടത്തും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നാളെ എല്ലാ പഞ്ചായത്തിലും യു ഡി എഫ് ധര്‍ണ നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

കോവളത്തെ എയ്‌റോ സ്‌പേസ് കോണ്‍ക്ലേവില്‍ മുഖ്യസംഘാടക സ്വപ്‌നയായിരുന്നു. സര്‍ക്കാര്‍ നടത്തിയ ഈ പരിപാടിയില്‍ ആളുകളെ ക്ഷണിച്ചത് സ്വപ്‌നയാണ്. മുഖ്യമന്ത്രി അടക്കം പങ്കെടുത്ത പരിപാടിയില്‍ ധാരണാപത്രം കൈമാറിയതും ഇവരാണ്. നടപടികള്‍ പാലിക്കാതെയാണ് സ്വപ്നയെ ഈ പരിപാടിയില്‍ പങ്കെടുപ്പിച്ചത്. സ്വപ്‌നയുടെ നിയമനം അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് തെറ്റാണ്. നിയമനം മുഖ്യമന്ത്രിയുടേയും സര്‍ക്കാറിന്റേയും അറിവോടെയാണ്. സ്വര്‍ണക്കടക്ക് കേസ് തെളിയിക്കുന്നതില്‍ സംസ്ഥാന പോലീസ് കുറ്റകരമായ മൗനം തുടരുന്നു.

സെക്രട്ടറിയെ മാറ്റിയത് പൊതുജനങ്ങളുടെ ഇടയില്‍ അഭിപ്രായ വിത്യാസം ഉണ്ടായതിനാലാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ നേരത്തെ സ്പ്രിന്‍ക്ലര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇത്തരം പൊതുജനം അഭിപ്രായം ഉണ്ടായപ്പോള്‍ ഐ ടി സെക്രട്ടറി ശിവശങ്കറെ മാറ്റിയില്ല. ഇപ്പോള്‍ മാറ്റാന്‍ തയ്യാറായത് മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളുമെന്ന് കണ്ടപ്പോഴാണ്. എം ശിവശങ്കര്‍ നടത്തിയ പല ഇടപെടലും ദുരൂഹമാണ്. അദ്ദേഹം ആഭ്യന്തര വകുപ്പിന് എഴുതിയ കത്തുകള്‍ പുറത്തുവിടണം. സ്വപ്നക്ക് നിയമനം നല്‍കിയത് പ്ലേസ്‌മെന്റ് ഏജന്‍സിയാണെന്നാണ്. കേരളത്തിലെ എല്ലാ അഴിമതിക്കും ഇപ്പോള്‍ കാരണക്കാരായ പി ഡബ്ല്യൂ സിയാണ് ഈ നിയമനവും നടത്തിയത്. രാജ്യാന്തര കള്ളക്കടത്ത് സംഘത്തെ സഹായിക്കുന്നത് ആരാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest