Connect with us

Kerala

കൊവിഡ് വ്യാപനം: പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; കര്‍ശന പരിശോധനയുമായി പോലീസ്

Published

|

Last Updated

പൊന്നാനി | അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5 മുതല്‍ ജുലൈ 6 അര്‍ധരാത്രി വരെയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. പ്രദേശത്തെ 1500 പേരെ പ്രാഥമിക ഘട്ടത്തില്‍ ടെസ്റ്റിന് വിധേയമാക്കും. രോഗം സ്ഥിരീകരിച്ച ഡോക്ടര്‍മാര്‍ സേവനം അനുഷ്ഠിച്ചിരുന്ന ആശുപത്രികളില്‍ ജൂണ്‍ 5ന് ശേഷം പോയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അവലോകനയോഗ തീരുമാനം തഹസില്‍ദാര്‍ അറിയിച്ചു

പ്രാരംഭഘട്ടത്തില്‍ താലൂക്കിലെ 1500 പേര്‍ക്ക് കൊവിഡ് പരിശോധന നടത്താനും തീരുമാനമായി. ഇതിന് സ്വകാര്യ ആശുപത്രികളുടെ സഹായം തേടും. ജില്ലയില്‍ ആവശ്യമെന്ന് കണ്ടാല്‍ പരിശോധന വ്യാപിപ്പിക്കും. വട്ടംകുളം, മാറഞ്ചേരി, എടപ്പാള്‍, ആലങ്കോട് പഞ്ചായത്തുകള്‍ പൂര്‍ണമായും കണ്ടെയിന്‍മെന്റ് മേഖലയാക്കാനാണ് ജില്ലാ ഭരണകൂടം ശിപാര്‍ശ ചെയ്തിരിക്കുന്നത്. നാല് കൊവിഡ് ബാധിതരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.

എടപ്പാളില്‍ ഡോക്ടര്‍മാരടക്കം അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പൊന്നാനി താലൂക്കിള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. സമൂഹ വ്യാപനമറിയുന്നതിനായി നടത്തിയ സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലേക്ക് രോഗികളും പൊതുജനങ്ങളും പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളുടെ സ്രവം പരിശോധനക്ക് അയച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍കെതിരെ കര്‍ശന നിയമ നടപടി കൈകൊള്ളുമെന്ന് പൊന്നാനി സി ഐ മഞ്ചിത്ത്‌ലാല്‍ പറഞ്ഞു