Connect with us

Kerala

ഇ-മൊബിലിറ്റി പദ്ധതിക്ക് കരാര്‍ നല്‍കിയത് നടപടി ക്രമങ്ങള്‍ പാലിച്ച്; അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ഇ-മൊബിലിറ്റി പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതകളുമായി ഒരുതരത്തിലും പൊരുത്തപ്പെടാത്ത ആരോപണമാണിത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ യാതൊരു അസ്വാഭാവികതയുമില്ല. നടപടി ക്രമങ്ങള്‍ പാലിച്ചു തന്നെയാണ് കരാര്‍ നല്‍കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ കാലത്ത് വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനാണ് തീരുമാനം. 2022 ഓടെ 10 ലക്ഷം വൈദ്യുതി വാഹനങ്ങള്‍ നിരത്തിലിറക്കുകയാണ് ലക്ഷ്യം. മദ്രാസ് ഐ ഐ ടിയിലെ പ്രൊഫ. അശോക് ജുന്‍ജുന്‍വാലയുടെ നേതൃത്വത്തില്‍ രൂപവത്ക്കരിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി വാഹനനയം സര്‍ക്കാര്‍ രൂപവത്ക്കരിച്ചിട്ടുള്ളത്. സാധ്യതകളും പരിമിതികളും ശാസ്ത്രീയമായി പഠിച്ച ശേഷം ഉറച്ച നിലപാടോടെയാണ് നയം നടപ്പില്‍ വരുത്താനൊരുങ്ങുന്നത്.

പ്രതിപക്ഷ നേതാവ് പരാമര്‍ശിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന സ്ഥാപനം ഇന്ത്യാ ഗവണ്മെന്റിന്റെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ സര്‍വീസസ് കോര്‍പ്പറേറ്റഡ് (നിക്സി) എംപാനല്‍ ചെയ്ത സ്ഥാപനമാണ്. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ കേന്ദ്ര മന്ത്രാലയങ്ങളുടെയും ഐ സി എം ആര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെയും കണ്‍സള്‍ട്ടന്‍സി ചെയ്തുകൊണ്ടിരിക്കുന്ന കമ്പനിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ്. നിക്സിയുടെ അംഗീകൃത പട്ടികയിലെ മൂന്ന് കമ്പനികളെയാണ് ബസ് പോര്‍ട്ടുകള്‍, ലോജിസ്റ്റിക് പോര്‍ട്ടുകള്‍, ഇ-മൊബിലിറ്റി പദ്ധതിക്കുള്ള കര്‍മ പദ്ധതി തയ്യാറാക്കല്‍ എന്നിവയുടെ കണ്‍സള്‍ട്ടന്റുകളായി തീരുമാനിച്ചത്.

ഓരോ ബസ് പോര്‍ട്ടുകള്‍ക്കും 2.15 കോടി രൂപയും ലോജിസ്റ്റിക് പോര്‍ട്ടുകള്‍ക്ക് 2.9 കോടി രൂപയും ഇ-മൊബിലിറ്റിക്കായി 82 ലക്ഷവുമാണ് വകയിരുത്തിയത്. ഗതാഗത വകുപ്പ്, ധനകാര്യ വകുപ്പ് എന്നിവയുടെ പരിശോധനക്കു ശേഷമാണ് ഫയലുകളില്‍ അന്തിമ തീരുമാനമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെബി വിലക്കിയ കമ്പനിക്കാണ് കരാര്‍ നല്‍കിയതെന്ന ആരോപണവും അടിസ്ഥാന രഹിതമാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഏജന്‍സിയായ നിക്സി എംപാനല്‍ ചെയ്ത പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് ഒരു കണ്‍സള്‍ട്ടന്‍സി കമ്പനിയാണ്. അതിന് സെബിയുടെ വിലക്കില്ല. വിലക്കുള്ളത് പ്രൈസ് വാട്ടര്‍ ഹൗസ് ആന്‍ഡ് കമ്പനി ബാംഗ്ലൂര്‍ എല്‍ എല്‍ പി എന്ന ഓഡിറ്റ് സ്ഥാപനത്തിനാണ്. ഇവരാണ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതായി ഓഡിറ്റിംഗില്‍ കണ്ടെത്തിയത്. ഒന്ന് ഓഡിറ്റ് കമ്പനിയും മറ്റൊന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനവുമാണ്. ഇവ രണ്ടും വ്യത്യസ്ത പ്രവര്‍ത്തനമാണെന്ന ലളിതമായ കാര്യം മറച്ചുവച്ചാണ് പ്രതിപക്ഷ നേതാവ് ആരോപണമുന്നയിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രം എംപാനല്‍ ചെയ്ത ഒരു ഏജന്‍സിയെ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചട്ടപ്രകാരം ചുമതലപ്പെടുത്തിയതില്‍ എന്ത് ക്രമക്കേടാണുള്ളതെന്ന് പറയാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ല. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതു കൊണ്ട് സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്തിരിയാന്‍ പോകുന്നില്ലെന്നും കേരളത്തിന്റെ വികസന വളര്‍ച്ചക്ക് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.