Connect with us

Kerala

കോഴിക്കോട്ട് ജ്വല്ലറി കെട്ടിടത്തില്‍ തീ; നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു

Published

|

Last Updated

കോഴിക്കോട്  | ബഹുനില ജ്വല്ലറി കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടിത്തം നഗരത്തില്‍ ഭീതി പടര്‍ത്തി. അപ്പോളോ ജ്വല്ലറി പ്രവര്‍ത്തിക്കുന്ന കോട്ടൂളിയിലെ നാലു നില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. ആര്‍ക്കും പരിക്കില്ല. ജ്വല്ലറിക്കുള്ളില്‍ കുടുങ്ങിയ നാലു ജീവനക്കാരെ മറ്റു ജീവനക്കാര്‍ ചില്ലുതകര്‍ത്തു രക്ഷിച്ചു. കൂടുതല്‍ പേര്‍ കെട്ടിടത്തില്‍ കുടുങ്ങിയിട്ടുണ്ടെന്ന ആശങ്കയില്‍ പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തില്‍ മുഴുകി.

ശനിയാഴ്ച ഉച്ചക്കു 12 മണിയോടെയാണ് പാര്‍ക്കിങ്ങ് ഏരിയയായ ബേസ്‌മെന്റില്‍ തീപ്പിടിത്തമുണ്ടായത്. ജീവനക്കാരുടെ വാഹനങ്ങളാണ് ഈ സമയം ഇവിടെ നിര്‍ത്തിയിട്ടിരുന്നതില്‍ ഏറെയും. ജ്വല്ലറിയും കോര്‍പറേറ്റ് ഓഫീസും ഈ കെട്ടിടത്തിലാണു പ്രവര്‍ത്തിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നാം നിലയിലും ജ്വല്ലറിയും രണ്ടും മൂന്നും നിലകളില്‍ ഓഫീസുമാണ്. നാല്‍പതോളം ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. ഇവരുടെ മൂന്നു കാറും 30 ഓളം ബൈക്കുകളുമാണ് ബേസ്‌മെന്റില്‍ ഉണ്ടായിരുന്നത്.

രാവിലെ ആയതിനാല്‍ ഇടപാടുകാരുടെ ഒരു സംഘം മാത്രമാണ് ഷോറുമില്‍ ഉണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം തീപ്പിടിത്തത്തിനു കാരണമെന്നു കരുതുന്നു. വാഹനങ്ങളില്‍ തീ പടര്‍ന്നതോടെ പെട്രോള്‍ ഗന്ധത്തോടെയുള്ള രൂക്ഷമായ പുക മുകള്‍ നിലയിലേക്കു പടരുകയായിരുന്നു. ഉടനെ കസ്റ്റമേഴ്‌സിനെ പുറത്താക്കി. ജീവനക്കാര്‍ മുഴുവന്‍ അതിവേഗം പുറത്തിറങ്ങി. എന്നാല്‍ ഒന്നാം നിലയില്‍ ഉണ്ടായിരുന്ന നാലു ജീവനക്കാര്‍ക്ക് പുറത്തു കടക്കാനായില്ല. അപ്പോഴേക്കും സ്‌റ്റെയര്‍ കെയ്‌സ് മുഴുവന്‍ പുക മൂടുകയായിരുന്നു. ഇവരെ മറ്റു ജീവനക്കാര്‍ ചില്ലു തകര്‍ത്തു രക്ഷിക്കുകയായിരുന്നു.

അപ്പോഴേക്കും ഫയര്‍ ഫോഴ്‌സ് എത്തി തീയണക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. കെട്ടിടത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഈ ജോലിക്കാരും ഉണ്ടായിരുന്നു. കത്തിയ വാഹനങ്ങളില്‍ ഒരു ഓട്ടോറിക്ഷയുമുണ്ട്. ഇതു നിര്‍മാണത്തൊഴിലാളികളുടേതാണോ കസ്റ്റമേഴ്‌സ് വന്നതാണോ എന്നു വ്യക്തമായിട്ടില്ല.

ഷോറൂമിലേക്കു തീപടര്‍ന്നില്ലെങ്കിലും കടുത്ത പുകയില്‍ ജ്വല്ലറിയിലെ ചുമരുകള്‍ക്ക് കേടുപറ്റി. രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് തീയണക്കാനായത്. മെഡിക്കല്‍ കോളജ് പോലീസും ബീച്ച് ഫയര്‍ ആന്റ് റസ്‌ക്യൂ യൂണിറ്റും തീയണക്കാന്‍ നേതൃത്വം നല്‍കി.