Covid19
കൽക്കരി ലേലം: ഇന്ത്യയെ വിമർശിച്ച് യു എൻ

യുനൈറ്റഡ് നാഷൻസ്| കൊവിഡ് 19 പദ്ധതികളിൽ പ്രത്യകിച്ച കാരണമൊന്നുമില്ലാതെ കൽക്കരി ഉൾപ്പെടുത്തേണ്ടതില്ലെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
വാണിജ്യഖനനത്തിന് കൽക്കരി ബ്ലോക്കുകൾക്കായി ഇന്ത്യ ലേലം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴാണ് വിമർശവുമായി ഗുട്ടെറസ് രംഗത്തെത്തിയത്.
കൊവിഡ് 19 പദ്ധതികളിൽ കൽക്കരി ഉൾപ്പെടുത്തേണ്ടതില്ലെന്നും പകരം മലിനീകരണമില്ലാത്ത ഊർജസ്രോതസ്സുകളിലാണ് നിക്ഷേപം നടത്തേണ്ടതെന്നും ചൂണ്ടിക്കാട്ടി. ഞങ്ങൾക്ക് പഴയ രീതിയിലേക്ക് മടങ്ങാനും പ്രതിസന്ധി രൂക്ഷമാക്കിയ സംവിധാനങ്ങൾ പുനർനിർമിക്കാനും കഴിയില്ല. കൂടുതൽ സുസ്ഥിരവും ലിംഗ-തുല്യവുമായ സമൂഹങ്ങളും സമ്പദ്വ്യവസ്ഥകളും മികച്ച രീതിയിൽ വളർത്തിയെടുക്കേണ്ടതുണ്ട്. പുതിയ കാര്യങ്ങൾക്ക് നേതൃത്വം നൽകാൻ ഐക്യരാഷ്ട്രസഭ പ്രതിജ്ഞാബന്ധമാണ്. വെർച്വൽ പത്രസമ്മേളനത്തിൽ ഗുട്ടെറസ് പറഞ്ഞു.
ഒരു രാജ്യത്തിന്റെയും പേര് പരാമർശിക്കാതെയാണ് ഗുട്ടെറസ് ഇങ്ങനെ പറഞ്ഞതെങ്കിലും വാണിജ്യഖനനത്തിന് കൽക്കരി ബ്ലോക്കുകൾക്കായി ലേലം നടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ പരാമർശിച്ചാണ് പ്രസ്താവനയെന്ന് യു എൻ വൃത്തങ്ങൾ അറിയിച്ചു.