International
ജോര്‍ജ് ഫ്‌ളോയ്ഡ്: പ്രക്ഷോഭങ്ങളില്‍ സജീവ സാന്നിധ്യമായി മുസ്ലിം സംഘടനകള്‍
 
		
      																					
              
              
            
മിയാമിയിലെ പ്രതിഷേധ പരിപാടിക്ക് മുമ്പായി നിസ്‌കരിക്കുന്നവര്‍
വാഷിംഗ്ടണ്‍ | അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ ക്രൂര കൊലപാതകത്തെ തുടര്‍ന്ന് കറുത്തവംശജര്‍ നടത്തുന്ന പ്രക്ഷോഭ പരിപാടികളില്‍ സജീവ സാന്നിധ്യമായി മുസ്ലിം സംഘടനകള്‍. പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ പരിഷ്‌കാരം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി മുസ്ലിം സംഘടനകളാണ് പ്രതിഷേധ പരിപാടികള്‍ നടത്തുന്നത്.
നിരായുധരും കറുത്ത വംശജരുമായ മുസ്ലിംകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അമേരിക്കയുടെ ചരിത്രത്തില്‍ എമ്പാടുമുണ്ടെന്നും ഇത് അസ്വസ്ഥപ്പെടുത്തുന്നതാണെന്നും മുസ്ലിം സംഘടനകളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന 90ലേറെ സംഘടനകളാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.
അമേരിക്കന്‍ മുസ്ലിംകള്‍ എന്ന നിലയില്‍ തങ്ങളുടെ വൈവിധ്യവും ശക്തിയും പ്രകടിപ്പിക്കും. കറുത്തവംശജരുടെ ജീവനും വിലയുണ്ട്- പ്രസ്താവനയില്‍ പറയുന്നു. വംശീയമായി ചിത്രീകരിക്കുന്നതും തലച്ചോറിലേക്ക് രക്തത്തിന്റെയോ ഓക്‌സിജന്റെയോ ഒഴുക്ക് തടയുന്നതുമായ കൈപ്രയോഗങ്ങളും പോലീസുകാര്‍ ഒഴിവാക്കണമെന്നതടക്കമുള്ള പരിഷ്‌കാരങ്ങള്‍ വരുത്താനാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

