Connect with us

Gulf

ദുബൈയിൽ നീന്തൽകുളങ്ങൾ തുറക്കുന്നു

Published

|

Last Updated

ദുബൈ | ദുബൈയിൽ പബ്ലിക്, പ്രൈവറ്റ് സ്വിമ്മിംഗ് പൂളുകൾ തുറക്കാൻ തീരുമാനം. ഇതോടെ ജല കായിക വിനോദങ്ങളും പുനരാരംഭിക്കും. ദുബൈ നഗരസഭയാണ് ഇക്കാര്യം അറിയിച്ചത്. ദുബൈ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്, ദുബൈ സ്‌പോർട്‌സ് കൗൺസിൽ, ദുബൈ നഗരസഭ സംയുക്തമായാണ് പൂളുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് അറിയിച്ചത്.

ദുബൈ നഗരസഭ നിർദേശിച്ച മാനദണ്ഡങ്ങൾക്ക് വിധേയമായി നീന്തൽ കുളങ്ങളിലെ വെള്ളം പരിശോധിക്കണം. ക്ലോറിൻ ഉപയോഗിച്ച് ശുദ്ധീകരിക്കണം. ഓരോ ഉപയോഗത്തിന് ശേഷം ലോക്കറുകളും വസ്ത്രം മാറാനുള്ള മുറിയും ഷവറും അണുമുക്തമാക്കണം. ടവ്വലുകൾ സന്ദർശകർ കൈയിൽ കരുതണം.
അതേസമയം രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ദുബൈയിലെ ഹോട്ടലുകളിലെ നീന്തൽകുളങ്ങൾ ഇന്നലെ മുതൽ തുറന്നു. പൂളിൽ രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കണം. ഒരേസമയം അഞ്ചിലധികം പേരെ പ്രവേശിപ്പിക്കുകയുമില്ല.

കായിക മത്സരങ്ങളും വിനോദങ്ങളും വർധിക്കുന്നു
കായിക മത്സരങ്ങൾ വീണ്ടും സജീവമാക്കാൻ ദുബൈ സ്‌പോർട്‌സ് കൗൺസിലും ദുബൈ പോലീസും ചർച്ച നടത്തി. അടുത്ത മാസം വേൾഡ് ട്രേഡ് സെന്ററും തുറക്കും. പ്രധാന ആകർഷണമായ ദുബൈ മാളിലെ ഫൗണ്ടനും തുറന്നു. ജലധാരയുടെ പ്രകടനം ആസ്വദിക്കാൻ ആദ്യ ദിനം തന്നെ എത്തിയതു നൂറുകണക്കിനാളുകൾ. അകലം പാലിച്ച് ഒരോരുത്തരും നിൽക്കേണ്ട സ്ഥലം കൃത്യമായി സ്റ്റിക്കറൊട്ടിച്ച് വേർതിരിച്ചിട്ടുണ്ട്.

സുരക്ഷാ മുൻകരുതലുകളോടെ ദുബൈ കോടതികളും തുറന്നു. അടഞ്ഞുകിടന്ന കാലയളവിൽ 11500 കേസുകൾ വിഡിയോ കോൺഫറൻസിലൂടെ വാദം കേട്ടെന്നും 95,000 ഹർജികൾ സ്വീകരിച്ചെന്നും അധികൃതർ അറിയിച്ചു.
ട്രേഡ് സെന്ററിൽ എക്‌സിബിഷനുകളും മറ്റ് പരിപാടികളും ജൂലൈയിൽത്തന്നെ തുടങ്ങാനാണ് തീരുമാനം. 2021ൽ നടത്തുന്ന അറബ് ഹെൽത്തിനുള്ള തയാറെടുപ്പുകൾ തുടങ്ങിയതായും ദുബായ് ടൂറിസം വാണിജ്യ വിപണ അതോറിറ്റി ഡയറക്ടർ ജനറൽ ഹെലാൽ സയീദ് അൽമാറി അറിയിച്ചു.

കഴിഞ്ഞദിവസം 2020 വേൾഡ് എക്‌സ്‌പോ നടത്തുന്നതിന്റെ സുരക്ഷാ ഒരുക്കങ്ങൾ സംബന്ധിച്ച വിലയിരുത്തലുകളും നടന്നിരുന്നു. മന്ത്രി നേരിട്ട് പോലീസ് സ്റ്റേഷൻ സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കി. അതിവേഗം സാധാരണ നിലയിലേക്ക് മടങ്ങുക എന്നതാണ് ദുബൈയുടെ നയം. ഇതിനൊപ്പം ഓരോരുത്തരുടെയും സുരക്ഷ സ്വന്തം ഉത്തരവാദിത്തമാണെന്നും ഓർമിപ്പിക്കുന്നു.
റോഡിലുടനീളം സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിൽ വി ആർ ആൾ റെസ്‌പോൺസിബിൾ എന്ന് എഴുതിയിട്ടുണ്ട്.

---- facebook comment plugin here -----

Latest