Connect with us

Covid19

മൂന്ന് ലക്ഷവും കടന്ന് രാജ്യത്തെ കൊവിഡ് കേസുകള്‍; മരണ നിരക്കും കുതിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് 19 വൈറസ് ഇന്ത്യന്‍ നഗരങ്ങളെ വരിഞ്ഞ് മുറുക്കുന്നു. പല സംസ്ഥാനങ്ങളിലേയും വലിയ നഗരങ്ങള്‍ കൊവിഡിന്റെ പിടിയിലമര്‍ന്നു കഴിഞ്ഞു. തലസ്ഥാനമായ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും സ്ഥിതി ഭയാനകമായ അവസ്ഥയാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗനിരക്കിലും മരണത്തിലുമുണ്ടായ വര്‍ധനവ് ഞെട്ടിപ്പിക്കുന്നതാണ്. ഇന്നലെ 386 മരണവും 11458 കൊവിഡ് കേസുകളുമാണ് രാജ്യത്തുണ്ടായത്. ആദ്യമായാണ് ഇന്ത്യയില്‍ ഇത്രയും കേസ് വര്‍ധനവ്. ആകെ രോഗികളുടെ എണ്ണം 3,08,993 ആയി. ജീവന്‍ നഷ്ടപ്പെട്ടവരാകട്ടെ 8884ല്‍ എത്തിയത്.

ഒരു ലക്ഷം രോഗികളാകാന്‍ രാജ്യത്ത് എടുത്തത് 109 ദിവസമായിരുന്നു. എന്നാല്‍ രണ്ട് ലക്ഷമാകാന്‍ 15 ദിവസം മാത്രമാണ്. എന്നാല്‍ മൂന്ന് ലക്ഷത്തിലേക്ക് എത്തിയത് കേവലം പത്ത് ദിവസമാണെന്നത് കൊവിഡ് വ്യാപന തീവ്രത എത്ര വലുതാണെന്ന് വ്യക്തമാക്കുന്നതാണ്. അമേരിക്കയും ബ്രസീലും റഷ്യയും ാത്രമാണ് രോഗികളുടെ മുമ്പില്‍ ഇപ്പോള്‍ ഇന്ത്യക്ക് മുമ്പിലുള്ളത്. മഹാരാഷ്ട്രയും ഡല്‍ഹിയും തമിഴ്‌നാടും ഗുജറാത്തുമാണ് ഇന്ത്യയില്‍ വൈറസ് മൂലം വലിയ പ്രതിസന്ധിയിലെത്തിയിരിക്കുന്നത്. 127 മരണവും 3493 കേസുകളുമാണ് മഹാരാഷ്ട്രയില്‍ മാത്രം ഉണ്ടായത്. സംസ്ഥാനത്ത് ഇതിനകം 101141 പേര്‍ വൈറസ് ബാധിതരായപ്പോള്‍ 3717 മരണങ്ങളുമുണ്ടായി.

തമിഴ്‌നാട്ടില്‍ ആകെ രോഗികളുടെ എണ്ണം 40698 ആയി. ഇന്നലെ മാത്രം 1982 കേസുകളുണ്ടായി. 367 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഡല്‍ഹിയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കേസാണ് ഇന്നലെയുണ്ടായത്. 24 മണിക്കൂറിനിടെ 2137 കേസും 129 മരണവുമാണ് ഡല്‍ഹിയിലുണ്ടായത്. ഡല്‍ഹിയില്‍ ഇതിനകം രോഗം ബാധിക്കുന്നവരുടെ എണ്ണം 36824ഉം മരണം 1214ലുമെത്തി. 1415 മരണവും 22527 കേസുകളുമാണ് ഗുജറാത്തിലുണ്ടായത്. ഇന്നലെ 495 കേസും 30 മരണവുമാണ് ഇവിടെയുണ്ടായത്.

ബംഗാളില്‍ 451, മധ്യപ്രദേശില്‍ 440, ഉത്തര്‍പ്രദേശില്‍ 365, രാജസ്ഥാനില്‍ 272 മരണങ്ങളും ഇതിനകം ഉണ്ടായി. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്താനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. ജൂണ്‍ 16, 17 തിയതികളിലായിരിക്കും മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ്. രണ്ടുദിവസത്തെ യോഗം സ്ഥിതി വിലയിരുത്തും.