National
ജസിക്ക ലാല്‍ വധം: കുറ്റവാളി മനു ശര്‍മ ജയില്‍ മോചിതനായി

ന്യൂഡല്‍ഹി | മോഡല്‍ ജസിക്ക ലാലിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റവാളി മനു ശര്‍മ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ഡല്‍ഹി തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. സെന്റന്‍സ് റിവ്യു ബോര്‍ഡിന്റെ (എസ് ആര്‍ ബി) ശിപാര്‍ശയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഒപ്പുവച്ചതോടെയാണ് ഇന്ന് വൈകിട്ട് മനു ശര്‍മ പുറത്തിറങ്ങിയത്. മെയ് 11 ന് ചേര്‍ന്ന എസ് ആര്‍ ബി യോഗത്തിന്റെ ശിപാര്‍ശയാണ് ഗവര്‍ണര്‍ അംഗീകരിച്ചതെന്ന് ശര്‍മയുടെ അഭിഭാഷകന്‍ അമിത് സാഹ്നി വ്യക്തമാക്കി. ശര്‍മയുടെ മോചനം ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ സ്ഥിരീകരിച്ചു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മനു ശര്‍മ 16 വര്‍ഷമാണ് തടവില്‍ കഴിഞ്ഞത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജയിലില്‍ തിരക്ക് കുറയ്ക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ശര്‍മ പരോളിലായിരുന്നു.
1999 ഏപ്രില്‍ 30നായിരുന്നു കേസിനാസ്പദമായ സംഭവം. ബാറില്‍ തനിക്ക് മദ്യം വിളമ്പാന്‍ ജസീക്ക വിസമ്മതിച്ചതില്‍ പ്രകോപിതനായ സിദ്ദാര്‍ഥ് വസിഷ്ഠ എന്ന് മനു ശര്‍മ (43) അവരെ വെടിവച്ചു കൊല്ലുകയായിരുന്നു. മുന്‍ കേന്ദ്ര മന്ത്രി വിനോദ് ശര്‍മയുടെ മകനാണ് മനു ശര്‍മ. 2006ലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
വിചാരണക്കോടതി ഇയാളെ കൊലക്കുറ്റത്തില്‍ നിന്ന് വിമുക്തനാക്കിയെങ്കിലും വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ ഹൈക്കോടതി കൊലപാതക കുറ്റം പുനഃസ്ഥാപിക്കുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. 2010ല്‍ സുപ്രീം കോടതി ശിക്ഷ ശരിവച്ചു.
ജയിലിലെ നല്ല നടപ്പ് പരിഗണിച്ച് ജയിലിന് പുറത്തുപോയി ജോലി ചെയ്യാന്‍ ശര്‍മക്ക് അനുവാദം നല്‍കി. രാവിലെ എട്ടിന് പുറത്തിറങ്ങി ജോലിക്കു ശേഷം വൈകിട്ട് ആറിന് ജയിലില്‍ തിരികെ പ്രവേശിക്കുകയെന്ന ആനുകൂല്യം രണ്ടുവര്‍ഷത്തോളം അനുഭവിച്ചു. 2018 ല്‍ ജസീക്കയുടെ സഹോദരി സബ്രീന മാപ്പ് നല്‍കിയതും മനു ശര്‍മ ജയില്‍ മോചിതനാകുന്നതില്‍ നിര്‍ണായക ഘടകമായി.