Connect with us

Editorial

ജോര്‍ജ് ഫ്‌ളോയ്ഡ് വര്‍ണവെറിയുടെ ഇര

Published

|

Last Updated

‘വര്‍ണ വിവേചനം അമേരിക്കയില്‍ ഇപ്പോഴും ഒരു വെല്ലുവിളിയായി അവശേഷിക്കുന്നു. നിയമങ്ങള്‍ മാറിയതു കൊണ്ടായില്ല. ഹൃദയങ്ങള്‍ മാറിയാലേ ഇത്തരം ദുഷ്പ്രവണതകള്‍ അവസാനിപ്പിക്കാനാകുകയുള്ളൂ. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ മനസ്സുള്ള അമേരിക്കയാണ് നമുക്കാവശ്യം”- മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മൂന്ന് വര്‍ഷം മുമ്പ് തന്റെ ഔദ്യോഗിക പദവിയില്‍ നിന്ന് വിരമിക്കുന്നതിന്റെ മുന്നോടിയായി ചിക്കാഗോയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലെ വരികളാണിത്. താനടക്കം രാജ്യത്തെ കറുത്ത വര്‍ഗക്കാര്‍ അനുഭവിക്കുന്ന കൊടും പീഡനവും വിവേചനവുമാണ് അദ്ദേഹത്തിന്റെ ഈ വാക്കുകളില്‍ മുഴച്ചു നില്‍ക്കുന്നത്. വര്‍ണവെറി രൂക്ഷമാണ് അമേരിക്കയില്‍. നിരന്തരം അക്രമങ്ങള്‍ക്കും കൊടിയ പീഡനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ് കറുത്ത വര്‍ഗക്കാര്‍. കഴിഞ്ഞ ദിവസം നാല്‍പ്പത്തിയാറുകാരനായ ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന ഹതഭാഗ്യന്‍ ക്രൂരമായി കൊല്ലപ്പെടാനിടയാക്കിയതും വെളുത്ത വര്‍ഗക്കാരനായ ഒരു പോലീസുദ്യോഗസ്ഥന്റെ വര്‍ഗവെറിയായിരുന്നു.

ചൊവ്വാഴ്ച അമേരിക്കയിലെ മിന്നസോട്ട പ്രവിശ്യയിലാണ് സംഭവം. ഒരു അക്രമ കേസില്‍ പ്രതിയാണെന്ന ധാരണയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ കസ്റ്റഡിയിലെടുക്കാനാണ് തൊലിവെളുത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എത്തിയത്. പിടികൂടിയ ഉദ്യോഗസ്ഥന്‍ അയാളെ തെരുവില്‍ കിടത്തി തന്റെ കാല്‍മുട്ട് കൊണ്ട് ശക്തമായി കഴുത്തില്‍ അമര്‍ത്തി പീഡിപ്പിച്ചു. ശ്വാസം കിട്ടാതെ മരണ വെപ്രാളത്തില്‍ പിടക്കുന്ന ഫ്‌ളോയ്ഡ് തനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് വിളിച്ചു പറഞ്ഞിട്ടും പോലീസുദ്യോഗസ്ഥന്‍ പിന്‍മാറിയില്ല. “മിണ്ടാതെ അടങ്ങിക്കിടന്നോളൂ” എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. സംഭവം കണ്ടുനില്‍ക്കുന്നവരും കഴുത്തില്‍ നിന്ന് കാലെടുക്കാന്‍ പോലീസുകാരനോടാവശ്യപ്പെട്ടെങ്കിലും അയാള്‍ വഴങ്ങിയില്ല. ഒടുവില്‍ ശ്വാസം മുട്ടി ആ യുവാവ് ദാരുണമായി മരിച്ചു. മുന്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ജോര്‍ജ് ഫ്‌ളോയ്ഡ്. രൂക്ഷമായ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ് സംഭവം. പോലീസുകാരുടെ വര്‍ണവെറിക്കെതിരെ ആയിരങ്ങള്‍ തെരുവിലിറങ്ങിയിട്ടുണ്ട് മിന്നസോട്ട പ്രവിശ്യയില്‍. “നീതിയില്ല, സമാധാനമില്ല, ഞങ്ങള്‍ക്ക് ശ്വാസംമുട്ടുന്നു” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് കറുത്ത വര്‍ഗക്കാര്‍ തേഡ് പ്രിസിന്‍ക്ട് പോലീസ് സ്‌റ്റേഷന്‍ വളപ്പ് കേന്ദ്രീകരിച്ച് പ്രതിഷേധിച്ചത്.

2014ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്നിരുന്നു സമാനമായ സംഭവം. എറിക് ഗാര്‍നര്‍ (43) എന്ന കറുത്ത വര്‍ഗക്കാരനായ തെരുവ് കച്ചവടക്കാരനെയാണ് അന്ന് ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍ ശ്വാസംമുട്ടിച്ചു കൊന്നത്. ജോര്‍ജ് ഫ്‌ളോയ്ഡിനെ പോലെ എറിക് ഗാര്‍നറും മരിക്കും മുമ്പ് അവസാനമായി പറഞ്ഞ വാചകം “എനിക്ക് ശ്വാസം മുട്ടുന്നു”വെന്നായിരുന്നു. അനധികൃതമായി പാതയോരത്ത് സിഗരറ്റ് വില്‍പ്പന നടത്തിയെന്ന് ആരോപിച്ചായിരുന്നു എറിക് ഗാര്‍നറെ കസ്റ്റഡിയിലെടുത്തതും ശ്വാസം മുട്ടിച്ചു കൊന്നതും. ഇതിനെതിരെ ന്യൂയോര്‍ക്ക് നഗരത്തില്‍ നടന്ന പ്രതിഷേധത്തിനിടെ കറുത്ത വര്‍ഗക്കാരനായ ബ്രിന്‍സ്ലി എന്ന യുവാവ് രണ്ട് പോലീസുകാരെ വെടിവെച്ചു കൊല്ലുകയുണ്ടായി. ഒരു വാഹനത്തില്‍ പോലീസ് കാറിനെ പിന്തുടര്‍ന്ന ഇയാള്‍ വിന്‍ഡോയിലൂടെ പോലീസുകാരുടെ തലക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് വെടികളും കൃത്യമായി ലക്ഷ്യത്തിലെത്തി. തുടര്‍ന്ന് ബ്രിന്‍സ്ലി സ്വന്തം തലക്കു നേരെ വെടിയുതിര്‍ത്ത് ജീവനൊടുക്കുകയും ചെയ്തു.

ഭരണം, തൊഴില്‍, വ്യാപാരം, നിയമപാലനം, നീതിന്യായം, ആരോഗ്യം തുടങ്ങി സര്‍വത്ര മേഖലകളിലും അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ കടുത്ത വിവേചനവും അവഗണനയും നേരിടുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. ജനപ്രതിനിധികള്‍ കറുത്ത വര്‍ഗക്കാരുടെ നിവേദനങ്ങളോടും ആവശ്യങ്ങളോടും പുറംതിരിഞ്ഞു നില്‍ക്കുന്നതായും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുമ്പോള്‍ പോലും കറുത്ത വര്‍ഗക്കാര്‍ വിവേചനം അനുഭവിക്കേണ്ടി വരുന്നതായും യേല്‍ യൂനിവേഴ്‌സിറ്റിയിലെ ഡാനിയേല്‍ ബട്ട്‌ലര്‍, ഡേവിഡ് ബ്രൂക്മന്‍ എന്നിവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. വാഹന ഉടമകളുടെ അറസ്റ്റ്, പരിശോധന എന്നിവയില്‍ വ്യക്തമായ വര്‍ണ വിവേചനമുണ്ട്. കറുത്ത വര്‍ഗക്കാരായ ഡ്രൈവര്‍മാര്‍ പോലീസ് പിടിയിലാകുന്നതിന്റെ തോത് മറ്റുള്ളവരെ അപേക്ഷിച്ച് രണ്ടിരട്ടി വരും. കറുത്ത വര്‍ഗക്കാര്‍ വാഹനം വാങ്ങുമ്പോള്‍ വെളുത്തവര്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ വില നല്‍കേണ്ടി വരുന്നതായി യേലിലെ നിയമ പഠന കോളജിലെ യാന്‍ അയേര്‍സും സീഗേല്‍മാനും ചേര്‍ന്ന് നടത്തിയ പഠനം വെളിപ്പെടുത്തുന്നു. കറുത്ത വര്‍ഗക്കാര്‍ക്ക് വീടുകള്‍ വില്‍ക്കാനും വാങ്ങാനുമുള്ള സാഹചര്യം മറ്റുള്ളവരെ അപേക്ഷിച്ച് 17.7 ശതമാനം കുറവാണെന്ന് ഫെഡറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലെപ്‌മെന്റിന്റെ ഇടപാടുകളെ സംബന്ധിച്ച രേഖകള്‍ കാണിക്കുന്നുണ്ട്.

കറുത്ത വര്‍ഗക്കാര്‍ക്ക് ചികിത്സയില്‍ നൂതന സംവിധാനങ്ങള്‍ നല്‍കാന്‍ ആരോഗ്യരംഗം തയ്യാറാകുന്നില്ല. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ 1999ല്‍ നടത്തിയ പരിശോധനയില്‍, ആളുകളുടെ ഗോത്രം, ലിംഗം എന്നിവക്കനുസരിച്ചാണ് കാര്‍ഡിയോ വാസ്‌കുലര്‍ ചികിത്സ നിശ്ചയിക്കപ്പെടുന്നതെന്ന് കണ്ടെത്തിയിരുന്നു. കഞ്ചാവിന്റെ ഉപയോഗ നിരക്ക് കറുത്ത വര്‍ഗക്കാരുടെയും വെളുത്ത വര്‍ഗക്കാരുടെയും ഏതാണ്ട് തുല്യമാണെങ്കിലും പോലീസ് പിടിയിലാകുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 3.7 മടങ്ങ് കറുത്ത വര്‍ഗക്കാരാണ് കൂടുതല്‍. വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്നവരില്‍ വെളുത്ത വര്‍ഗക്കാരേക്കാള്‍ ആറ് മടങ്ങ് അധികം വരും കറുത്ത വര്‍ഗക്കാര്‍. ഫെര്‍ഗൂസന്‍ നഗരത്തില്‍ കറുത്ത വര്‍ഗക്കാരനായ കൗമാരക്കാരനെ വെടിവെച്ച കേസിലും കറുത്ത വര്‍ഗക്കാരനായ എറിക് ഗാര്‍നറെ ശ്വാസം മുട്ടിച്ച് കൊന്ന കേസിലും വെളുത്ത വര്‍ഗക്കാരായ പോലീസുകാരെ വെറുതെ വിട്ടതിലൂടെ ജുഡീഷ്യറിയിലെ വര്‍ണവെറിയും പ്രകടമാണ്. അമേരിക്കന്‍ സാമൂഹിക ജീവിതത്തിന്റെ സര്‍വത്ര തുറകളിലും കണ്ടുവരുന്ന വര്‍ണ വിവേചനത്തിന്റെ ഭാഗം തന്നെയാണ് കറുത്തവര്‍ക്ക് നേരെ വ്യാപകമായി നടന്നു വരുന്ന അക്രമങ്ങളും. ബരാക് ഒബാമ പറഞ്ഞത് പോലെ, മനസ്സുകള്‍ പരിവര്‍ത്തിതമാകാതെ നിയമ നിര്‍മാണങ്ങള്‍ കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയില്ല ഇത്തരം ദുഷ്പ്രവണതകള്‍.

Latest