Connect with us

Malappuram

ഓമച്ചപ്പുഴ പറയുന്നു പള്ളി ദര്‍സിന്‍റെ ചരിത്രം

Published

|

Last Updated

മതപ്രബോധന രംഗത്ത് നൂറ്റാണ്ടുകളുടെ പ്രതാപമുള്ള ഓമച്ചപ്പുഴയുടെ ചരിത്രം കേരളത്തിലെ പള്ളി ദർസിന്റെ ചരിത്രം കൂടിയാണ്.
ഹാഫിളുൽ ഖുർആൻ അബൂബക്കർ കുട്ടി മുസ്‌ലിയാർ, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാർ, മലയിൽ ഉണ്ണീൻകുട്ടി മുസ്‌ലിയാർ, നടുവണ്ണ മുഹമ്മദ് മുസ്‌ലിയാർ, വി കെ മുഹമ്മദ്കുട്ടി മുസ്‌ലിയാർ, വള്ളിൽ അബൂബക്കർ മുസ്‌ലിയാർ തുടങ്ങി പ്രമുഖർ ഇവിടെ അന്തിയുറങ്ങുന്നവരാണ്. കേരളത്തിലെ മുഴുവൻ പണ്ഡിതരും ഈ നാടിന്റെ ശിഷ്യന്മാരോ ശിഷ്യസരണിയിലെ കണ്ണികളോ ആണെന്ന പൊതുസത്യം തന്നെ മതി ഓമച്ചപ്പുഴയുടെ സേവനത്തിന്റെ മൂല്യമറിയാൻ. വിവിധ ദർസുകളിലായി 300ഓളം മതവിദ്യാർഥികൾ ഈ നാട്ടിൽ വളരുന്നുണ്ട്. അതിന് പുറമേ അഞ്ഞൂറോളം നാട്ടുകാരായ മുതഅല്ലിം, പണ്ഡിതർ വേറെയുമുണ്ടിവിടെ.
ഹാഫിളുൽ ഖുർആൻ അബൂബക്കർ കുട്ടി മുസ്‌ലിയാർ
മോല്യാരുപ്പാപ്പ എന്നറിയപ്പെട്ട അബൂബക്കർ കുട്ടി മുസ്‌ലിയാരുടെ പോരിശകൾ മുലപ്പാലിനൊപ്പം രുചിച്ച് പോരുന്നവരാണ് ഓമച്ചപ്പുഴക്കാർ.
ഒരു ഗ്രാമം ഒരു വ്യക്തിയിൽ എത്രമേൽ കടപ്പെടാനൊക്കുമോ അതിന്റെ മുഴുവൻ പരിധിയും ലംഘിക്കുന്ന ആത്മബന്ധമാണ് മോല്യാരുപ്പാപ്പയും ഓമച്ചപ്പുഴയും തമ്മിൽ നിലനിൽക്കുന്നത്.

ഖുർആൻ മനഃപ്പാഠമാക്കാൻ കലാലയങ്ങൾ ഉയർന്നുവരാത്ത സാഹചര്യത്തിൽ കാലത്ത് പ്രഥമ “ഹാഫിളായി” ഉസ്താദവർകൾ മഹനീയ വിപ്ലവത്തിന് നാന്ദി കുറിച്ചു. മലബാറിന്റെ കൊർദോവയായി പരിലസിച്ച ഓമച്ചപ്പുഴയുടെ മത വിദ്യാഭ്യാസ രംഗത്തിന് ജീവൻ നൽകിയത് മോല്യാരുപ്പാപ്പയാണെന്ന് ഇവർ അഭിമാനത്തോടെ പറയും. ഈ നാട് അവിടുത്തെ എത്രത്തോളം ഉൾക്കൊണ്ടുവെന്നതിന്റെ തെളിവാണ് ഓരോ മുഹർറത്തിലും നടക്കുന്ന മഹാനവർകളുടെ ആണ്ടുനേർച്ച. ഓമച്ചപ്പുഴക്കാരുടെ മൂന്നാം പെരുന്നാളാണിത്.

കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാർ

പ്രമുഖ സൂഫിവര്യനും സമസ്ത മുശാവറ അംഗവുമായിരുന്ന കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാർ മറ്റൊരു ആത്മീയ പ്രതിഭയാണ്. താനൂർ വലിയകുളങ്ങര പള്ളിയിലെ പഠനകാലത്ത് കരിങ്കപ്പാറ ഉസ്താദും മോല്യാരുപ്പാപ്പയുമായി തുടങ്ങിയ ചങ്ങാത്തമാണ് ഓമച്ചപ്പുഴയുടെ പ്രതാപത്തിന് മറ്റൊരു ഹേതു.
കർമശാസ്ത്രത്തിന്റെ കുലപതിയായിരുന്ന കരിങ്കപ്പാറ ഉസ്താദ് ഓമച്ചപ്പുഴയിലെത്തി ദർസിന് നേതൃത്വം നൽകാനും ആത്മീയരംഗത്തെ സാരഥ്യമേറ്റെടുക്കാനും ഈ ചങ്ങാത്തം തുണയായി.

ഖുർആൻ വ്യാഖ്യാന ശാസ്ത്രം, ഹദീസ് നിദാന ശാസ്ത്രം, അറബിക് പദോത്പത്തി ശാസ്ത്രം തുടങ്ങി അനേകം പഠനശാഖകളിൽ മികവ് പുലർത്തി. മഹാനവർകൾ തന്റെ ജീവിതം മുഴുവനും മതവിദ്യാഭ്യാസ സേവനങ്ങൾക്ക് വേണ്ടിയാണ് വിനിയോഗിച്ചത്.

വിവിധയിടങ്ങളിലായി ഏകദേശം അരനൂറ്റാണ്ട് ദർസ് നടത്തിയിട്ടുണ്ട്. അസ്ഹരി തങ്ങൾ, നന്നമ്പ്ര സൈതാലി ഉസ്താദ്, തിരൂരങ്ങാടി ബാപ്പു ഉസ്താദ്, കുണ്ടുർ ഉസ്താദ്, കെ കെ അബൂബക്കർ ഹസ്‌റത്ത്, വൈലത്തൂർ ബാവ ഉസ്താദ്, ചെറിയ ഉസ്താദ് തുടങ്ങിയ മഹത്തുക്കൾ ഉസ്താദിന്റെ ശിഷ്യരിൽ പ്രമുഖരാണ്.

മലയിൽ ഉണ്ണീൻകുട്ടി മുസ്‌ലിയാർ

ഈ സൗഹൃദത്തിലെ മറ്റൊരു കണ്ണിയാണ് ഉണ്ണീൻകുട്ടി മുസ്്ലിയാർ. താനൂരിൽ ഒരേ ദർസിൽ ഓതി പഠിച്ചവരാണ് മൂന്നുപേരും.
അവർക്കിടയിൽ രൂപപ്പെട്ട ആത്മബന്ധമാണ് വാവൂരിൽ ജനിച്ച മഹാനവർക്കളെ ഓമച്ചപ്പുഴയിലെത്തിച്ചത്.

ദർസുകൾ ഇല്ലാത്ത മഹല്ലുകളിൽ പോയി ദർസ് സ്ഥാപിക്കലായിരുന്നു മുഖ്യപ്രവർത്തനം. നൂറോളം ദർസുകൾ സ്ഥാപിക്കുകയും സമസ്ത പ്രസിഡന്റ് സുലൈമാൻ മുസ്‌ലിയാരെ പോലുള്ള നിരവധി ശിഷ്യരെ വാർത്തെടുക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം പുകയൂരിൽ ദർസ് നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ പുത്തൻപള്ളിയിൽ കരിങ്കപ്പാറ ഉസ്താദിന്റെ അടുക്കൽ വന്ന് അദ്ദേഹം പറഞ്ഞു “എനിക്ക് വയസ്സായി, ഇനി ദർസ് നടത്താൻ വയ്യ, നിങ്ങളുടെ ദർസിൽ ചേർന്ന് ഒരു മുതഅല്ലിമായി മരിക്കണം”. ഒരു വർഷത്തോളം കരിങ്കപ്പാറ ഉസ്താദിന്റെ മുതഅല്ലിമായി പുത്തൻ പള്ളിയിൽ കഴിഞ്ഞു. ആഗ്രഹം പേലെ മുതഅല്ലിമായാണ് അവർ വിടപറഞ്ഞത്. ഓമച്ചപ്പുഴ താഴെ പള്ളിയുടെ കിഴക്ക് ഭാഗത്താണ് മഹാനവർകൾ അന്ത്യവിശ്രമം കൊള്ളുന്നത്.

നടുവണ്ണ മുഹമ്മദ് മുസ്‌ലിയാർ

ഓമച്ചപ്പുഴയുടെ ചരിത്രത്തിൽ ചേർത്തെഴുതേണ്ട നാമമാണ് നടുവണ്ണ മുഹമ്മദ് മുസ്‌ലിയാരുടേത്. മോല്യാരുപ്പാപ്പന്റെയടുത്ത് നിന്ന് ഓതാനായി ഓമച്ചപ്പുഴ താഴെ പള്ളിയിലെത്തിയ അദ്ദേഹം നീണ്ട 15 വർഷത്തോളം മോല്യാരുപ്പാപ്പാന്റെ ശിക്ഷണത്തിലായി താഴെ പള്ളിയിലോതി. പിന്നീട് ഉസ്താദിന്റെ കീഴിൽ തന്നെ മുദരിസായി തുടർന്നു. മോല്യാരുപ്പാപ്പയുടെ ജീവിതകാലത്ത് തന്നെ തന്റെ പല കാര്യങ്ങൾക്കും പ്രതിനിധിയായി മുഹമ്മദ് മുസ്‌ലിയാരെ നിയോഗിച്ചിരുന്നു.

അതുകൊണ്ട് തന്നെ മോല്യേരുപ്പാപ്പയുടെ വഫാത്തിന്‌ ശേഷം നാടിന്റെ അത്താണിയായി മുഹമ്മദ് മുസ്‌ലിയാർ മാറി. പുത്തൻപള്ളി സ്ഥാപിച്ച് ജുമുഅ മാറ്റിയപ്പോൾ അവിടത്തെ ഖത്വീബായി മരണം വരെ സേവനമനുഷ്ടിച്ചു. തസവ്വുഫിൽ പ്രത്യേക ശ്രദ്ധയൂന്നിയ ഉസ്താദിന്റെ ശിഷ്യന്മാരിൽ മിക്കപേരും മികച്ച സൂഫികളായിരുന്നു. വലിയുല്ലാഹി കാളമ്പ്ര മുഹമ്മദ് മുസ്‌ലിയാർ, വി കെ മുഹമ്മദ്കുട്ടി മുസ്‌ലിയാർ, വെന്നിയൂർ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവർ പ്രമുഖരാണ്. മഹാനവർകളുടെ ഖബർ താഴെ പള്ളിയുടെ കിഴക്ക് വശത്താണ് നിലകൊള്ളുന്നത്.

കൂടാതെ മോഴിക്കൽ അബ്ദുര്‍റഹ്മാൻ മുസ്‌ലിയാർ, മുഹമ്മദ് മുസ് ലിയാർ, വി കെ കോയക്കുട്ടി മുസ്‌ലിയാർ തുടങ്ങി ഒട്ടനവധി മഹത്തുക്കൾ ചേർത്തുവരച്ച ഈ നാടിന്റെ ആത്മീയ പ്രതാപത്തെ അക്ഷരങ്ങൾ കൊണ്ട് ആവിഷ്‌കരിക്കാനൊക്കില്ല.

Latest