Connect with us

Kozhikode

വിശുദ്ധ മാസത്തിൽ വിവിധ പദ്ധതികളുമായി എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട് | വിശുദ്ധ മാസത്തിൽ വ്യത്യസ്ത കർമ്മ പദ്ധതികളുമായി എസ് എസ് എഫ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം പള്ളികളിൽ ഒത്തുചേരാൻ സാധിക്കാത്ത സാഹചര്യത്തിൽ വീടുകളിലിരുന്ന് വിശുദ്ധ റമസാനിനെ ആരാധനകളാൽ ധന്യമാക്കാൻ കഴിയും വിധത്തിലുള്ള പദ്ധതികൾക്കാണ് എസ് എസ് എഫ് രൂപം നൽകിയിട്ടുള്ളത്. ആത്മീയം, വൈജ്ഞാനികം, പഠനം തുടങ്ങി വിവിധ മേഖലകൾ കേന്ദ്രീകരിച്ച ഓൺ‌ലൈൻ സാധ്യതകൾ ഉപയോഗിച്ചാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.

പരിപാടി കളുടെ ഉദ്ഘാടനം എസ് എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി ഡോ. പി എ മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി നിർവഹിച്ചു. സ്വാതന്ത്ര്യ സമരനായകനും, വിശ്രുത കവിയുമായ ഉമർഖാ സിയുടെ വൈജ്ഞാനിക കാവ്യ ഗ്രന്ഥം നഫാഇസുദ്ദുറ റിന്റെ പഠനത്തിന് ആരംഭം കുറിച്ചുകൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.

റമസാനിലെ മുഴുവൻ ദിവസവും രാവിലെ ഒമ്പതുമണിക്ക് എസ് എസ് എഫിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക്‌ പേജിൽ നഫാഇസുദ്ദുറ റിന്റെ പഠനം നടക്കും. കുട്ടികൾക്ക് വേണ്ടി അവർതന്നെ പഠിച്ചവതരിപ്പിക്കുന്ന റമസാൻ നസ്വീഹ വിജ്ഞാന വിരുന്ന് എല്ലാദിവസവും മഴവിൽ സംഘത്തിനുകീഴിൽ നടക്കും. വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഖുർആൻ പാരായണമത്സരമായ തർത്തീൽ സബ്‌ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടക്കും. ഓഡിഷനിലൂടെ തെരെഞ്ഞെടുക്കപെട്ടവർ ജില്ലയിലും അവിടെ വിജയികളായവർ സംസ്ഥാനത്തിലും മത്സരിക്കും. മെയ് പതിമൂന്നിനാണ് സംസ്ഥാന മത്സരം.

ക്യാമ്പസ് വിദ്യാർഥികൾക്കായി നടക്കുന്ന ഓൺലൈൻ കോൺഫറൻസ് മൂന്നു ദിവസങ്ങളിലായി നടക്കും. കാമ്പസ് വിദ്യാർഥികളുടെ ആത്മീയ, ബൗദ്ധിക വികാസം ലക്ഷ്യം വെച്ച് നടത്തുന്ന കോൺഫറൻസിൽ ഐഡിയ പ്രസന്റേഷൻ, സെമിനാറുകൾ, കർമ്മശാസ്ത്ര പഠനം, തസ്കിയ, എന്നിവ നടക്കും. പ്രൊഫഷനൽ, ആർട്സ്& സയൻസ് വിദ്യാർഥികൾ പങ്കെടുക്കും. യൂനിറ്റുകളിൽ നടക്കുന്ന റമസാൻ ദർസ്, ഖുർആൻ പാരായണ ശാസ്ത്ര പഠനം, ഖുർആൻ വിജ്ഞാന മത്സരം, ക്യാമ്പസ് വിദ്യാർഥികൾക്കായി എത്തിക്സ് ഫോറം, ഉണർത്തുസമ്മേളനം, നിത്യജീവിതത്തെ ആരാധനകളുമായി ബന്ധിപ്പിക്കുന്ന ആപ്ലികേഷൻ എന്നിവയും റമസാൻ പദ്ധതികളുടെ ഭാഗമായി നടക്കും.