Connect with us

Kozhikode

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മർകസ് കശ്മീരി വിദ്യാർഥികളുടെ റമസാൻ കൈനീട്ടം

Published

|

Last Updated

മർകസ് കശ്മീരി, ലഡാക്ക് വിദ്യാർഥികൾ ശേഖരിച്ച പോക്കറ്റ്മണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് ജമ്മുവിൽ നിന്നുള്ള ഷിറാസ് ഫാറൂഖ് കൈമാറുന്നു

കോഴിക്കോട് | എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ പൂർത്തീകരിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു മർകസ് കശ്മീരി ഹോമിൽ പഠിക്കുന്ന ലഡാക്ക്, കശ്മീർ സംസ്ഥാനങ്ങളിലെ 15 വിദ്യാർഥികൾ. അവരുടെ കൂട്ടുകാരെല്ലാം ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പേ നാട്ടിൽ എത്തിയിരുന്നു. ലോക്ക്ഡൗൺ കാലത്ത് വളരെ ശ്രദ്ധയോടെ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ കഴിയുകയാണവർ. അതിനിടയിലും, ദിനേന മാധ്യമങ്ങളിൽ വരുന്ന കേരളം കൊറോണയെ പ്രതിരോധിച്ച വാർത്തകൾ അവരെ ആവേശത്തിലാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ റമസാൻ ദാനധർമ്മങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം എന്ന വാർത്ത കണ്ടപ്പോൾ അവരൊരു തീരുമാനം എടുത്തു. തങ്ങളുടെ കയ്യിൽ പോക്കറ്റ് മണിയായി ഉള്ള തുക മുഖ്യമന്ത്രിക്കു നൽകണം.  അങ്ങനെ അവർ ശേഖരിച്ചു, 15000 രൂപയുണ്ട്. മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖേന ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചിരിക്കുകയാണവർ.

“വർഷത്തിൽ ഒരിക്കൽ നാട്ടിലേക്ക് പോകുന്നതാണ്. ഇങ്ങനെ വൈകുന്നതിൽ ആശങ്കയുണ്ട്. എന്നാൽ, തങ്ങൾക്ക് എല്ലാ സുരക്ഷയും ഒരുക്കുന്ന സർക്കാറിന് ഈ പുണ്യമാസത്തിൽ തന്നെ കൈനീട്ടം നൽകാനായതിൽ വലിയ സന്തോഷമുണ്ട്”-  പൂഞ്ചിൽ നിന്നുള്ള മഹമൂദ് അഹമ്മദ് പറഞ്ഞു.

“ലോക്ക്ഡൗൺ കാലത്ത് മർകസ് നൽകുന്ന പിന്തുണ വലുതാണ്. സർക്കാരിന്റെ മുഴുവൻ നിർദേശനങ്ങളും തങ്ങൾ പാലിക്കുന്നു. ഇത്ര മികച്ച പ്രവർത്തനം നടക്കുന്ന കേരള സർക്കാരിന്റെ വിപുലമായ ജനസേവനം മനസിലാക്കാൻ ഈ നാളുകളിലായി” -ജമ്മുവിൽ നിന്നുള്ള ഷിറാസ് ഫാറൂഖ് അഭിപ്രായപ്പെട്ടു.

ശേഖരിച്ച പണം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖേന മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് ഇവർ കൈമാറി. കശ്‌മീരി, ലഡാക്ക് വിദ്യാർഥികളുടെ ഈ സംഭവനയെ ഇന്ന് നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി അഭിനന്ദിച്ചു.

Latest