Connect with us

Covid19

രാജ്യത്തിന് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ എന്നു ലഭിക്കും; വ്യക്തതയില്ലാതെ അധികൃതര്‍

Published

|

Last Updated

ന്യൂഡല്‍ഹി | വിപുലമായ കൊവിഡ് പരിശോധനക്കായി റാപിഡ് ടെസ്റ്റ് കിറ്റുകള്‍ എത്തിക്കുമെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാഗ്ദാനങ്ങളെല്ലാം ലക്ഷ്യം തെറ്റുന്നു. കൊവിഡ് കേസുകള്‍ വ്യാപകമായ മേഖലകളില്‍ ഏപ്രില്‍ അഞ്ചിന് കിറ്റുകള്‍ വിതരണം ചെയ്യുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഏപ്രില്‍ എട്ട്, ഒമ്പത് എന്നിങ്ങനെ മാറ്റി പറഞ്ഞു. എന്നാല്‍, വരുന്നാഴ്ചയുടെ തുടക്കത്തില്‍ പോലും കിറ്റുകള്‍ എത്തില്ലെന്നതാണ് സൂചന.
മാര്‍ച്ച് 30നാണ് അഞ്ചു ലക്ഷം കിറ്റുകള്‍ക്ക് ചൈനീസ് കമ്പനിക്ക് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത്.

നിരവധി സംസ്ഥാനങ്ങളാണ് കിറ്റുകള്‍ക്കായി കാത്തിരിക്കുന്നത്. ചില സംസ്ഥാനങ്ങള്‍ക്ക് കിറ്റുകള്‍ സ്വയം ആര്‍ജിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. അതിനിടെ, പൊതു മേഖലാ സ്ഥാപനമായ എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ 20,000 റാപിഡ് ടെസ്റ്റ് കിറ്റുകളുടെ ഉത്പാദനം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. സ്ഥാപനത്തിന്റെ മനേസര്‍ ഫാക്ടറിയിലാണ് ഉത്പാദനം തുടങ്ങിയിട്ടുള്ളത്. ഹോട്ട് സ്‌പോട്ട് മേഖലകളില്‍ രോഗ ലക്ഷണമുള്ള എല്ലാവരെയും വേഗത്തില്‍ പരിശോധിക്കുന്നതിനാണ് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുക.

നേരത്തെ, ഒരുലക്ഷം കിറ്റുകള്‍ ആവശ്യമുണ്ടെന്ന് കാണിച്ചാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) ആദ്യം നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. മാര്‍ച്ച് 27നായിരുന്നു ഇത്. എന്നാല്‍, ഇത്രയും കിറ്റുകള്‍ ലഭ്യമാകില്ലെന്നു കണ്ട് ഇത് നേര്‍പകുതിയായി കുറയ്ക്കുകയായിരുന്നു. ഒന്നോ രണ്ടോ ദിവസത്തിനകം കിറ്റുകള്‍ നല്‍കാമെന്ന് ഉത്പാദകര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് ഐ സി എം ആര്‍ സാംക്രമിക രോഗ വിഭാഗത്തിലെ ഡോക്ടര്‍ രമണ്‍ ആര്‍ ഗംഗാകേദ്കര്‍ പറഞ്ഞു. കിറ്റുകള്‍ കിട്ടിയാലുടന്‍ ആവശ്യമായ ഇടങ്ങളില്‍ വിതരണം ചെയ്ത് പരിശോധന ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കിറ്റുകള്‍ വൈകുന്നതിനുള്ള കാരണം ആരോഗ്യ മന്ത്രാലയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആഗോള തലത്തില്‍ കിറ്റുകള്‍ക്ക് നേരിടുന്ന ക്ഷാമമാണ് പ്രതിബന്ധമാകുന്നതെന്നാണ് വിലയിരുത്തല്‍. റാപിഡ് കിറ്റുകളുടെ മാര്‍ക്കറ്റ് ചൈനീസ് നിനിര്‍മാതാക്കളുടെ ആധിപത്യത്തിലാണ്. അവര്‍ക്ക് ലോകത്തിന്റെ എല്ലാം ഭാഗങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

Latest