Connect with us

Articles

മാലാഖമാരാണ്, പക്ഷേ...

Published

|

Last Updated

ആതുര സേവന മേഖലയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവരാണ് നഴ്‌സുമാര്‍. കേരളത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും സേവനം ചെയ്യുന്ന മലയാളി നഴ്‌സുമാരും ഏറെയാണ്. കൊവിഡ് 19 മഹാമാരി പടര്‍ന്നു പിടിച്ച ഘട്ടത്തില്‍ ഈ തൊഴില്‍ വിഭാഗത്തിന്റെ സേവനത്തിന് ലോകവും രാജ്യവും ആത്മാര്‍ഥമായ കൈയടി നല്‍കിക്കൊണ്ടിരിക്കുന്നു. അങ്ങനെയാണെങ്കില്‍ പോലും പാന്‍ഡമിക് സാഹചര്യത്തില്‍ ആതുര സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാര്‍ അനുഭവിക്കുന്ന ദുരിതങ്ങളും പ്രതിസന്ധികളും ഏറെയാണ്.

കൊവിഡ് 19 രോഗികളെ പരിചരിക്കാന്‍ പേഴ്‌സനല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ്സ് (പി പി ഇ) അത്യാവശ്യമാണ്. പി പി ഇ നഴ്‌സുമാരുടെ സ്വയം സുരക്ഷക്കും രോഗികളുടെയും സമൂഹത്തിന്റെയും പൊതുവായ സുരക്ഷക്കും ഏറെ നിര്‍ണായകമാണ്. രോഗീ പരിചരണത്തിന്റെ ഭാഗമായി പി പി ഇക്ക് ഉള്ളില്‍ കഴിയേണ്ടിവരുന്ന ഓരോ മിനുട്ടും നഴ്‌സുമാര്‍ക്ക് മണിക്കൂറുകള്‍ പോലെയാണ്. കൃത്യമായി ശ്വാസമെടുക്കാന്‍ പോലും സാധ്യമല്ല. ചൂടുകൊണ്ട് ഉരുകിയൊലിക്കുന്ന മണിക്കൂറുകള്‍. മൂത്രാശങ്ക വരുമോ എന്ന പേടിയില്‍ ഡ്യൂട്ടിക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ആവശ്യത്തിന് ഭക്ഷണ പാനീയങ്ങള്‍ കഴിക്കാതെ പി പി ഇക്ക് ഉള്ളില്‍ കയറുന്നവരാണ് ഏറെയും. വെന്റിലേറ്ററിലും പുറത്തുമായി നിരവധി രോഗികളും പരസഹായം അത്യാവശ്യമായവരും ഉണ്ടാകും. പലരും ജീവനക്കാരുമായി സഹകരിക്കാത്തവര്‍. ഇടയില്‍ ഒരു തുള്ളി വെള്ളത്തിനായി ദാഹിക്കുമ്പോഴും സഹിക്കുകയല്ലാതെ വഴിയില്ല. വിശപ്പും ദാഹവും സഹിച്ച് രോഗീ പരിചരണത്തിന് ഏറ്റവും മികച്ച ഉദാഹരണങ്ങളായി നഴ്‌സുമാര്‍ സേവനം ചെയ്യുന്നു. ആവശ്യത്തിന് പി പി ഇ ലഭ്യത ആഗോളതലത്തില്‍ കുറഞ്ഞുവരുന്നതാണ് ആരോഗ്യ സേവന രംഗത്തെ വലിയ ആശങ്ക. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും പേഴ്‌സനല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ്‌സ് ലഭിക്കുന്നില്ല. മുംബൈ, ഡല്‍ഹി നഗരങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും നഴ്‌സുമാര്‍ അടക്കം ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളായി മാറി. നഴ്‌സുമാരും ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും രോഗികളാകുന്നത് കൂടുതല്‍ അപകടകരമാണ്. ആവശ്യത്തിന് പി പി ഇ, എന്‍ 95 മാസ്‌ക്, ട്രിപ്പിള്‍ ലയര്‍ സര്‍ജിക്കല്‍ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ നിര്‍മിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണം. അല്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും.

വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ വിവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നു. കൊവിഡ് 19 പടര്‍ന്ന യൂറോപ്പിലും അമേരിക്കയിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങള്‍ ലഭിക്കുന്നില്ല എന്നത് വേദനാജനകമാണ്. രോഗികളുടെ എണ്ണത്തിലെ ബാഹുല്യം കാരണം കൂടുതല്‍ സമയം ജോലി എടുക്കേണ്ടി വരുന്നു. അതിലുപരി അവരുടെ കുടുംബം നേരിടുന്ന മാനസിക സംഘര്‍ഷവും ഏറെയാണ്.

ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്രതിരോധ വസ്തുക്കള്‍ പിന്നെയും ഉപയോഗിക്കാന്‍ വിദേശ രാജ്യങ്ങളിലെ നഴ്‌സുമാര്‍ നിര്‍ബന്ധിതരാകുന്ന വാര്‍ത്ത അവിടുത്തെ ആരോഗ്യ സംവിധാനങ്ങളിലെ പാളിച്ച വ്യക്തമാക്കുന്നുണ്ട്. ലഭ്യതക്കുറവ് കാരണമാണ് ഇങ്ങനെ ഇവ വീണ്ടും ഉപയോഗിക്കേണ്ടി വരുന്നത്. പക്ഷേ, കോറോണ പോലുള്ള മാരക വൈറസുകള്‍ അതിവേഗം ആരോഗ്യ പ്രവര്‍ത്തകരിലേക്കും പടരാനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കുന്നു. ചില രാജ്യങ്ങളില്‍ നഴ്‌സുമാര്‍ ഉപയോഗിക്കുന്ന പേഴ്‌സനല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ്സിന് മതിയായ നിലവാരമില്ലാത്തതും പ്രതിസന്ധിയുണ്ടാക്കുന്നു. ഇതുവഴി ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗ ബാധിതരാകുന്നു, അതിലുപരി രോഗാണു വാഹകരുമാകുന്നു.

മതിയായ യാത്രാ സൗകര്യങ്ങള്‍ നഴ്‌സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പലപ്പോഴും ലഭിക്കുന്നില്ല. ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ ഡ്യൂട്ടിക്ക് എത്താനും മടങ്ങാനും കൂടുതല്‍ സമയം ചെലവാക്കേണ്ടി വരുന്നു. ഇത് ഒഴിവാക്കാന്‍ യാത്രാ സൗകര്യം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുന്നു. ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകരെ ജനം മര്‍ദിക്കുന്ന ഉത്തരേന്ത്യന്‍ കാഴ്ചകളും കാണാന്‍ നമ്മള്‍ വിധിക്കപ്പെട്ടു.
ഡല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ കൊവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ആവശ്യമായ താമസ സൗകര്യം ഇപ്പോഴും ലഭിക്കുന്നില്ല. ഒരു മുറിയില്‍ തന്നെ അനേകം പേര്‍ താമസിക്കുന്നത് രോഗ വ്യാപനത്തിന് സാധ്യത വര്‍ധിപ്പിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച താമസ സൗകര്യവും സുരക്ഷിതമായ യാത്രാ സംവിധാനവും ഭക്ഷണവും ലഭ്യമാക്കാന്‍ അതാത് സംസ്ഥാനങ്ങളും കേന്ദ്ര ഭരണകൂടവും പ്രഥമ പരിഗണന നല്‍കണം. വാടക കെട്ടിടങ്ങളില്‍ നിന്ന് ഇന്ന് നഴ്‌സുമാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ഇറക്കി വിടുന്ന കാഴ്ച കേരളത്തിലുമുണ്ട്. സമൂഹത്തിനു വേണ്ടി മികച്ച സേവനം ചെയ്യുമ്പോഴും കുടിയൊഴിപ്പിക്കലിന് ഇരയാകേണ്ടി വരുന്നു.

ആഴ്ചകളോളം വീട് വിട്ട് മാറിത്താമസിക്കേണ്ടവരാണ് കൊവിഡ് 19 ബാധിത രോഗികളെ നേരിട്ട് പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍. ജോലി ദിവസങ്ങള്‍ക്ക് ശേഷം 14 ദിവസം നീണ്ടുനില്‍ക്കുന്ന ക്വാറന്റൈന്‍ കാലാവധി കൂടി സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് നിര്‍ദേശിക്കുന്നു. പൊതുജനാരോഗ്യം കണക്കിലെടുത്ത് ആരോഗ്യപ്രവര്‍ത്തകര്‍ അവയെല്ലാം പൂര്‍ത്തിയാക്കിയാണ് സ്വന്തം വീടുകളിലേക്ക് കയറിച്ചെല്ലുന്നത്. ചുരുങ്ങിയത് മൂന്ന് ആഴ്ചയോ അല്ലെങ്കില്‍ അതില്‍ കൂടുതലോ സമയം വീടുമായും വീട്ടുകാരുമായും അകന്നു നില്‍ക്കേണ്ട സാഹചര്യം നഴ്‌സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാനസിക സമ്മര്‍ദങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
മുലയൂട്ടുന്ന കുഞ്ഞുങ്ങളില്‍ നിന്ന് വരെ ആഴ്ചകളോളം അകന്നു നില്‍ക്കേണ്ടി വരുന്നു പല ആരോഗ്യ പ്രവര്‍ത്തകര്‍ക്കും. അപൂര്‍വം ചിലയിടങ്ങളില്‍ നഴ്‌സുമാര്‍ക്കും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും സമൂഹം തന്നെ സോഷ്യല്‍ ഐസൊലേഷന്‍ കല്‍പ്പിക്കപ്പെടുന്നുണ്ട്.

ഡ്യൂട്ടി ദിനങ്ങളിലും ക്വാറന്റൈന്‍ ദിനങ്ങളിലും മികച്ച ഭക്ഷണം ലഭിക്കേണ്ടതും അത്യാവശ്യമാണ്. കൊവിഡ് രോഗികളെ പരിചരിക്കുമ്പോള്‍ സ്വയം ആരോഗ്യം ഉറപ്പ് വരുത്താന്‍ പോഷക ഘടകങ്ങള്‍ അടങ്ങിയ ഭക്ഷണം പലയിടങ്ങളിലും ലഭിക്കാറില്ല. പകര്‍ച്ച സാധ്യത വളരെയേറെ ഉള്ള രോഗികള്‍ക്കിടയില്‍ സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്‌പെഷ്യല്‍ റിസ്‌ക് അലവന്‍സ് നല്‍കുന്നതിനെ കുറിച്ച് പരിഗണിക്കേണ്ടതുണ്ട്.
മാലാഖയെന്ന ഓമനപ്പേര് വിളിച്ചാല്‍ നഴ്‌സുമാരോടുള്ള നമ്മുടെ ഉത്തരവാദിത്വംതീരുന്നില്ല. ആദരവുകള്‍ മരണാനന്തര ബഹുമതിയായി ലഭിക്കേണ്ടതുമല്ല. നഴ്‌സുമാരുടെ സേവനത്തിന് ആവശ്യമായ പേഴ്‌സനല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ്‌സ് ഉറപ്പ് വരുത്തണം. ഡ്യൂട്ടി ദിനങ്ങളിലും ക്വാറന്റൈന്‍ ദിനങ്ങളിലും മികച്ച ഭക്ഷണം, മികച്ച താമസ സൗകരം എന്നിവ ഉണ്ടാകണം. രാജ്യത്തിന്റെ ജീവന്‍ നിലനില്‍ക്കാന്‍ പ്രഥമ പരിഗണന ആരോഗ്യ പ്രവര്‍ത്തകരുടെ ആരോഗ്യത്തിന് നല്‍കേണ്ടതുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ തളരുമ്പോള്‍ നമ്മുടെ ആരോഗ്യ സംവിധാനമപ്പാടെ തളര്‍ന്നുപോകും.

(നഴ്‌സിംഗ് ഓഫീസര്‍, ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ്, അലിഗഢ് മുസ്‌ലിം സര്‍വകലാശാല)

rashidtharuvana27@gmail.com

Latest