Connect with us

Editorial

കേരളത്തിന് ആശ്വാസം, അംഗീകാരം

Published

|

Last Updated

കേരളം ആശ്വാസത്തിന്റെയും അംഗീകാരത്തിന്റെയും നിറവിലാണിപ്പോള്‍. കൊവിഡ് വൈറസിനെ ഏറെക്കുറെ ഒതുക്കാന്‍ കഴിഞ്ഞതോടൊപ്പം സംസ്ഥാനത്തെ കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ ദേശീയതലത്തില്‍ അംഗീകാരം നേടിയ വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നു. തിരുവനന്തപുരം കള്ളിക്കാട്ടെ പുതിയ പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം, തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രം എന്നീ ആശുപത്രികള്‍ കൂടി നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ ക്യൂ എ എസ്) അംഗീകാരം നേടിയിരിക്കുകയാണ്. ഇതോടെ രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആദ്യത്തെ 12 സ്ഥാനവും കേരളത്തിന് അവകാശപ്പെട്ടതായി. ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ പറഞ്ഞതു പോലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജവും ആത്മവിശ്വാസവും പകരുന്നതാണ് ഈ അംഗീകാരം.

സംസ്ഥാനത്ത് രണ്ട് ഘട്ടമായാണ് കൊവിഡിന്റെ വരവുണ്ടായത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ക്കാണ് ജനുവരി 30ന് കേരളത്തില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ആദ്യ കൊവിഡ് രോഗബാധയായിരുന്നു ഇത്. മൂന്ന് പേരും സുഖം പ്രാപിച്ചതോടെ സംസ്ഥാനം രോഗമുക്തമായതായിരുന്നു. പിന്നീട് ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗ കുടുംബത്തിനും അവര്‍ വഴി രണ്ട് ബന്ധുക്കള്‍ക്കും മാര്‍ച്ച് എട്ടിന് രോഗം സ്ഥിരീകരിച്ചതോടെയാണ് കൊവിഡിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത്. തുടര്‍ന്ന് വിദേശത്തു നിന്നെത്തിയവര്‍ വഴി കേരളത്തിലെ നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതും ഏറെക്കുറെ നിയന്ത്രണത്തിലായിട്ടുണ്ട്. കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടിപ്പോള്‍ സംസ്ഥാനത്ത്. നേരത്തേ ഒരൊറ്റ ദിനം 24 പേര്‍ക്ക് വരെ രോഗം ബാധിച്ച സ്ഥാനത്ത് കഴിഞ്ഞ എട്ട് ദിവസമായി ശരാശരി പത്തില്‍ താഴെയാണ് പുതിയ രോഗബാധിതരുടെ എണ്ണം. ഏപ്രില്‍ മൂന്ന് മുതല്‍ 10 വരെയുള്ള എട്ട് ദിവസം പുതുതായി രോഗം കണ്ടെത്തിയത് 79 പേരില്‍ മാത്രമാണ്.

രോഗമുക്തരുടെ എണ്ണത്തില്‍ ദേശീയ ശരാശരിക്കു മുകളിലും രോഗബാധയാല്‍ മരണപ്പെട്ടവരുടെ എണ്ണത്തില്‍ ഏറ്റവും താഴെയുമാണ് കേരളം. സംസ്ഥാനത്ത് വെള്ളിയാഴ്ച വൈകീട്ട് ആറ് മണി വരെയുള്ള കണക്കനുസരിച്ച് കൊവിഡ് 19 സ്ഥിരീകരിച്ചവരില്‍ 34 ശതമാനവും രോഗമുക്തരായി. 364 പേര്‍ക്കാണ് ഇക്കാലയളവില്‍ സംസ്ഥാനത്ത് രോഗം ബാധിച്ചത്. ഇതില്‍ 124 പേരും സുഖം പ്രാപിച്ചു. ഭേദമായവരുടെ ലോക ശരാശരി 22.38 ആണ്. ആഗോളതലത്തില്‍ 16,52,944 പേര്‍ക്ക് ബാധിച്ചതില്‍ 3,69,956 പേരാണ് രോഗവിമുക്തി നേടിയത്. ദേശീയതലത്തില്‍ രോഗം ഭേദമായവരുടെ നിരക്ക് 8.51 ശതമാനം മാത്രമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 6,761 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഭേദമായവര്‍ 576 പേരും. മരണനിരക്ക് കേരളത്തില്‍ 0.82 ശതമാനമാണ.് ആഗോളതലത്തില്‍ ഇത് 6.27 ശതമാനവും ഇന്ത്യയില്‍ 3.2 ശതമാനവുമാണ്.

പ്രായം കൂടിയവരാണ് കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരണപ്പെടുന്നവരില്‍ ഏറെയും. പ്രതിരോധ ശേഷി കുറവായതാണ് കാരണം. 60 വയസ്സിന് മുകളിലുള്ള രോഗബാധിതരെ ഹൈ റിസ്‌ക് വിഭാഗത്തിലാണ് ആഗോളതലത്തില്‍ ആരോഗ്യ മേഖല ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ എട്ട് വിദേശികള്‍ ഉള്‍പ്പെടെയുള്ള വയോധികരെ ചികിത്സിച്ചു ഭേദപ്പെടുത്തിയ നേട്ടവും കേരളത്തിനു പറയാനുണ്ട്. രോഗികളില്‍ നിന്ന് മറ്റുള്ളവരിലേക്കുള്ള വ്യാപനവും കുറവാണ് സംസ്ഥാനത്ത്. ഒരു രോഗിയില്‍ നിന്ന് 2.6 പേര്‍ക്ക് രോഗം പകരാമെന്നതാണ് രാജ്യാന്തര ശരാശരി. കേരളത്തില്‍ പുറത്തു നിന്ന് 254 രോഗികളെത്തിയപ്പോള്‍ പകര്‍ന്നത് 91 പേരിലേക്ക് മാത്രം. സമ്പര്‍ക്കത്തിലൂടെ രോഗം വന്നവരില്‍ നിന്ന് പുതുതായി ആര്‍ക്കും രോഗം പകര്‍ന്നതുമില്ല. പൊതുസ്ഥലങ്ങളില്‍ നിന്ന് രോഗം പകര്‍ന്നതും സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

കൊറോണ വിരുദ്ധ പോരാട്ടത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ദേശീയ, അന്തര്‍ദേശീയ മാധ്യമ പ്രശംസക്കു വിധേയമാകുകയുണ്ടായി. കൊവിഡ് സംശയമുള്ളവരെ ക്വാറന്റൈന്‍ ചെയ്യല്‍, റൂട്ട്മാപ്പും സമ്പര്‍ക്ക പട്ടികയും തയ്യാറാക്കല്‍, കര്‍ശനമായ പരിശോധനകള്‍, മികച്ച ചികിത്സ തുടങ്ങി രോഗപ്രതിരോധത്തിന് കേരളസര്‍ക്കാര്‍ സ്വീകരിച്ച ഫലപ്രദമായ നീക്കങ്ങളെ രാജ്യാന്തര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ് അഭിനന്ദിച്ചു. “കര്‍ക്കശവും അതേസമയം മനുഷ്യത്വപരവു”മെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നടപടികളെ പത്രം വിശേഷിപ്പിച്ചത്. ഇന്ത്യയില്‍ കൊവിഡ് ബാധിച്ച ആദ്യസംസ്ഥാനമായിട്ടും പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറക്കാനും 34 ശതമാനത്തിന് രോഗവിമുക്തി നേടാനും കേരളത്തിനു സാധിച്ച കാര്യവും പത്രം എടുത്തു പറയുന്നു. ഇന്ന് കേരളം ചെയ്യുന്നതാണ് നാളെ ഇന്ത്യ ആലോചിക്കുന്നതെന്നാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഇന്ത്യാ ടുഡേ കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായി അഭിപ്രായപ്പെട്ടത്. ആദ്യമായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതും തുടക്കത്തില്‍ തന്നെ ലോക്ക്ഡൗണിലേക്ക് പോയതും സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹിക ക്ഷേമപരിപാടികള്‍ നടപ്പാക്കിയതുമെല്ലാമാണ് ഇതിന് ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ കൊറോണ കടന്നു വരുന്നതിന് മുമ്പ് തന്നെ കേരളം കരുതല്‍ നടപടികള്‍ എടുത്ത് ഊര്‍ജിതമായ പ്രതിരോധത്തിലേക്ക് നീങ്ങിയതും ദേശീയ മാധ്യമങ്ങള്‍ എടുത്തു പറയുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രനും സംസ്ഥാന സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

ഇതൊക്കെയാണെങ്കിലും കൊറോണ ബാധയും ലോക്ക്ഡൗണും കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളുടെ കാര്യത്തില്‍ അനുഭവിക്കുന്ന കേരള സമൂഹത്തിന്റെ നീറ്റലിനു ഇനിയും ശമനമായിട്ടില്ല. ഇക്കാര്യത്തില്‍ കൂടി ഫലപ്രദമായ പരിഹാരം കണ്ടെങ്കിലേ സംസ്ഥാന ഭരണകൂടത്തിന്റെ ദൗത്യം പൂര്‍ണമാകുകയുള്ളൂ.

---- facebook comment plugin here -----

Latest