ലോക്ഡൗണ്‍: രാജ്യത്ത് ഇന്ധന ഉപഭോഗത്തില്‍ വന്‍ ഇടിവ്

Posted on: April 10, 2020 5:14 pm | Last updated: April 10, 2020 at 5:14 pm

ന്യൂഡല്‍ഹി | കൊവിഡ് ലോക്ഡൗണില്‍ രാജ്യം നിശ്ചലമായപ്പോള്‍ ഇന്ധന ഉപഭോഗത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ഇന്ധന ഉപഭോഗത്തില്‍ 18 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഡീസല്‍, പെട്രോള്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനങ്ങള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞു.

പെട്രോളിയം ഉല്‍പന്ന ഉപഭോഗം 17.79 ശതമാനം ഇടിഞ്ഞ് 16.08 ദശലക്ഷം ടണ്ണാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ഡീസലിന്റെ ഡിമാന്‍ഡ് 24.23 ശതമാനം കുറഞ്ഞ് 5.65 ദശലക്ഷം ടണ്ണായി. ഡീസല്‍ ഉപഭോഗത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇത്. പെട്രോള്‍ വില്‍പ്പന 16.37 ശതമാനം ഇടിഞ്ഞ് 2.15 ദശലക്ഷം ടണ്ണായി.

കൊവിഡ് നിയന്ത്രണത്തിനായി മാർച്ച് 24നാണ് രാജ്യത്ത് 21 ദിവസത്തെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. മാർച്ചിൽ വെറും എട്ട് ദിവസം വാഹനങ്ങൾ നിരത്തുവിട്ടപ്പേഴുള്ള കണക്കാണ് ഇപ്പോൾ പുറത്തുവന്നത്.