Connect with us

Articles

അത്ര സുരക്ഷിതരല്ല നാം

Published

|

Last Updated

എന്തായാലും കൊവിഡ് 19 മഹാമാരിയെ ലോകം അതിജീവിക്കും. വൈദ്യശാസ്ത്രം അത്രമേല്‍ അധ്വാനിക്കുന്നുണ്ട്. ലോക രാഷ്ട്രീയ സമവാക്യങ്ങള്‍ തന്നെ മാറ്റി വരച്ചേക്കാവുന്ന ഈ വിപത്ത് ഓരോ രാജ്യങ്ങളിലെയും ഭരണാധികാരികള്‍ക്ക് ഉയര്‍ത്തിയിട്ടുള്ള വെല്ലുവിളി ചെറുതല്ല എന്നത് ജര്‍മന്‍ ധനകാര്യ മന്ത്രിയുടെ ആത്മഹുതി തെളിയിക്കുന്നുണ്ട്. ലോകം മുഴുവന്‍ അവര്‍ക്കാവുന്നത്ര ഊക്കില്‍ പോരാടുമ്പോള്‍ ഇന്ത്യ ചെയ്യുന്നത് എന്താണ് എന്നതാണ് പ്രശ്‌നം. ലോകത്തേറ്റവും കൂടുതല്‍ ജനങ്ങളുള്ള രണ്ടാമത്തെ രാജ്യത്തിന്റെ സ്ഥിതി അത്ര സുരക്ഷിതമല്ലെന്ന് വേണം കരുതാന്‍. കാരണം കേന്ദ്ര സര്‍ക്കാറിന് കൊറോണയെ പറ്റി കാര്യമായ ബോധമുദിക്കാന്‍ ഒരു മാസത്തിലേറെ സമയമെടുത്തു. ഇപ്പോഴും പൊരുതുന്നതത്രയും ചില സംസ്ഥാന സര്‍ക്കാറുകളാണ്.

കേന്ദ്രം അതിന്റെ ക്രെഡിറ്റ് വാങ്ങുന്നു എന്ന് മാത്രം.
രാജ്യത്ത് രോഗം റിപ്പോര്‍ട്ട് ചെയ്ത് 50 ദിവസമെങ്കിലും കഴിഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തത്. കൊവിഡ് ഭീഷണിയിലും, അതും എം പിമാര്‍ വരെ ക്വാറന്റൈനില്‍ പോകും വിധം രോഗ പടര്‍ച്ചയെ പറ്റിയുള്ള ഭീതിയും വിവാദങ്ങളും പാര്‍ലിമെന്റിനകത്ത് തന്നെ ഉണ്ടായപ്പോഴും മധ്യപ്രദേശിലെ കുതിരക്കച്ചവടത്തിനു പിന്തുണയായി ബജറ്റ് സമ്മേളനം നീട്ടിയ പ്രധാനമന്ത്രിക്ക് ഒരു തവണപോലും ലോക്‌സഭയിലോ രാജ്യസഭയിലോ വന്ന് സംസാരിക്കാന്‍ തോന്നിയില്ല. പകരം, നേരത്തേ റെക്കോര്‍ഡ് ചെയ്ത ഒരു പ്രസംഗം ലോകത്തെ കേള്‍പ്പിച്ചു. എന്നിട്ട് പ്രധാനമന്ത്രി എന്ത്‌നിര്‍ദേശിച്ചു എന്ന് ചോദിച്ചാല്‍, പാത്രം കൊട്ടാനും ചൂട്ട് കത്തിക്കാനും പറഞ്ഞു എന്നതുമായിരിക്കും.

ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള ഒരു ശ്രദ്ധേയമായ നടപടി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണ്. അതാകട്ടെ രാജ്യത്തിനെപ്പോഴും “സസ്‌പെന്‍സ്” നല്‍കാനുള്ള പ്രധാനമന്ത്രിയുടെ അതിയായ ആഗ്രഹം കൊണ്ട് വെറും നാല് മണിക്കൂര്‍ മുന്‍കൂറായി പ്രഖ്യാപിച്ചു നടപ്പാക്കി. പാതിരാത്രി 12 മണി മുതല്‍ സമ്പൂര്‍ണ നിശ്ചലാവസ്ഥയെന്ന് രാത്രി എട്ട് മണിക്ക് പ്രഖ്യാപിക്കുമ്പോള്‍ കൈയടിക്കാന്‍ മാളികപ്പുറത്തുള്ളവരുണ്ടാകുമെന്ന് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നോക്കിയത്. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും കാല്‍നടയായി നാനൂറും അഞ്ഞൂറും കിലോമീറ്ററുകള്‍ ദൂരമുള്ള ലക്ഷ്യസ്ഥാനങ്ങള്‍ നോക്കി നടക്കാന്‍ നിര്‍ബന്ധിതരായി. അപ്രതീക്ഷിത ലോക്ക്ഡൗണ്‍ മൂലം ആയിരക്കണക്കിനാളുകള്‍ ഡല്‍ഹിയിലെ അന്തര്‍സംസ്ഥാന ബസ് സ്‌റ്റേഷനുകളില്‍ തടിച്ചുകൂടിയത് ഒളിച്ചുവെക്കാന്‍ കൂടിയാണ് അതിനും ഒരാഴ്ച മുമ്പ് നടന്ന തബ്‌ലീഗ് സമ്മേളനത്തിന് പിന്നില്‍ മോദിയുടെ കുരക്കുന്ന മാധ്യമങ്ങള്‍ ക്യാമറ തൂക്കി പോയത്.
രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോഴും ഒരു ക്ഷേമപദ്ധതി ആവശ്യമാണെന്ന ധാരണ കേന്ദ്ര സര്‍ക്കാറിന് ഉണ്ടാകാന്‍ വീണ്ടും സമയമെടുത്തു. ഒരുലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ പാക്കേജാകട്ടെ തീരെ സുതാര്യമല്ലാത്തതുമായി. തൊഴിലുറപ്പു പദ്ധതിയുടെ ഫണ്ടും പി എം കിസാന്റെ ഫണ്ടും ജന്‍ ധന്‍ അക്കൗണ്ടിലൂടെയുള്ള സഹായനിധിയുമെല്ലാം വിതരണം ചെയ്യുമെന്നാണ് പാക്കേജ് പ്രധാനമായും പറയുന്നത്. കുടിശ്ശിക കെട്ടിക്കിടക്കുകയാണെന്നത് വേറെ കാര്യം. പി എം കിസാന്റെ 50 ശതമാനം ഗുണഭോക്താക്കള്‍ക്കുപോലും ഇപ്പോഴും ഇതിന്റെ ഫലമുണ്ടായിട്ടില്ലാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് ലോക്ക്ഡൗണ്‍ കാലത്ത് ഇത് വിതരണം ചെയ്യുകയെന്നത് പ്രസക്തമായ ആശങ്കയാണ്.

സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുന്ന ഇന്ത്യക്ക് ഇതിനുള്ള സ്രോതസ്സ് എന്താണെന്നതിനെപ്പറ്റി ചോദിച്ചാല്‍ മെലിഞ്ഞുണങ്ങിയ ബേങ്കിംഗ് മേഖല ചൂണ്ടിക്കാണിക്കുമായിരിക്കും. വിവിധ മേഖലകള്‍ തരം തിരിച്ചുള്ള ഒരു ദുരിതാശ്വാസ-ക്ഷേമ പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കണമായിരുന്നു എന്ന് നിര്‍ദേശിക്കുന്നത് അത്യാഗ്രഹമാണ് എന്നറിയാം.
സാമ്പത്തിക രംഗത്ത് കൊറോണ ഏല്‍പ്പിക്കുന്ന ആഘാതം തീരെ ചെറുതാകില്ലെന്ന് തിരിച്ചറിയാന്‍ ഇപ്പോഴെങ്കിലും കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞതില്‍ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വസിക്കാം. എന്നാല്‍ അതുകൊണ്ടൊന്നും ബി ജെ പി സര്‍ക്കാറിന്റെ രാഷ്ട്രീയ അജന്‍ഡകള്‍ മാറുന്നില്ലെന്ന് മനസ്സിലാക്കി ആശങ്കപ്പെടുകയുമാകാം. കഴിഞ്ഞ ദിവസം കൂടിയ ക്യാബിനറ്റ് യോഗമെടുത്ത തീരുമാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് രാഷ്ട്രപതി മുതല്‍ എം പിമാര്‍ വരെയുള്ളവരുടെ ശമ്പളം കുറച്ചതും എം പിമാരുടെ പ്രാദേശിക വികസന ഫണ്ട് വരുന്ന രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവെച്ചതുമാണ്. എം പിമാരുടെ ശമ്പളം വെട്ടിക്കുറച്ചത് നല്ല തീരുമാനമായിരിക്കും. പക്ഷേ, അവരുടെ പ്രാദേശിക വികസന ഫണ്ട് പിന്‍വലിക്കാനുള്ള തീരുമാനം നല്ലതാകുന്നത് ബി ജെ പിക്ക് മാത്രമാണ്. അതായത് കഴിഞ്ഞ പ്രളയ കാലത്തും ഇപ്പോള്‍ കൊറോണ പ്രതിസന്ധിയിലും കേന്ദ്രം കേരളത്തോട് കാണിച്ചതു പോലുള്ള അവഗണന ഇനി കൂടുതല്‍ രൂക്ഷമായി തുടരും. ബി ജെ പിയോട് രാഷ്ട്രീയമായി യോജിക്കാത്തവരെ പാഠം പഠിപ്പിക്കാനാണ് ഈ നീക്കം. ബി ജെ പി തീരുമാനിക്കുന്നതു പ്രകാരം ഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ കൂട്ടിയും കുറച്ചും ഇനി ഫണ്ട് നീക്കും.

കേരളത്തിലെ തന്നെ ഉദാഹരണമെടുക്കാം. സംസ്ഥാനത്തെ മുഴുവന്‍ എം പിമാരും അവരവരുടെ മണ്ഡലങ്ങളില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെയ്തതെല്ലാം അവരുടെ എം പി ഫണ്ട് ഉപയോഗിച്ചാണ്. രാജ്യത്തെ മുഴുവന്‍ ലോക്‌സഭാ മണ്ഡലങ്ങളിലെയും ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ അതാത് മണ്ഡലങ്ങളിലെ ജനപ്രതിനിധികള്‍ക്കും ദിശാ കമ്മിറ്റികള്‍ക്കും കഴിയുന്നതുപോലെ എങ്ങനെയാണ് ഡല്‍ഹിയിലെ ഉദ്യോഗസ്ഥ കോക്കസിനു കഴിയുക.
കേന്ദ്ര സര്‍ക്കാറിന് ഫണ്ട് കണ്ടെത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞ അഞ്ച് നിര്‍ദേശങ്ങള്‍ പാകമാണ്. അതില്‍ പ്രത്യേകിച്ച് മൂന്നെണ്ണം മോദി സര്‍ക്കാറിന് ഒരിക്കലും നടപ്പാക്കാന്‍ പറ്റുമെന്ന് തോന്നാത്തവയുമാണ്. ഒന്ന്, സര്‍ക്കാറിന്റെ പരസ്യങ്ങള്‍ നിര്‍ത്തുക. രണ്ട്, സര്‍ക്കാര്‍ പ്രതിനിധികളുടെയും ഭരണകര്‍ത്താക്കളുടെയും വിദേശ യാത്രകള്‍ നിര്‍ത്തലാക്കുകയോ ഗണ്യമായി വെട്ടിച്ചുരുക്കുകയോ ചെയ്യുക. മൂന്ന്, പി എം കെയര്‍ എന്ന ദുരൂഹമായ പുതിയ സംവിധാനത്തില്‍ നിന്ന് അതിലേക്ക് സ്വരൂപിച്ച പണമെല്ലാം സുതാര്യതക്ക് വേണ്ടി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുക. പരസ്യം വേണ്ടെന്നു വെച്ചും, വിദേശ യാത്രകള്‍ ഒഴിവാക്കിയും സുതാര്യത ഉറപ്പുവരുത്തിയും ഭരിക്കാനാണെങ്കില്‍ ബി ജെ പി ഈ പണിക്ക് വരുമായിരുന്നോ എന്ന് ചോദിക്കരുത്.

സാമ്പത്തിക രംഗത്ത് വന്ന അപാകതകള്‍ക്ക് പുറമെ ആരോഗ്യ രംഗത്തും വലിയ വീഴ്ചകളാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. കൊവിഡ് 19ന് എതിരായ പോരാട്ടത്തില്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ സ്വന്തം ജീവന്‍ ബലികൊടുക്കാന്‍ തയ്യാറായാണ് രംഗത്തുള്ളത്. പതിനായിരക്കണക്കിന് ഡോക്ടര്‍മാരും നഴ്സുമാരും മറ്റു സന്നദ്ധ സേവകരുമടങ്ങുന്ന യഥാര്‍ഥ പോരാളികള്‍ക്ക് വേണ്ടി പാത്രം കൊട്ടുന്നതിലും വെളിച്ചം കത്തിച്ചു നില്‍ക്കുന്നതിലും അപ്പുറം മോദി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. അവര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പുവരുത്താന്‍ കേന്ദ്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാസ്‌കുകള്‍, സാനിറ്റൈസറുകള്‍ എന്നിവക്ക് വിലനിയന്ത്രണം കൊണ്ടുവന്നത് മാറ്റിനിര്‍ത്തിയാല്‍ ഇവ ആവശ്യത്തിന് ലഭ്യമാക്കാനുള്ള നടപടികള്‍ ഇതുവരെ സര്‍ക്കാര്‍ ചെയ്തിട്ടില്ല. ആരോഗ്യരംഗം കണ്‍കറന്റ് ലിസ്റ്റായതുകൊണ്ട് രാജ്യം കുറച്ചെങ്കിലും പിടിച്ചു നില്‍ക്കുന്നു എന്നതാണ് സത്യം.

ഫെബ്രുവരി ആദ്യവാരം മുതല്‍ കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി കൊറോണയെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടായിരുന്നു. അപ്പോഴെല്ലാം സര്‍ക്കാര്‍ അവയെല്ലാം അവഗണിക്കുകയും ബി ജെ പിയുടെ ഐ ടി സെല്ലുകളും “മോഡിയ”കളും രാഹുല്‍ ഗാന്ധിക്ക് വിഡ്ഢി വേഷം കൊടുത്താഘോഷിക്കുകയും ചെയ്തു. മാര്‍ച്ച് 19 വരെ പി പി ഇ കിറ്റുകളുടെ കയറ്റുമതി ഇവിടെയുണ്ടായിരുന്നു. അതായത് രാജ്യത്ത് ആവശ്യത്തിനുള്ള സ്റ്റോക്ക് ഇല്ലാതെ വാണിജ്യ താത്പര്യങ്ങള്‍ക്കാണ് കേന്ദ്രം മുന്‍ഗണന നല്‍കിയതെന്ന് സാരം.

പോരാത്തതിന് ഇതേ സമയത്ത് ഇസ്‌റാഈലുമായി ഒരു ആയുധക്കരാറില്‍ ഏര്‍പ്പെടാനും മോദി സര്‍ക്കാറിന് നേരമുണ്ടായതാണ് അതിശയം. അത്ഭുതപ്പെടാനെന്തിരിക്കുന്നു, ഇസ്‌റാഈല്‍ ഇന്ത്യയുടെ പുതിയ നല്ല സുഹൃത്താണല്ലോ!
ലോകത്ത് കൊറോണക്കെതിരായുള്ള പോരാട്ടത്തില്‍ വിജയം ഉണ്ടെന്ന് ഇതുവരെ കരുതപ്പെടുന്ന ദക്ഷിണ കൊറിയ, നോര്‍വെ, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ കൊവിഡ് 19നെ പ്രതിരോധിച്ചിരിക്കുന്നത് രോഗത്തെ തിരഞ്ഞു പിടിച്ചാണ്. എന്നാല്‍ ഇന്ത്യയില്‍ അത് മറച്ചുവെച്ചാണെന്ന് പറയേണ്ടിവരും. മതിയായ ടെസ്റ്റുകള്‍ നടത്താന്‍ വേണ്ട സൗകര്യങ്ങളേര്‍പ്പെടുത്തിയതും അവബോധവും ആര്‍ജവവും കാണിച്ചതും ഒരുപക്ഷേ കേരളം മാത്രമാണ്. പത്ത് ലക്ഷം പേരുടെ അനുപാതത്തില്‍ ദക്ഷിണ കൊറിയയില്‍ ഇരുപതിനായിരത്തോളം പേരെയെങ്കിലും ടെസ്റ്റ് ചെയ്യുമ്പോള്‍ ഇന്ത്യയുടെ കണക്ക് നൂറില്‍ താഴെയാണ്. ടെസ്റ്റില്ല, രോഗവുമില്ല എന്ന യുക്തിയാണ് ഇവിടെ. ഈ സാഹചര്യം അതിഭയാനകമാണെന്ന് ഇതിനകം പല ദിക്കുകളില്‍ നിന്നും മുന്നറിയിപ്പുകള്‍ വന്നുകഴിഞ്ഞു. രോഗം സ്ഥിരീകരിച്ചവരുടെ സാമൂഹിക സമ്പര്‍ക്കം കണ്ടുപിടിക്കാനുള്ള കെല്‍പ്പ് ഒരുപക്ഷേ, കേരളത്തിനപ്പുറത്ത് ഒന്നോ രണ്ടോ സംസ്ഥാനങ്ങള്‍ക്ക് കാണും. എന്തായാലും കേന്ദ്ര സര്‍ക്കാറിന് ഇതിലൊന്നും താത്പര്യമില്ല. ഫോണ്‍ വിളിച്ചാല്‍ കേള്‍ക്കുന്ന ചുമയോടു കൂടിയുള്ള സന്ദേശവും ലോക്ക്ഡൗണും തന്നെയാണ് കേന്ദ്ര സര്‍ക്കാറിന്റെ വജ്രായുധങ്ങള്‍.

കൊവിഡ് 19 പ്രതിരോധത്തിന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്തപ്പോള്‍ കേരളത്തിന് കിട്ടിയത് 157 കോടി രൂപ മാത്രം. 11,092 കോടിയുടെ ഫണ്ടില്‍ വെറും 1.4 ശതമാനം മാത്രം. ഏറ്റവും കൂടുതല്‍ കൊവിഡ് 19 ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. എന്നിട്ടും കേരളത്തോടുള്ള ഈ അവഗണന നേരത്തേ പറഞ്ഞ രാഷ്ട്രീയമായ വിരോധത്തിന് പുറമെ കൊവിഡിനെതിരായുള്ള പോരാട്ടത്തില്‍ കേരളം മുന്നില്‍ പോകുന്നതിന്റെ ദുരഭിമാനം കൂടിയാണ് എന്ന് മനസ്സിലാക്കണം.

Latest