Connect with us

Articles

യുദ്ധമുഖത്ത് നിരായുധരാണിവര്‍

Published

|

Last Updated

ഇതൊരു യുദ്ധമാണ്. നേരിട്ടു കാണാന്‍ കഴിയാത്ത ശത്രുവിനെതിരെയാണ് നാം പോരാടുന്നത്. ഭരണകൂട വക്താക്കള്‍ ആവര്‍ത്തിച്ചു പറയുന്ന ഒരു വാചകമാണിത്. ഈ പോരാട്ടത്തിലെ മുന്നണി പോരാളികള്‍ക്ക് മട്ടുപ്പാവിലിരുന്നു കൈയടിക്കൂ, ലൈറ്റുകളണച്ച് വിളക്കു കൊളുത്തൂവെന്നുകൂടി ഏറ്റവും സുരക്ഷിതമായ ഒരിടത്തു നിന്നുകൊണ്ട് അവര്‍ ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഭരണകൂടത്തോടു ചോദിക്കുന്ന ഒരേയൊരു ചോദ്യം ഇങ്ങനെയാണ്. ആയുധങ്ങളില്ലാതെ നിങ്ങള്‍ സൈനികരെ യുദ്ധമുഖത്തേക്ക് അയക്കാറുണ്ടോ? ഈ ഒറ്റ ചോദ്യം ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകരുടെ സേവനത്തെ സാക്ഷ്യപ്പെടുത്തുന്ന, ലോകം മുഴുക്കെ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രമുണ്ട്. ഇന്ത്യയിലെ വന്‍ നഗരങ്ങളിലൊന്നായ കൊല്‍ക്കത്തയിലെ ബെലെഘട്ട ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ മഴക്കോട്ട് ധരിച്ച് കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ചിത്രമാണത്. പിന്നെയും ചിത്രങ്ങളും വാര്‍ത്തകളും ധാരാളമായി വന്നു. കിഴക്കന്‍ ഹരിയാനയിലെ ഇ എസ് ഐ ആശുപത്രിയിലെ ഒരു ഡോക്ടര്‍, താന്‍ ബൈക്ക് റെയ്ഡിനു ഉപയോഗിക്കുന്ന ഹെൽമെറ്റു ധരിച്ചാണ് കൊവിഡ് രോഗികളെ ചികിത്സിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോടു തുറന്നു പറഞ്ഞു. വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന എന്‍ 95 മാസ്‌കുകള്‍ ലഭ്യമാകാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍, സുരക്ഷാ സാമഗ്രികളുടെ കുറവ് മൂലം രാജ്യത്ത് പലയിടത്തും ഡോക്ടര്‍മാര്‍ മഴക്കോട്ടുകളും ഹെല്‍മെറ്റുകളും ആണ് സുരക്ഷക്കായി ഉപയോഗിക്കുന്നതെന്നു വിവിധ വാര്‍ത്താ ഏജന്‍സികള്‍ നിരന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എല്ലാവരും സുരക്ഷാ ഉപകരണങ്ങളില്ലാതെയാണ് ഇപ്പോള്‍ സേവനം ചെയ്യുന്നത്.
ഇപ്പോള്‍ രാജ്യത്തെ പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് ഏറെ പ്രാധാന്യത്തോടെ പുറത്തുവരുന്ന രണ്ട് വാര്‍ത്തകളുണ്ട്. ഒന്ന് ഡോക്ടര്‍മാരുടെ തുടരെത്തുടരെയുള്ള രാജിയാണ്. രണ്ടാമത്തേത് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 പിടിപെട്ടിരിക്കുന്നുവെന്നതാണ്. ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കാത്തതു കൊണ്ട് നിരവധി ഡോക്ടര്‍മാര്‍ പടിയിറങ്ങി. ഡല്‍ഹിയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ പലയാവര്‍ത്തി ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞതാണ്.

ഇവിടെ സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെയാണ് തങ്ങള്‍ ജോലി ചെയ്യുന്നത്. സുരക്ഷാ ഉപകരണങ്ങള്‍ ലഭിച്ചില്ലെങ്കില്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാകുമെന്നും ഇവര്‍ മുന്നറിയിപ്പ് തന്നു. മുംബൈ നഗരത്തിലെ ഒരു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചതോടെ നിരവധി ആശുപത്രികളാണ് അടച്ചിട്ടിരിക്കുന്നത്. ആശുപത്രികളെ കണ്ടയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്നുവെന്ന വാര്‍ത്തയാണ് ഓരോ ദിവസവും മുംബൈ നഗരത്തില്‍ നിന്ന് പുറത്തുവരുന്നത്. ഡല്‍ഹിയില്‍ ഡോക്ടര്‍മാരും മലയാളി നഴ്സുമാരുമടക്കം 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമാണ്. കൊല്‍ക്കത്ത, ഇന്‍ഡോര്‍, അഹമ്മദാബാദ് തുടങ്ങി രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും കേള്‍ക്കുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നുവെന്ന വാര്‍ത്തയാണ്. ആയുധങ്ങളില്ലാത്ത ഒരു സൈന്യത്തിനു എന്താണോ സംഭവിക്കാന്‍ പോകുന്നത് അതു തന്നെ ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംഭവിക്കുമോ എന്ന ഭയം മാത്രമാണ് ബാക്കി നില്‍ക്കുന്നത്.

ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയുടെയും നിരീക്ഷണ പാടവത്തിന്റെ അഭാവത്തിന്റെയും ഫലമാണ് ഇന്ത്യ ഇപ്പോള്‍ അനുഭവിക്കുന്നത്. ലോകം മുഴുക്കെ കൊവിഡ് പടരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഇന്ത്യ ഒരു മാര്‍ഗവും സ്വീകരിച്ചിരുന്നില്ല. ഇന്ത്യയില്‍ കേസുകള്‍ സ്ഥിരീകരിക്കപ്പെടുമ്പോഴും ഇന്ത്യയില്‍ നിന്ന് സുരക്ഷാ ഉപകരണങ്ങള്‍ ആവോളം വിമാനം കയറിയിരുന്നു. ഇന്ത്യയിലെ സ്റ്റോക്ക് ഉറപ്പു വരുത്താതെയായിരുന്നു ഈ കയറ്റുമതി. ജനുവരി 31നു മാത്രമാണ് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഫെബ്രുവരി എട്ടിന് ഈ നിരോധനത്തില്‍ ഇളവു കൊണ്ടുവന്നു. പിന്നീട് ഫെബ്രുവരി 19നാണ് നിരോധനം പുനഃസ്ഥാപിച്ചത്. ലോകത്ത് കൊവിഡ് വ്യാപനം നടക്കുന്നുവെന്ന വിവരങ്ങള്‍ വന്നപ്പോഴൊക്കെ രാജ്യത്തെ മെഡിക്കല്‍ കമ്പനികള്‍ സര്‍ക്കാറിനെ ബന്ധപ്പെട്ടിരുന്നു. നമ്മളെന്തു ചെയ്യണമെന്നായിരുന്നു അവര്‍ ഭരണകൂടത്തോട് ചോദിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാറിനു കൃത്യമായ മറുപടികളില്ലായിരുന്നു. കൊവിഡ് വ്യാപന സാഹചര്യത്തില്‍ ഏത് മാനദണ്ഡപ്രകാരമുള്ള പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കണമെന്നു ചോദിച്ച് ഫെബ്രുവരി രണ്ടാം വാരത്തിനു ശേഷം പി പി ഇ കിറ്റ് നിര്‍മിക്കുന്ന കമ്പനികള്‍ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്നു. ഒരു മാസവും ദിവസങ്ങളും കഴിഞ്ഞ് മാര്‍ച്ച് അവസാന വാരത്തിനു തൊട്ടു മുമ്പാണ് നമ്മുടെ ആരോഗ്യ മന്ത്രാലയം ഇതിനു മറുപടി നല്‍കിയത്. അപ്പോഴേക്കും രാജ്യത്തെ കമ്പനികളുടെ ഉത്പാദന ക്ഷമതയേക്കാളും കൂടുതല്‍ പി പി ഇ കിറ്റുകള്‍ അത്യാവശ്യമായി വന്നു. നിങ്ങള്‍ കൂടുതല്‍ ഉത്പാദിപ്പിക്കൂവെന്നാണ് ഇപ്പോള്‍ ഭരണകൂടം കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കിറ്റുകള്‍ നിര്‍മിക്കുന്നതിനു ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം കമ്പനികള്‍ അനുഭവിക്കുന്നുണ്ട്. ഓരോ ദിവസവും ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് ആവശ്യമായി വരികയും ചെയ്യുന്നു.

കൊവിഡ് പ്രതിരോധത്തിനായി രണ്ട് കോടി 70 ലക്ഷം എന്‍ 95 മാസ്‌കുകളും ഒരു കോടി 50 ലക്ഷം മറ്റു വ്യക്തിഗത സുരക്ഷാ സാമഗ്രികളും 10 ലക്ഷത്തിലധികം ടെസ്റ്റിംഗ് കിറ്റുകളും 50,000 വെന്റിലേറ്ററുകളുമാണ് ഇനി ആവശ്യമുള്ളതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇതിന്റെ നിര്‍മാണങ്ങള്‍ക്കായുള്ള അതിതീവ്ര ശ്രമത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. നിതി ആയോഗ് സി ഇ ഒ അമിതാഭ് കാന്തിന്റെ നേതൃത്വത്തിലുള്ള സംഘം രാജ്യത്തെ സ്വകാര്യ കമ്പനികളുടെയും രാജ്യാന്തര കമ്പനികളുടെയും വിവിധ എന്‍ ജി ഒകളുടെയും പ്രതിനിധികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും വേഗത്തില്‍ ലഭ്യമാക്കുമെന്നുമാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. അടുത്ത ജൂണ്‍ മാസത്തോടെ ഇത് ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ അവകാശവാദം.

നിലവില്‍ ഇന്ത്യയില്‍ കൊവിഡ് ബാധ സാമൂഹിക വ്യാപനത്തിലേക്ക് കടന്നിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരിലോ അവരുമായി ബന്ധപ്പെട്ടവരിലോ മാത്രമാണ് വൈറസ് ബാധ ഒതുങ്ങി നില്‍ക്കുന്നത്. മൂന്നാം ഘട്ടമായ സാമൂഹിക വ്യാപനത്തിലേക്ക് കടന്നിട്ടില്ല. 21 ദിവസത്തെ ലോക്ക്ഡൗണ്‍ ഇക്കാര്യത്തില്‍ ഇന്ത്യയെ വലിയ രീതിയില്‍ രക്ഷിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സാമൂഹിക വ്യാപനത്തിന്റെ ഘട്ടത്തിലേക്ക് പ്രവേശിച്ചാല്‍ ദുരന്തപൂര്‍ണമായ ഒരു പര്യവസാനമായിരിക്കും അതിനുണ്ടാകുകയെന്നാണ് ഇന്ത്യയിലെ മെഡിക്കല്‍ സംവിധാനങ്ങളിലെ അപര്യാപ്തത സൂചിപ്പിക്കുന്നത്. ഈ പരിമിതികള്‍ക്കിടയിലും സേവന സന്നദ്ധരായി ഇറങ്ങിയ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ബാക്കി വരുന്ന പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും മറ്റു ആരോഗ്യ പ്രവര്‍ത്തകരുടെയും കഠിന പ്രയത്നം കൊണ്ടുമാത്രമാണ് ഇന്ത്യ പിടിച്ചു നില്‍ക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഏറ്റവും അവസാനം വിജയത്തിന്റെ വീതം വെപ്പ് നടക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ വിഹിതം വളരെ കുറവായിരിക്കുമെന്ന് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ട്. വീട്ടിനകത്തിരിക്കുന്ന ജനങ്ങള്‍ക്ക് ഇടക്കിടെ ചിരിക്കാന്‍ അവസരം നല്‍കിയ പ്രധാനമന്ത്രിയുടെ ടാസ്‌കുകള്‍ മാത്രമായിരിക്കും വീതം വെപ്പിലെ കേന്ദ്രത്തിന്റെ ഏറ്റവും വലിയ വിഹിതം.

Latest